എല്‍.ഡി.എഫ്-ബിജെപി ഡീലെന്നു പറഞ്ഞ പി.എം.ശ്രീയെ യു.ഡി.എഫ് അംഗീകരിക്കുമ്പോള്‍ ഏത് ഡീലാണ്: പിണറായി
Kerala
എല്‍.ഡി.എഫ്-ബിജെപി ഡീലെന്നു പറഞ്ഞ പി.എം.ശ്രീയെ യു.ഡി.എഫ് അംഗീകരിക്കുമ്പോള്‍ ഏത് ഡീലാണ്: പിണറായി
റെന്വര്‍ പി
Saturday, 1st August 2026, 4:41 pm

തിരുവനന്തപുരം: പി.എം.ശ്രീ പദ്ധതിയില്‍ യു.ഡി.എഫ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പി.എം.ശ്രീയെ എല്‍.ഡി.എഫ്-ബിജെപി ഡീലിന്റെ ഭാഗമെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ ആ പദ്ധതിയെ അംഗീകരിക്കുന്നത് ഏത് ഡീലിന്റെ ഭാഗമാണെന്ന് പിണറായി വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.

‘മെയ് നാലിന് മുമ്പ് എല്‍.ഡി.എഫും ബി.ജെ.പിയും തമ്മിലുള്ള ഡീലിന്റെ ഭാഗമാണ് പി.എം. ശ്രീ എന്ന് പറഞ്ഞവര്‍ അതിനുശേഷം പി.എം. ശ്രീയെ അംഗീകരിക്കുമ്പോള്‍ അത് ഏത് ഡീലിന്റെ ഭാഗമാണ്. അവര്‍ക്ക് തന്നെ സ്വയം ചാര്‍ത്തി കിട്ടുന്ന വിശേഷണം എന്താണ്,’ പിണറായി ചോദിച്ചു.

പി.എം. ശ്രീയുമായി ബന്ധപ്പെട്ട് ഒരുപാട് തെറ്റിദ്ധാരണകള്‍ പരത്താനായിരുന്നു യു.ഡി.എഫ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും പിണറായി പറഞ്ഞു. എല്‍.ഡി.എഫ് സര്‍ക്കാര്‍ പി.എം. ശ്രീയുടെ ഭാഗമായുള്ള ഫണ്ട് കൈപ്പറ്റി എന്നതായിരുന്നു ഉയര്‍ത്തിയ ഒരു ആരോപണം. എം.ഒ.യു ഒപ്പിട്ടാല്‍ പിന്നെ ഈ പദ്ധതിയില്‍ നിന്ന് പിന്മാറാനേ പറ്റില്ല ഇതായിരുന്നു രണ്ടാമത് സമര്‍ത്ഥിക്കാന്‍ നോക്കിയ കാര്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പി.എം. ശ്രീ പദ്ധതി പൂര്‍ണ അര്‍ത്ഥത്തില്‍ സംസ്ഥാനത്ത് നടപ്പാക്കുമെന്നാണ് യു.ഡി.എഫ് തീരുമാനിച്ചിരിക്കുന്നത്. മോഡല്‍ സ്‌കൂളുകള്‍ സ്ഥാപിക്കാന്‍ നല്‍കുന്ന ഫണ്ട്, അത് സ്വീകരിച്ചുകൊണ്ട് അതിന്റെ വ്യവസ്ഥകള്‍ പ്രകാരമുള്ള പാഠ്യപദ്ധതി ഒഴിവാക്കാന്‍ എങ്ങനെ കഴിയും. അത് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും വിശദീകരിക്കണമെന്നും വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

പി.എം. ശ്രീ നടപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കുകയം ഫണ്ട് വാങ്ങുകയും ചെയ്താല്‍ അതിന്റെ മറ്റു വ്യവസ്ഥകള്‍ ഒഴിവാക്കി കൊണ്ടുപോകാന്‍ കഴിയില്ല. ഇവിടെ ജനങ്ങളെയും ഒപ്പം യു.ഡി.എഫ് അണികളെയും ഒരുപോലെ പറഞ്ഞു പറ്റിക്കുന്ന നിലപാടാണ് ഇവര്‍ സ്വീകരിച്ചതെന്നും പിണറായി പറയുന്നു.

പാഠ്യപദ്ധതിയില്‍ സംഘപരിവാര്‍ അജണ്ടകള്‍ കുത്തി നിറയ്ക്കുന്ന പി.എം. ശ്രീ പദ്ധതി എല്‍.ഡി.എഫ് – ബി.ജെ.പി ഡീലിന്റെ ഭാഗമായി കേരളത്തില്‍ നടപ്പാക്കുകയാണ് എന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചവര് അധികാരത്തിലേറിയ ഉടനെ തന്നെ നയം മാറ്റിയിരിക്കുകയാണെന്നും പിണറായി പഞ്ഞു.

മുസ്‌ലിം ലീഗാണ് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്നത്. ഇവിടെ സ്വന്തം അണികളെ പിന്നില്‍ നിന്ന് കുത്തുന്ന നിലപാടാണ് കോണ്‍ഗ്രസും ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗും യുഡിഎഫ് ആകെയും ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.

നമ്മുടെ സംസ്ഥാനത്ത് ഈ പദ്ധതി നടപ്പാക്കുന്നതിന് എന്തിനാണ് വാശി കാണിക്കുന്നത്. സംഘപരിവാറിന് കീഴടങ്ങി ജനങ്ങളെ ഒറ്റുകൊടുത്തതിന് കേരളത്തിന് ലഭിക്കുന്ന ബ്ലഡ് മണിയായി പി.എം. ശ്രീ ഫണ്ടിനെ കാണുന്നവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. ഇത് തീര്‍ത്തും വഞ്ചനാപരമായ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.

പി.എം. ശ്രീ വിഷയത്തില്‍ സംസ്ഥാനത്തെ യു.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചത് ഒറ്റപ്പെട്ട നിലപാടല്ലെന്നും മറ്റ് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകളും സമാന നിലപാടുകളാണ് സ്വീകരിച്ചതെന്ന് പിണറായി പറഞ്ഞു.

പി.എം. ശ്രീ പദ്ധതിയിലൂടെ വിദ്യാഭ്യാസ രംഗത്ത് കാവിവല്‍ക്കരണം നടപ്പാക്കാനാണ് ബി.ജെ.പി സര്‍ക്കാര്‍ ഉദ്ദേശിച്ചത്. പക്ഷേ ആ പദ്ധതി കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ മുഴുവന്‍ അംഗീകരിച്ചിരുന്നുവെന്നും പിണറായി പറയുന്നു.

കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര് ഈ പുത്തന്‍ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള കാവിവല്‍ക്കരണ നടപടിയോട് യോജിച്ചിരുന്നില്ലെന്ന് പിണറായി അവകാശപ്പെട്ടു. അതുകൊണ്ടുതന്നെ പി.എം. ശ്രീ നടപ്പാക്കുന്നതിന് എല്‍.ഡി.എഫ് സര്‍ക്കാര്‍ സന്നദ്ധമായിരുന്നില്ലെന്നും പിണറായി പറഞ്ഞു.

എല്‍.ഡി.എഫിന് പി.എം. ശ്രീ യോട് യോജിപ്പ് ഉണ്ടായിരുന്നില്ലെന്നും പിണറായി വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടു. എസ്.എസ്.കെ ഫണ്ട് തടഞ്ഞതിന്റെ ഭാഗമായി ആ ഫണ്ട് റിലീസ് ചെയ്ത് കിട്ടാന്‍ ഉള്ള ഒപ്പിടലാണ് നടന്നതെന്നും അദ്ദേഹം അവകാശപ്പെടുന്നു.

യു.ഡി.എഫിന് ഭരണം ലഭിക്കുന്നത് വരെ അവര്‍ പദ്ധതിയെ എതിര്‍ത്തു. എന്നാല്‍ ഭരണത്തില്‍ വന്ന യു.ഡി.എഫ് പഴയ നിലപാടുകളില്‍ നിന്ന് തീര്‍ത്തും തകിടം മറിഞ്ഞു. മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും പി.എം. ശ്രീയെ ന്യായീകരിക്കുന്ന വാദങ്ങള്‍ അവതരിപ്പിക്കുന്ന നിലയാണ് വന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Content Highlight: Pinarayi Vijayan Press Conference Against UDF’s Stand on PM Shri

റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.