ഇതിഹാസ താരങ്ങളായ ലയണല്‍ മെസിക്കൊപ്പവും ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കുമൊപ്പം പന്തുതട്ടാന്‍ അവസരം ലഭിച്ച ചുരുക്കം ചില താരങ്ങളെ ഫുട്ബോളില്‍ ഉണ്ടായിട്ടുള്ളൂ.
ഇത്തരത്തില്‍ രണ്ട് ഇതിഹാസ താരങ്ങള്‍ക്കൊപ്പവും കളിക്കാന്‍ അവസരം ലഭിച്ച താരങ്ങളില്‍ ഒരാളാണ് അര്‍ജന്റൈന്‍ താരം പൗലോ ഡിബാല. സിരി എയില്‍ യുവന്റസില്‍ കളിക്കുന്ന സമയത്ത് റൊണാള്‍ഡോക്കൊപ്പവും അര്‍ജന്റീനയില്‍ മെസിക്കൊപ്പവും ഡിബാല കളിക്കളത്തില്‍ ഒരുമിച്ച് കളിച്ചത്.
യുവന്റസില്‍ കളിക്കുന്ന സമയങ്ങളില്‍ റൊണാള്‍ഡോയെ കുറിച്ച് ഡിബാല പറഞ്ഞ വാക്കുകളാണ് വീണ്ടും ശ്രദ്ധ നേടുന്നത്. കരിയറിന്റെ ആദ്യകാലങ്ങളില്‍ തനിക്ക് റൊണാള്‍ഡോയെ ഇഷ്ടമായിരുന്നില്ലെന്നാണ് ഡിബാല പറഞ്ഞത്. എങ്കിലും തങ്ങള്‍ക്കിടയില്‍ എല്ലായിപ്പോഴും മികച്ച ബന്ധമാണ് ഉണ്ടായിരുന്നതെന്നും ഡിബാല പറഞ്ഞു. ഡാസന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഡിബാല ഇക്കാര്യം പറഞ്ഞിരുന്നത്.
‘ഞാന്‍ റൊണാള്‍ഡോക്കൊപ്പം മൂന്ന് വര്‍ഷത്തോളം ചിലവഴിച്ചു. അദ്ദേഹം ടീമിനൊപ്പം മികച്ച പ്രകടനമാണ് നടത്തിയത്. ഫുട്ബോളില്‍ അദ്ദേഹവും മെസിയും തമ്മിലുള്ള മത്സരം ഞാന്‍ വളരെ ആഴത്തോടെയായിരുന്നു കണ്ടത്. ഒരിക്കല്‍ ഒരു മത്സരത്തിനായി ഞാനും റൊണാള്‍ഡോയും ഫ്ളൈറ്റില്‍ യാത്ര ചെയ്തിരുന്നു. ഞാന്‍ പുറകിലായിരുന്നു ഇരുന്നിരുന്നത്. റൊണാള്‍ഡോ മുന്നിലും. അദ്ദേഹം ഫുട്ബോളിനെക്കുറിച്ചും മറ്റു പല കാര്യങ്ങളെക്കുറിച്ചും സംസാരിക്കാന്‍ എന്റെ അടുത്തേക്ക് വന്നു. അപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് ഈ കാര്യം പറഞ്ഞു. ചെറുപ്പത്തില്‍ നിങ്ങളെ ഇഷ്ടമല്ലായിരുന്നു എന്ന് ഞാന്‍ പറഞ്ഞു. ഞങ്ങള്‍ക്കിടയില്‍ എല്ലായിപ്പോഴും മികച്ച ഒരു ബന്ധമാണ് ഉണ്ടായിരുന്നത്,’ ഡിബാല പറഞ്ഞു.
ഇറ്റാലിയന്‍ ക്ലബ്ബിനൊപ്പം ഡിബാലയും റൊണാള്‍ഡോയും 93 മത്സരങ്ങളിലാണ് ഒരുമിച്ചു കളിച്ചിട്ടുള്ളത്. ഇരുവരും ചേര്‍ന്ന് 12 ഗോളുകളും സംയുക്തമായി നേടിയിട്ടുണ്ട്.
റൊണാള്‍ഡോ 2022ലാണ് യുവന്റസ് വിട്ടത്. ഇറ്റാലിയന്‍ ടീമില്‍ നിന്നും മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് റൊണാള്‍ഡോ ചേക്കേറുകയും പിന്നീട് 2023ല്‍ സൗദി വമ്പന്‍മാരായ അല്‍ നസറിലേക്ക് താരം കൂടു മാറുകയുമായിരുന്നു.