സ്വവര്‍ഗ രതി ക്രിമിനല്‍ കുറ്റമല്ലാതായ ഇന്ത്യയില്‍, ഗേ വിവാഹങ്ങള്‍ നിയമാനുസൃതമാക്കാനുള്ള സമയമായതായി ജനങ്ങള്‍ കരുതുന്നുവെന്ന് പഠനം. ഡേറ്റിംഗ് ആപ്പായ ഒ.ക്കെ ക്യൂപിഡ് നടത്തിയ സര്‍വ്വേയിലാണ് ഈ വിവരം. ഒ.ക്കെ ക്യൂപിഡ് കമ്മ്യൂണിറ്റിയിലെ 55 ശതമാനം പുരുഷന്‍മാരും 82 ശതമാനം സ്ത്രീകളും അഭിപ്രായപ്പെടുന്നത് ഇന്ത്യയില്‍ ഗേ വിവാഹങ്ങള്‍ നിയമാനുസൃതമാക്കാനുള്ള സമയമായെന്നാണ്.

10 ലക്ഷത്തോളം ഉപഭോക്താക്കളുള്ള ആപ്പ് ആണ് ഒ.ക്കെ ക്യൂപിഡ്. രണ്ട് ലക്ഷത്തിലധികം ആളുകള്‍ തങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചെന്ന് ആപ്പ് പറയുന്നു.

പഠനം പ്രകാരം, 68 ശതമാനം പുരുഷന്‍മാരും 90 ശതമാനം സ്ത്രീകളും അഭിപ്രായപ്പെട്ടത് രാജ്യത്തെ എല്‍.ജി.ബി.ടി സമൂഹത്തെ പിന്തുണക്കുന്നുവെന്നാണ്. 19 ശതമാനം പേര്‍ മാത്രമാണ് എല്‍.ജി.ബി.ടി സമൂഹത്തോട് ഏതെങ്കിലും തരത്തിലുള്ള വിയോജിപ്പ് രേഖപ്പെടുത്തിയുള്ളൂ.

82 ശതമാനം പുരുഷന്‍മാരും 92 ശതമാനം സ്ത്രീകളും അഭിപ്രായപ്പെടുന്നത് ഗേ എന്ന പദം ഒരു മോശം പദമായിട്ടാണ്. സ്വവര്‍ഗാനുരാഗികളായ പുരുഷന്‍മാര്‍ക്ക് ഒട്ടും ബഹുമാനം നല്‍കാത്ത പദമാണ് ഗേ എന്നാണ് ഇവരുടെ അഭിപ്രായം.