അഞ്ചുവർഷത്തിനിടെ കർണാടകയിൽ പൂട്ടിയത് 947 സ്കൂളുകൾ
India
അഞ്ചുവർഷത്തിനിടെ കർണാടകയിൽ പൂട്ടിയത് 947 സ്കൂളുകൾ
മുഹമ്മദ് നബീല്‍
Saturday, 14th February 2026, 11:56 am

ബെംഗളൂരു: കർണാടകയിൽ 2020 – 21 മുതൽ 2024 – 25 വരെയുള്ള കാലയളവിൽ പൂട്ടിയത് 947 സ്കൂളുകൾ.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം രാജ്യസഭയിൽ അവതരിപ്പിച്ച രേഖയിലാണ് ഈ കണക്ക് പ്രതിപാദിക്കുന്നത്.

അഞ്ചുവർഷത്തിനിടെ സംസ്ഥാനത്തെ ആകെ സ്കൂളുകളുടെ എണ്ണം 49791 ൽ നിന്നും 48844 ആയി കുറഞ്ഞെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രായലയം നൽകിയ രേഖയിലുള്ളത്.

ആകെ അടച്ചുപൂട്ടിയ 947 സ്കൂളുകളിൽ 676 സ്കൂളുകൾ 2023 മെയ് മാസത്തിൽ അധികാരത്തിലേറിയ കോൺഗ്രസ് ഭരണ കാലത്തും, 271 സ്കൂളുകൾ 2020 – 23 കാലത്തെ ബി.ജെ.പി സർക്കാർ കാലത്തുമാണ് പൂട്ടിയത്.

അതേസമയം കർണാടക സ്കൂൾ വിദ്യാഭ്യാസ സാക്ഷരത വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 2025 ഒക്ടോബർ വരെ സംസ്ഥാനത്ത് 46174 സ്കൂളാണുള്ളത്. രാജ്യസഭയിൽ സമർപ്പിച്ചതിനേക്കാൾ 2670 സ്കൂളുകൾ കുറവാണ് സംസ്ഥാന സർക്കാരിന്റെ കണക്കിലുള്ളത്.

എന്നാൽ 2025 – 26 കാലയളവിൽ ഒരു സ്കൂൾ പോലും സ്ഥിരമായി പൂട്ടിയിട്ടില്ലെന്നും താൽകാലികമായി മാത്രമാണ് പൂട്ടിയതെന്നും കർണാടക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ നിയമസഭയിൽ പറഞ്ഞു.

2015 – 16 കാലയളയിൽ 47 .1 ലക്ഷം വിദ്യാർത്ഥികൾ ഉണ്ടായിരുന്ന സർക്കാർ സ്കൂളുകളിൽ 2025 – 26 ആയപ്പോഴേക്കും 36 . 3 ലക്ഷം വിദ്യാർത്ഥികളായി കുറഞ്ഞു. 19 ശതമാനത്തിന്റെ കുറവാണ് പത്തുവർഷത്തിനുള്ളിൽ ഉണ്ടായിട്ടുള്ളത്.

ഇതേസമയം സംസ്ഥാനത്തെ സ്വകാര്യ സ്കൂളുകളിൽ 36 . 3 ലക്ഷം വിദ്യാർത്ഥികൾ ഉണ്ടായിരുന്നിടത് നിന്നും 47 ലക്ഷം വിദ്യാർഥികളായി ഉയർന്നു. 29 ശതമാനത്തിന്റെ വർധനവാണുണ്ടായിട്ടുള്ളത്.

Content Highlight: Political storm in Karnataka as Congress govt shuts down 676 schools, Rajya Sabha data shows 947 closures since 2020

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം