ന്യൂദല്‍ഹി: കഠ്‌വ, ഉന്നാവോ സംഭവങ്ങളില്‍ പ്രധാനമന്ത്രി മോദി തുടരുന്ന നിശബ്ദതയെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രൂക്ഷമായി വിമര്‍ശിച്ചതിന് പ്രതികരണവുമായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. മന്‍മോഹന്‍ സിങ് ദയവായി നിങ്ങളുടെ ഭരണകാലം മോദിയുടേതുമായി താരതമ്യം ചെയ്യരുതെന്നാണ് രവിശങ്കര്‍ പ്രസാദ് പറഞ്ഞത്.

“മോദി വിഷയത്തില്‍ പ്രതികരിക്കുകയും നടപടി എടുക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്തിന് നാണക്കേടുണ്ടാക്കിയ സംഭവമാണെന്നും മനുഷ്യത്വരഹിതമായ പ്രവര്‍ത്തനമാണെന്നും അദ്ദേഹം പ്രതികരിച്ചിട്ടുണ്ട്. മന്‍മോഹന്‍ സിങ് ദയവായി നിങ്ങളുടെ ഭരണകാലം മോദിയുടേതുമായി താരതമ്യം ചെയ്യരുത്” രവിശങ്കര്‍ പ്രസാദ് പറഞ്ഞു.


Read | ബൂര്‍ഷ്വാ നേതാക്കളുടെ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ്; യെച്ചൂരിയുടെ കോണ്‍ഗ്രസ്സ് നിലപാടിനെ അംഗീകരിക്കാന്‍ കഴിയില്ല: പ്രകാശ് കാരാട്ട്


കഠ്‌വ ,ഉന്നാവോ കേസുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വല്ലപ്പോഴും സംസാരിക്കണമെന്ന് മോദി എന്നെ ഉപദേശിച്ചിരുന്നു, ആ ഉപദേശം മോദി ഇപ്പോള്‍ ഓര്‍ക്കണമെന്നാണ് മന്‍മോഹന്‍ സിങ് പറഞ്ഞത്.

വിമര്‍ശനങ്ങള്‍ക്കൊടുവില്‍ കഠ്വ ,ഉന്നാവോ സംഭവങ്ങളില്‍ വെള്ളിയാഴ്ച മോദി സംസാരിച്ചതില്‍ സന്തോഷമുണ്ടെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു. ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് മന്‍മോഹന്‍ സിങ്ങിന്റെ വിമര്‍ശനം. മോദി പ്രതികരിക്കാതിരുന്നത് കൊണ്ട് കുറ്റവാളികള്‍ക്ക് രക്ഷപ്പെടാമെന്ന തോന്നലുണ്ടാക്കിയെന്നും മന്‍മോഹന്‍ പറഞ്ഞു.

ബി.ജെ.പി യടക്കമുള്ളവര്‍ “മൗന്‍-മോഹന്‍ സിങ്” എന്ന് വിളിച്ച് കളിയാക്കിയതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ജീവിതം മുഴുവന്‍ ഇത്തരം കമന്റുകള്‍ കേട്ടാണ് ജീവിച്ചതെന്ന് അദ്ദേഹം പറഞ്ഞു.