പ്രതീക്ഷിച്ചതിലും കുറച്ച് കുറഞ്ഞു പോയെങ്കിലേ ഉളളൂ; നിര്‍വികാരതയാല്‍ നിറഞ്ഞ് ഖലീഫ
Malayalam Cinema
പ്രതീക്ഷിച്ചതിലും കുറച്ച് കുറഞ്ഞു പോയെങ്കിലേ ഉളളൂ; നിര്‍വികാരതയാല്‍ നിറഞ്ഞ് ഖലീഫ
അശ്വിന്‍ രാജേന്ദ്രന്‍
Thursday, 20th August 2026, 4:55 pm

അനൗണ്‍സ്മെന്റ് മുതല്‍ തന്നെ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരുന്ന ചിത്രമാണ് വൈശാഖ് സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരന്‍ നായകനായി ഇന്ന് തിയേറ്ററുകളിലെത്തിയ ഖലീഫ. ഓണത്തിന് ദുല്‍ഖര്‍ ചിത്രം ഐ ആം ഗെയിമിനും നിവിന്‍ പോളി ചിത്രം ബെത്ലഹേം കുടുംബ യൂണിറ്റിനും ഒപ്പം ക്ലാഷ് റിലീസായി ഖലീഫ എത്തുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നത് മുതല്‍ വലിയ പ്രതീക്ഷയിലായിരുന്നു മലയാള സിനിമാ ലോകം. ഐ ആം ഗെയിം ക്ലാഷില്‍ നിന്നും പിന്മാറിയെങ്കിലും മോഹന്‍ലാല്‍ കാമിയോ റോളിലെത്തുന്ന മാസ് ആക്ഷന്‍ ചിത്രമായ ഖലീഫ കൊണ്ട് ഓണം കളറാക്കാമെന്ന പ്രതീക്ഷയിലായിരുന്നു പ്രേക്ഷകര്‍ ഒന്നടങ്കം.

ഖലീഫ. Photo: Sony Music Malayalam

പ്രീ റിലീസ് അഭിമുഖങ്ങളൊന്നുമില്ലാതെ ടെയ്ലറും ടീസറും മറ്റ് അപഡ്റ്റുകളും കൊണ്ട് തിയേറ്ററുകളിലെത്തിയ ഖലീഫ ഒരു അണ്‍ അപോളജറ്റിക് ഔട്ട് ആന്‍ഡ് ഔട്ട് ആക്ഷന്‍ ത്രില്ലറാണെന്നായിരുന്നു പൃഥ്വിരാജ് തന്റെ കഴിഞ്ഞ ചിത്രം ഐ നോബഡിയുടെ റിലീസില്‍ പറഞ്ഞത്. മലയാള സിനിമയുടെ ആദ്യ നൂറ് കോടി സമ്മാനിച്ച സംവിധായകന്‍ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്നതും ചിത്രത്തിന് വലിയ പ്രതീക്ഷ സമ്മാനിച്ചിരുന്നു.

എന്നാല്‍ ലഭിച്ച ഹൈപ്പുകളോടും പ്രതീക്ഷകളോടും പൂര്‍ണമായി നീതി പുലര്‍ത്താന്‍ സാധിക്കാത്ത വിധത്തില്‍ ഒരു സ്ഥിരം ടെംപ്ലേറ്റില്‍ അഥവാ ക്ലീഷേയില്‍ മാത്രം ഖലീഫ ഒതുങ്ങിപ്പോയിരിക്കുകയാണെന്ന് കാണാം. കോഴിക്കോട് കൊടുവള്ളി പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രം ട്രെയ്ലറില്‍ സൂചന നല്‍കിയത് പോലെ ആമിര്‍ അലി എന്ന ചെറുപ്പക്കാരന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് കഥ പറയുന്നത്. തുടര്‍ന്ന് ശത്രുക്കളില്‍ നിന്നും നേരിടേണ്ടി വരുന്ന വെല്ലുവിളികളും മറ്റ് പ്രതിസന്ധികളുമാണ് ഖലീഫയെ മുന്നോട്ട് കൊണ്ട് പോകുന്നത്.

ഖലീഫ. Photo: Sony Music Malayalam/ Youtube.com

സഞ്ജു ശിവറാം അവതരിപ്പിച്ച ആമിര്‍ അലിയുടെ ഉറ്റസുഹൃത്തായ സമദിനെ കാണിച്ചുകൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. തുടര്‍ന്ന് മാമ്പറക്കല്‍ യൂനുസ് അലിയുടെ ഏകമകനായ ആമിര്‍ അലി എങ്ങനെ അന്താരാഷ്ട്ര ക്രിമിനലായി എന്ന് സമദിന്റെ വിവരണത്തിലൂടയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ ഭാഗത്താണ് പൃഥ്വിരാജിന്റെ ഇരുപതുകളിലെ ലുക്കും ചിത്രത്തിലെ റൊമാന്‍സ് പോര്‍ഷനുകളും കാണിച്ചിരിക്കുന്നത്. നായികയെ ഇന്‍ട്രൊഡ്യൂസ് ചെയ്യുന്ന ആദ്യ സീനില്‍ തന്നെ നായക കഥാപാത്രം നായികയോട് പറയുന്ന ഡയലോഗുകളെ ക്രിഞ്ച് എന്ന് ഒറ്റ വാക്കില്‍ വിശേഷിപ്പിക്കാം. തുടര്‍ന്ന് ജേക്ക്സ് ബിജോയിയുടെ സംഗീത സംവിധാനത്തിലൂടെ വൈറലായ അസലായവളേ എന്ന ഗാനത്തിലൂടെ ഈ ഭാഗങ്ങള്‍ വൈശാഖ് വൃത്തിയായി അവതരിപ്പിച്ചിട്ടുണ്ട്.

പിന്നീട് ഭരണകക്ഷിയുടെ പാര്‍ട്ടി സെക്രട്ടറിയില്‍ നിന്നും രണ്‍ജി പണിക്കര്‍ അവതരിപ്പിച്ച യൂനുസ് അലിയ്ക്ക് നേരിടേണ്ടി വരുന്ന ഭീഷണികളും തുടര്‍ന്ന് മൈസൂരെ സേട്ടുവിന്റെ സഹായത്തോടെ ആമിര്‍ സ്വര്‍ണക്കടത്തിലേക്ക് ഇറങ്ങുന്നതും കാണാം. പിന്നീടങ്ങോട്ടുള്ള പല സീനുകളിലും സൂര്യയുടെ ഹിറ്റ് ചിത്രം അയനെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള രംഗങ്ങള്‍ ആദ്യ പകുതിയില്‍ വന്നു പോകുന്നുണ്ട്.

ഖലീഫയുടെ ആദ്യ പകുതിയില്‍ തന്നെ ഇന്ദ്രന്‍സ് അവതരിപ്പിക്കുന്ന ഹംസ, ഷമ്മി തിലകന്‍ അവതരിപ്പിക്കുന്ന പാര്‍ട്ടി സെക്രട്ടറി പുന്നവേല്‍ രാഘവന്‍, നീല്‍ നിതിന്‍ മുകേഷ് അവതരിപ്പിച്ച ഹാരിസ് ബഷീര്‍ തുടങ്ങിയവരെയെല്ലാം സംവിധായകന്‍ അവതരിപ്പിക്കുന്നുണ്ട്. സ്ഥിരം ടെയ്ലര്‍ മേഡ് റോളില്‍ ഈ അഭിനേതാക്കളെല്ലാം തന്നെ അവരുടെ ഭാഗം ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട്. അതിനപ്പുറത്തേക്ക് ഒന്നും തന്നെ ചെയ്യാനുള്ള സ്പേസ് ചിത്രത്തില്‍ ഇവര്‍ക്കില്ല.

ഖലീഫ. Photo: Sony Music Malayalam/ Youtube.com

ഒരു പക്കാ ആക്ഷന്‍ ചിത്രമായിരിക്കും ഖലീഫ എന്ന് അനൗണ്‍സ്മെന്റ് മുതല്‍ തന്നെ അറിയാമായിരുന്നുവെങ്കിലും പത്തോ ഇരുപതോ പേരെ ഒറ്റയ്ക്ക് അടിച്ചിടുന്ന നായകനെ മലയാളി പ്രേക്ഷകര്‍ മടുത്തിട്ട് ചുരുങ്ങിയത് പത്ത് വര്‍ഷമെങ്കിലും ആയി എന്ന കാര്യം സംവിധായകന്‍ മറന്നതായിരിക്കും എന്ന് വേണം കരുതാന്‍. ലണ്ടനില്‍ വെച്ചുള്ള സ്‌റ്റൈലിഷ് ഫൈറ്റില്‍ പോലും കാര്യമായി ഒരു ഇംപാക്ടും സൃഷ്ടിക്കാന്‍ സാധിക്കാത്തതും ഈ നിര്‍വികാരത കാരണമാണ്, ചിത്രത്തിന്റെ ക്ലൈമാക്സില്‍ ജയിലിനുള്ളില്‍ എല്ലാ മുന്നൊരുക്കങ്ങളുമായി എത്തിയിട്ടും പൃഥ്വിരാജിന്റെ നായക കഥാപാത്രം വില്ലന്മാരെ അടിച്ചിട്ട് എളുപ്പത്തില്‍ വിജയിയാകുന്നത് ചിത്രത്തെ കുറിച്ച് പ്രേക്ഷകരിലുണ്ടാക്കുന്ന മൊത്തം ഇംപാക്ടിനെയും ബാധിക്കുന്നുണ്ട്.

അതേസമയം പൃഥ്വരാജിന്റെ മൂന്ന് ഫൈറ്റുകള്‍ക്കും ഉണ്ടാക്കിയെടുക്കാന്‍ സാധിക്കാത്ത ഇമോഷന്‍ ലഭിച്ചത് ആമിര്‍ അലിയുടെ മകനെ കൊല്ലാന്‍ വന്ന ഗുണ്ടകളും വീട്ടിലെ നേപ്പാളി സെക്യൂരിറ്റി ഗാര്‍ഡുകളും തമ്മിലുള്ള ഫൈറ്റിലാണ്. ഖലീഫയില്‍ പ്രേക്ഷകരില്‍ നിന്നും ആത്മാര്‍ത്ഥമായി കൈയടി ലഭിച്ചും ഈ രംഗത്തിന് തന്നെ. കഴിഞ്ഞ സര്‍ക്കാരിന്റെ ഭരണകാലത്ത് വലിയ വിവാദമായ സ്വര്‍ണക്കടത്തിനെ ഖലീഫയില്‍ പ്രധാനപ്പെട്ട സ്ഥലത്ത് തന്നെ സംവിധായകന്‍ പ്ലേസ് ചെയ്തതും ശ്രദ്ധേയമാണ്. തുടര്‍ന്ന് പാര്‍ട്ടി സെക്രട്ടറി പുന്നവേല്‍ രാഘവന് സ്ഥാനം രാജിവെക്കേണ്ടി വരുന്നതടക്കം ചിത്രത്തിലെ പല പരാമര്‍ശങ്ങളും ചര്‍ച്ചകള്‍ക്ക് വഴിവെച്ചേക്കാവുന്നതാണ്.

ഖലീഫ. Photo: X.com

ആദ്യ പകുതിയില്‍ കളമൊരുക്കാന്‍ സംവിധായകന് സാധിച്ചെങ്കിലും, ഇതിനെ വേണ്ട രീതിയില്‍ രണ്ടാം പകുതിയില്‍ ഉപയോഗിക്കാന്‍ സാധിക്കാത്തതാണ് ഖലീഫയിലെ പ്രധാന പോരായ്മയെന്ന് കാണാം. രണ്ടാം പകുതിയിലെ ഓരോ രംഗവും കഴിയുമ്പോള്‍ കാത്തിരുന്നത് മോഹന്‍ലാല്‍ എന്ന സൂപ്പര്‍താരത്തിന്റെ രംഗപ്രവേശത്തിനായിരുന്നു. എന്നാല്‍ ടെയ്ല്‍ എന്‍ഡില്‍ ഊതിവീര്‍പ്പിച്ച അല്ലെങ്കില്‍ ആര്‍ട്ടിഫിഷ്യല്‍ ഹൈപ്പില്‍ സെറ്റ് ചെയ്ത കഥാപശ്ചാത്തലത്തില്‍ പ്രത്യേകിച്ചൊരു ആവേശവുമില്ലാതെ മോഹന്‍ലാലിന്റെ അഹമദ് അലി എന്ന കഥാപാത്രം രംഗപ്രേവേശം ചെയ്തത് ആവശ്യമായിരുന്നോ എന്ന ചോദ്യം ചിത്രം കണ്ടിറങ്ങുന്നവരില്‍ തോന്നിയാല്‍ കുറ്റം പറയാന്‍ പറ്റില്ല. ഒപ്പം സര്‍പ്രൈസ് കാമിയോ ആയി എത്തിയ മലയാളത്തിലെ മറ്റ് രണ്ട് ലീഡിങ് അഭിനേതാക്കളും ഖലീഫയില്‍ അധികപ്പറ്റാണെന്ന് തോന്നും.

ഖലീഫ. Photo: Sony Music Malayalam/ Youtube.com

സിനിമയെയും പ്രേക്ഷകരെയും ഏറ്റവും അടുത്ത് മനസിലാക്കുകയും ലൂസിഫറും എമ്പുരാനും പോലെ രണ്ട് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിക്കുകയും ചെയ്ത പൃഥ്വിരാജ് താന്‍ നായകനാകുന്ന ചിത്രങ്ങളുടെ കഥയെ കുറിച്ചും അതിന്റെ സമകാലിക പ്രസക്തിയെ കുറിച്ചും ഒരിക്കല്‍ കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. ഇരുപത് പേരെ ഒറ്റയ്ക്ക് ഇടിക്കുന്ന നായകനെ ഇഷ്ടപ്പെടുന്ന തെലുങ്ക്-തമിഴ് ഓഡിയന്‍സില്‍ നിന്നും മലയാളികളുടെ ആസ്വാദനതലം ഒരുപാട് വ്യത്യസ്തമാണ്. ഖലീഫയെ കുറിച്ച് പുറത്തുവരുന്ന ഭൂരിപക്ഷ അഭിപ്രായം ഇതാണെന്നിരിക്കെ നാളെ പുറത്തിറങ്ങാനിരിക്കുന്ന നിവിന്‍ പോളിയുടെ ബെത്ലഹേം കുടുംബ യൂണിറ്റിനെ ആശ്രയിച്ചായിരിക്കും ഖലീഫയുടെ വിജയവും പരാജയവും.

 

Content Highlight: Personal Review of Malayalam Movie Khalifa

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.