റീ റിലീസ് ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യത കിട്ടുന്ന കാഴ്ച സമീപകാലത്ത് പതിവുള്ളതാണ്. മോഹന്‍ലാല്‍ ചിത്രമായ ഛോട്ടാ മുംബൈയെ വന്‍ ആവേശത്തോടെ സ്വീകരിച്ചതിന് പിന്നാലെ താരത്തിന്റെ തന്നെ രാവണപ്രഭുവും സുരേഷ് ഗോപിയുടെ സമ്മര്‍ ഇന്‍ ബത്ലഹേമും തിയേറ്ററുകളിലേക്കെത്തിയിരുന്നു. 4k റീമാസ്റ്റര്‍ ചെയ്ത് ചിത്രത്തിന്റെ ക്വാളിറ്റി വര്‍ധിപ്പിച്ചുകൊണ്ടായിരുന്നു ചിത്രങ്ങള്‍ തിയേറ്ററുകളിലേക്കെത്തിച്ചിരുന്നത്. പിന്നാലെ പുറത്തിറങ്ങിയ അല്ലു അര്‍ജുന്റെ ഹാപ്പി ബി ഹാപ്പിയും പ്രേക്ഷകര്‍ തിയേറ്ററുകളില്‍ ആഘോഷമാക്കിയിരുന്നു.

തേന്മാവിന്‍ കൊമ്പത്ത്. Photo: X.com
ഇപ്പോഴിതാ മലയാളത്തിലെ ക്ലാസിക് ചിത്രം തേന്മാവിന്‍ കൊമ്പത്ത് റീ റിലീസിനെത്തുന്നുണ്ടെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഒക്ടോബര്‍ 8നാണ് 4K മികവില്‍ ചിത്രം റീ റിലീസിനൊരുങ്ങുന്നത്. പ്രിയദര്‍ശന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം മലയാളികള്‍ക്ക് എത്ര കണ്ടാലും മതിവരാത്ത ചുരുക്കം ചില ചിത്രങ്ങളിലൊന്നാണ്.
മോഹന്‍ലാലിന് പുറമെ ശോഭന, നെടുമുടി വേണു, കവിയൂര്‍ പൊന്നമ്മ, കെ.പി.എ.സി ലളിത, ശ്രീനിവാസന്‍, ശങ്കരാടി, കുതിരവട്ടം പപ്പു തുടങ്ങി മലയാളത്തിലെ പകരം വെക്കാനില്ലാത്ത അതുല്യ കലാകാരന്മാര്‍ അണിനിരന്ന ചിത്രത്തിന്റെ റീ റിലീസിനായി കാത്തിരിക്കുന്ന സിനിമാ പ്രേമികളും ഒട്ടേറെയാണ്. ചിത്രത്തിന്റെ റീ റിലീസിനെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

തേന്മാവിന്‍ കൊമ്പത്ത്. Photo: X.com
‘മാണിക്യനെയും കാര്‍ത്തുമ്പിയെയും എന്നും മനസില്‍ സൂക്ഷിക്കുന്ന പ്രിയപ്പെട്ട പ്രേക്ഷകരിലേക്ക് 32 വര്‍ഷങ്ങള്‍ക്ക് ശേഷം 4K മികവില്‍ റീ റിലീസിനൊരുങ്ങുകയാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് തേന്മാവിന്‍ കൊമ്പത്ത്. മികച്ച ഫ്രെയ്മുകളില്‍ ദൃശ്യഭംഗി തീര്‍ത്ത, തിയേറ്ററുകളില്‍ പൊട്ടിച്ചിരി സമ്മാനിച്ച, ഈ ചിത്രം വീണ്ടും നിങ്ങള്‍ക്ക് അരികിലേക്കെത്തുമ്പോള്‍ എനിക്ക് തേന്മാവിന്‍ കൊമ്പത്ത് പ്രിയന്റെ ഒപ്പം ചെയ്തിട്ടുള്ള ഏറ്റവും പ്രിയപ്പെട്ട സിനിമകളില്‍ ഒന്നുതന്നെയാണ്. ഒപ്പം ഒരുപാട് പ്രഗല്ഭരോടൊപ്പം ഒത്തുച്ചേരാന്‍ കിട്ടിയ അവസരവും.
4K റീമാസ്റ്റര്‍ ചെയ്ത ഈ ചിത്രം മികച്ച ദൃശ്യഭംഗിയില്‍ നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങുകയാണ് എന്ന വിവരം ഒരുപാട് സന്തോഷപൂര്‍വം അറിയിക്കുന്നു,’ മോഹന്‍ലാല്‍ പറഞ്ഞു.
Content Highlight: Mohanlal Starrer Thenmavin Komath to re release on October 8 after 32 years
