തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതോടെ ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് രാജി സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രത്യേക ദൂതൻ വഴിയാണ് മുഖ്യമന്ത്രി രാജിക്കത്ത് കൈമാറിയത്. രാജി സ്വീകരിച്ചതായി ഗവർണർ അറിയിച്ചു.
ഗവർണറുമായി മുഖ്യമന്ത്രി ഫോണിൽ സംസാരിച്ചു. രാജിവച്ചെങ്കിലും അടുത്ത സർക്കാർ അധികാരത്തിലേറും വരെ പിണറായി വിജയൻ കാവൽ മുഖ്യ മന്ത്രിയായി തുടരും.
തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക് കനത്ത തിരിച്ചടിയാണുണ്ടായത്. മന്ത്രിമാരുടേതുൾപ്പടെയുള്ള നിരവധി മണ്ഡലങ്ങയിൽ ഇടതുകോട്ടകളിൽ ഇത്തവണ വിള്ളലുണ്ടായി. മുഖ്യമന്ത്രിപോലും യു.ഡി.എഫ് തരംഗത്തിൽ ചെറുതായെങ്കിലുമൊന്ന് വിറച്ചു. വോട്ടെണ്ണൽ തുടങ്ങിയ സമയത്ത് പിറകിലായിരുന്ന പിണറായി അവസാന റൗണ്ടുകളിലാണ് ജയിച്ചത്.
99 സീറ്റുകളുമായി കഴിഞ്ഞ തവണ അധികാരത്തിലേറിയ എൽ.ഡി.എഫിന് ഇത്തവണ ആകെ വിജയിക്കാനായത് 35 സീറ്റുകളിൽ മാത്രമാണ്. യു.ഡി.എഫ് 102 മണ്ഡലങ്ങളിൽ വിജയിച്ചപ്പോൾ എൻ.ഡി.എയ്ക്ക് മൂന്ന് മണ്ഡലങ്ങളിൽ അക്കൗണ്ട് തുറക്കാനായി.
Content Highlight: Pinarayi Vijayan resigns as Chief Minister