മോദി, അമിത് ഷാ - ജെന്‍ സീയെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല: രാഹുല്‍ ഗാന്ധി
India
മോദി, അമിത് ഷാ - ജെന്‍ സീയെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല: രാഹുല്‍ ഗാന്ധി
റെന്വര്‍ പി
Friday, 31st July 2026, 11:11 am

ന്യൂദല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച അടക്കമുള്ള വിഷയങ്ങളില്‍ ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുക്കുന്നതിലും അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നതിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷാക്കുമെതിരെ പ്രതിഷേധം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

ജെന്‍ സീ തലമുറയെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാന്‍ സാധിക്കില്ലെന്നും ആദ്യം അവരുടെ എല്ലുകള്‍ തകര്‍ത്തവര്‍ ഇപ്പോള്‍ അവര്‍ക്കെതിരെ കേസെടുക്കുകയും സോഷ്യല്‍ മീഡിയ വിലക്കേര്‍പ്പെടുത്തുകയുമാണെന്നും രാഹുല്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു രാഹുലിന്റെ പ്രതികരണം.

‘പ്രധാനമന്ത്രി മോദി, അമിത് ഷാ – ജെന്‍ സീയെ ഭീഷണിപ്പെടുത്തി നിശബ്ദതരാക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല.

നിങ്ങള്‍ ആദ്യം അവരുടെ എല്ലുകള്‍ തകര്‍ത്തു. ഇപ്പോള്‍ നിങ്ങള്‍ അവര്‍ക്കെതിരെ എഫ്.ഐ.ആറുകള്‍ ഫയല്‍ ചെയ്യുന്നു, അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ റിമൂവ് ചെയ്യുന്നു,’ രാഹുല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

‘ നിങ്ങള്‍ ഇന്ത്യയുടെ ഭൂതകാലമാണ്. ഇന്ത്യയുടെ ഭാവിയെ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക,’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിഷേധത്തിനെതിരായ പൊലീസ് അതിക്രമങ്ങളില്‍ മോദിയെയും അമിത് ഷായെയും രാഹുല്‍ കഴിഞ്ഞ ദിവസങ്ങളിലും വിമര്‍ശിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കെതിരായ ക്രൂരമായ അക്രമത്തെക്കുറിച്ച് പാര്‍ലമെന്റില്‍ വന്ന് വിശദീകരിക്കാന്‍ അമിത് ഷാ എന്തിനാണ് ഭയപ്പെടുന്നതെന്ന് രാഹുല്‍ ഇന്നലെ (ജൂലൈ 30, വ്യാഴം) ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചിരുന്നു.

കുറ്റബോധം കാരണമാണ് അമിത് ഷാ വരാത്തതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ രാഹുല്‍ അഭിപ്രായപ്പെട്ടു. പ്രതിഷേധക്കാര്‍ക്കെതിരായ പൊലീസ് അതിക്രമങ്ങളുടെ ചിത്രങ്ങളും രാഹുല്‍ ഈ പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കെതിരായ പൊലീസ് അതിക്രമങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് അമിത് ഷാ രാജി വെക്കണമെന്നതടക്കമുള്ള ആവശ്യങ്ങളും രാഹുല്‍ ഉന്നയിച്ചിരുന്നു.

നീറ്റ് പ്രതിഷേധം അവസാനിച്ച ശേഷവും പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുക്കുന്നത് പൊലീസ് തുടര്‍ന്നിരുന്നു. പ്രതിഷേധക്കാര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കണമെന്ന് സി.ജെ.പിയുമായി നടത്തിയ ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. പുതിയ കേസുകള്‍ ചുമത്തില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു.

എന്നാല്‍ പല സംസ്ഥാനങ്ങളിലും ഈ ഉറപ്പിന് ശേഷവും കേസുകള്‍ പിന്‍വലിച്ചിരുന്നില്ല. ഒപ്പം പുതുതായി കേസുകളെടുക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുക്കുന്നതിന് പുറമെ പ്രതിഷേധത്തെ അനുകൂലിച്ച സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നീക്കം ചെയ്യാനുള്ള നടപടികളും കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. സമരത്തെ പിന്തുണച്ച് കണ്ടന്റുകള്‍ പോസ്റ്റ് ചെയ്ത സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ കുറച്ച് ദിവസമായി പുറത്തു വരുന്നുണ്ട്.

രാജ്യത്തെ ഭരണാധികാരികളെ ലക്ഷ്യം വെക്കുന്ന തരം ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ എക്സിന് ദല്‍ഹി പൊലീസ് കഴിഞ്ഞ ദിവസം കത്തെഴുതിയിരുന്നു. ഭരണാധികാരികളെ ലക്ഷ്യംവെക്കുന്ന ‘അപമാനകരവും, അപകീര്‍ത്തികരവുമായ ഉള്ളടക്കം’ നീക്കം ചെയ്യണമെന്നാണ് കത്തില്‍ പറയുന്നത്. ഇതിന് പുറമെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറാനും ദല്‍ഹി പൊലീസ് എക്‌സിന് അയച്ച കത്തില്‍ പറയുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: PM Modi and Amit Shah – you cannot threaten Gen Z into silence- Rahul Gandhi

 <

റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.