കഴിഞ്ഞ ദിവസമായിരുന്നു ‘ഫ്രണ്ട്‌സ്’ സിറ്റ്കോമിലൂടെ മലയാളികള്‍ക്കിടയില്‍ പോലും പ്രശസ്തനായ അമേരിക്കന്‍-കനേഡിയന്‍ നടന്‍ മാത്യു പെറി മരിച്ച വാര്‍ത്തകള്‍ പുറത്ത് വന്നത്. അദ്ദേഹത്തെ ലോസ് ഏഞ്ചല്‍സിലെ വീട്ടിലെ ഹോട് ടബ്ബില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ആ വാര്‍ത്ത മാത്യു പെറിയുടെ ആരാധകരെ വളരെയധികം ഞെട്ടിച്ചിരുന്നു. മരണ വാര്‍ത്ത വന്നതിന് പിന്നാലെ ലോകത്തിന്റെ പല ഭാഗത്ത് നിന്നും സെലിബ്രറ്റികള്‍ ഉള്‍പെടെയുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ മരണത്തിലുള്ള തങ്ങളുടെ ദുഃഖമറിയിച്ചിരുന്നു. മാത്യു പെറിയുടെ പെട്ടെന്നുള്ള മരണമുണ്ടാക്കിയ ഞെട്ടല്‍ ഇപ്പോഴും പലര്‍ക്കും വിട്ടുമാറിയിട്ടില്ല.
എന്നാല്‍ അമേരിക്കന്‍ പോഡ്കാസ്റ്ററും കൊമേഡിയനുമായ കെവിന്‍ ബ്രണ്ണന്‍ തന്റെ എക്‌സ് അക്കൗണ്ടിലിട്ട പോസ്റ്റാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്നത്. മാത്യു പെറിയുടെ മരണത്തെ കളിയാക്കി കൊണ്ടായിരുന്നു ആ പോസ്റ്റ്.

മാത്യു പെറിയുടെ മരണം റിപ്പോര്‍ട്ട് ചെയ്ത് അമേരിക്കന്‍ സെലിബ്രറ്റി ന്യൂസ് വെബ്‌സൈറ്റായ TMZ ഇട്ട പോസ്റ്റ് ഷെയര്‍ ചെയ്യുകയായിരുന്നു കെവിന്‍. അതിനൊപ്പം ‘ഹോട് ടബ്ബില്‍ മുങ്ങി മരിച്ചു. ഹഹഹ’ എന്ന ക്യാപ്ഷനും ചേര്‍ത്തിരുന്നു.
എന്നാല്‍ കെവിന്റെ മനുഷ്യത്വരഹിതമായ ഈ പോസ്റ്റ് ലോകമെമ്പാടുമുള്ള മാത്യു പെറി ആരാധകരെ പ്രകോപിച്ചു. നിരവധിയാളുകള്‍ എക്‌സിലെ പോസ്റ്റിനെ വിമര്‍ശിച്ചു കൊണ്ട് മുന്നോട്ട് വന്നു. പിന്നാലെ പെറിയുടെ മരണത്തെ പരിഹസിക്കുന്ന കെവിന്റെ പോസ്റ്റിനെ പറ്റി TMZ റിപ്പോര്‍ട്ട് ചെയ്തു. ഇതിന് കെവിന്‍ നല്‍കിയ മറുപടി മറ്റുള്ളവരെ കൂടുതല്‍ ചൊടിപ്പിക്കുന്നതായിരുന്നു. ‘ഞാന്‍ പരിഹസിച്ചതല്ല. തമാശയായി തോന്നിയത് കൊണ്ടാണ്. എന്നാല്‍ ജങ്കികള്‍ മരിക്കുന്നത് ഞാന്‍ ഇഷ്ടപ്പെടുന്ന കാര്യമാണ്,’ എന്നതായിരുന്നു ആ മറുപടി.
അതിന് താഴെ ഒരാള്‍ കെവിനോട് എങ്ങനെയാണ് ഹോട് ടബ്ബില്‍ മുങ്ങി മരിക്കുന്നത് ഒരു തമാശയാകുന്നതെന്ന് ചോദിച്ചിരുന്നു. അതിനുള്ള കെവിന്റെ മറുപടി ഹോട് ടബ്ബ് അത്ര ആഴമുള്ളതല്ല എന്നായിരുന്നു. മാത്യു പെറിയുടെ മരണത്തെ കെവിന്‍ ഇത്തരത്തില്‍ തമാശയാക്കിയതില്‍ ഒരുപാടാളുകള്‍ കെവിനെതിരെ പ്രതികരണവുമായി വന്നിട്ടുണ്ട്.
മാത്യു പെറി ഒരു സമയത്ത് താന്‍ ഡ്രഗിന് അടിമപെട്ട കാര്യം സ്വയം വെളിപ്പെടുത്തിയിരുന്നു. ഫ്രണ്ട്സിന്റെ മൂന്ന് മുതല്‍ ആറ് വരെയുള്ള സീസണുകള്‍ തനിക്ക് ഓര്‍മയില്ലെന്ന് 2016ല്‍ ബ്രിട്ടണിലെ ബി.ബി.സി റേഡിയോയുടെ അഭിമുഖത്തില്‍ അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു. അദ്ദേഹം ഇത്തരത്തില്‍ ഒരു സമയത്ത് ഡ്രഗിന് അടിമപെട്ടത് കൊണ്ടാകണം കെവിന്‍ പെറിയെ ജങ്കികളെന്ന് വിളിച്ചതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
എങ്കിലും മരണപ്പെട്ട ഒരാളെ പറ്റി കെവിന്‍ തമാശയാക്കി കൊണ്ട് സംസാരിക്കുന്നത് മറ്റുള്ളവരുടെ ശ്രദ്ധപിടിച്ചു പറ്റാന്‍ വേണ്ടിയാണെന്ന് വ്യാപക വിമര്‍ശനങ്ങളുണ്ട്. മിസറി ലവ്‌സ് കമ്പനി പോഡ്കാസ്റ്റിന്റെ അവതാരകനാണ് കെവിന്‍ ബ്രണ്ണന്‍. 1999ലും 2000ലും സാറ്റര്‍ഡേ നൈറ്റ് ലൈവിന്റെ വീക്കെന്‍ഡ് അപ്‌ഡേറ്റിലൂടെയാണ് അദ്ദേഹം കൂടുതല്‍ അറിയപ്പെടുന്നത്. 2005 ലെ ആസ്പന്‍ കോമഡി ഫെസ്റ്റിവലില്‍ ബ്രണ്ണന്‍ ‘ബെസ്റ്റ് കൊമേഡിയന്‍’ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
Content Highlight: Podcaster Kevin Brennan Tweeted Disparaging Matthew Perry’s death
