2026-27 ഇന്ത്യൻ സൂപ്പർ ലീഗിന് ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. ഒക്ടോബർ 10നാണ് ഐ.എസ്.എല്ലിന് കിക്ക് ഓഫ്. ഒക്ടോബർ 10 മുതൽ ജനുവരി 17 വരെയുള്ള ആദ്യഘട്ട മത്സരങ്ങളുടെ ഷെഡ്യൂൾ ഇതിനോടകം തന്നെ പുറത്ത് വിട്ടിട്ടുണ്ട്. സീസണിലെ ആദ്യ മത്സരത്തിൽ ബെംഗളൂരു എഫ്.സിയും സ്പോർട്ടിങ് ക്ലബ്ബ് ദൽഹിയുമാണ് ഏറ്റുമുട്ടുക.

ചരിത്രത്തിലെ ആദ്യ ഐ.എസ്.എൽ കിരീടം സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സും. പുതിയ സീസണിനായി വമ്പൻ സൈനിങ്ങുകൾ നടത്താനുള്ള ഒരുക്കത്തിലാണ് ബ്ലാസ്റ്റേഴ്സ്.

ഇംഗ്ലീഷ് താരം ഹാരി മക്കിർഡിയെ ടീമിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ ബ്ലാസ്റ്റേഴ്സെന്നാണ് റിപ്പോർട്ട്. ഇംഗ്ലീഷ് ക്ലബ്ബായ ആസ്റ്റൺ വില്ലയുടെ യൂത്ത് അക്കാദമിയിലൂടെ വളർന്ന താരമാണ് മക്കിർഡി. സെന്റർ ഫോർവേഡ് പൊസിഷനിൽ കളിക്കുന്ന താരത്തിന് വിവിധ വിങ്ങുകളിൽ മികച്ച നീക്കങ്ങൾ നടത്താനുള്ള കഴിവുമുണ്ട്.

സാക്ഷാൽ പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ഗോൾ നേടി ശ്രദ്ധ പിടിച്ചു പറ്റിയ താരം കൂടിയാണ് മക്കിർഡി. 2021-22 എഫ്. എ കപ്പ് സീസണിലായിരുന്നു താരം മാഞ്ചസ്റ്റർ സിറ്റിയുടെ വല കുലുക്കിയത്. സ്വിൻഡൻ ടൗണിന് വേണ്ടിയായിരുന്നു താരം മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ഗോൾ നേടിയിരുന്നത്. ഇംഗ്ലീഷ് ഫുട്ബോളിന്റെ മികച്ച അനുഭവസമ്പത്തുള്ള താരം ബ്ലാസ്റ്റേഴ്സിൽ എത്തുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിലാണ് ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥാവകാശത്തെ സംബന്ധിച്ചുള്ള അനിശ്ചിതത്വം അവസാനിച്ചത്. ദുബായ് ആസ്ഥാനമായ അൽ ഫുർസാൻ സ്പോർട്സ് ഇൻവെസ്റ്റ്മെന്റാണ് ബ്ലാസ്റ്റേഴ്സിനെ ഏറ്റെടുത്തത്.ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന നിംഗ്ഗാഡ ഗ്രൂപ്പിന്റെ മാഗ്നം സ്പോർട്സ് ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമകൾ. എന്നാൽ കഴിഞ്ഞ സീസണിൽ സാമ്പത്തികമായി കനത്ത പ്രതിസന്ധി നേരിട്ടതിന് പിന്നാലെയാണ് മാഗ്‌നം ഗ്രൂപ്പ് ക്ലബ്ബിന്റെ ഉടമസ്ഥാവകാശം കൈമാറാൻ തീരുമാനമെടുത്തത്.

പുതിയ ഉടമസ്ഥരുടെ കീഴിൽ ബ്ലാസ്റ്റേഴ്സ് ശക്തമായ തിരിച്ചുവരവാണ് ലക്ഷ്യം വെക്കുന്നത്. സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം ഒക്ടോബർ 11ന് ഇന്റർ കാശിക്കെതിരെയാണ്. എതിരാളികളുടെ തട്ടകത്തിൽ വെച്ചായിരിക്കും കൊമ്പന്മാർ സീസണിലെ ആദ്യ മത്സരം കളിക്കുക.

ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം ഒക്ടോബർ 25നാണ് നടക്കുന്നത്. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ മുംബൈ സിറ്റി എഫ്.സിയാണ് എതിരാളികൾ.

ഐ.എസ്.എൽ 2026 കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഘട്ട ഷെഡ്യൂൾ

കേരള ബ്ലാസ്റ്റേഴ്സ് vs ഇന്റർകാശി – ഒക്ടോബർ 11 – എവേ

കേരള ബ്ലാസ്റ്റേഴ്സ് vs നോർത്ത് ഈസ്റ്റ് യുണൈറ്റഡ് – ഒക്ടോബർ 18 – ഹോം

കേരള ബ്ലാസ്റ്റേഴ്സ് vs മുംബൈ സിറ്റി എഫ്.സി – ഒക്ടോബർ 25 – ഹോം

കേരള ബ്ലാസ്റ്റേഴ്സ് vs ചെന്നൈയിൻ എഫ്.സി – ഒക്ടോബർ 31 – എവേ

കേരള ബ്ലാസ്റ്റേഴ്സ് vs എഫ്.സി ഗോവ – നവംബർ 29 – എവേ

കേരള ബ്ലാസ്റ്റേഴ്സ് vs ചർച്ചിൽ ബ്രദേഴ്സ് – ഡിസംബർ 6 – ഹോം

 

Content Highlight: Kerala Blasters transfer updates for Indian super league new season