എമ്പുരാനിലെ ഗുജറാത്ത് കലാപവും പേട്രിയറ്റിലെ പെഗാസസും, തൊട്ടാല്‍ പൊള്ളുന്ന വിഷയങ്ങളെ ധൈര്യപൂര്‍വം സിനിമയാക്കുന്ന മോളിവുഡ്
Malayalam Cinema
എമ്പുരാനിലെ ഗുജറാത്ത് കലാപവും പേട്രിയറ്റിലെ പെഗാസസും, തൊട്ടാല്‍ പൊള്ളുന്ന വിഷയങ്ങളെ ധൈര്യപൂര്‍വം സിനിമയാക്കുന്ന മോളിവുഡ്
അമര്‍നാഥ് എം.
Saturday, 2nd May 2026, 11:54 am

സിനിമ എന്നത് ഭരണാധികാരികള്‍ അധികാരം നിലനിര്‍ത്താന്‍ ഉപയോഗിക്കുന്ന വെറുമൊരു ടൂളായി മാറുന്ന കാലഘട്ടത്തിലേക്കാണ് ഇന്ത്യയുടെ ചുറ്റുപാടുകള്‍ മാറിക്കൊണ്ടിരിക്കുന്നത്. തങ്ങളുടെ രാഷ്ട്രീയ അജണ്ടകള്‍ സാധാരണക്കാരിലേക്ക് അവര്‍ പോലുമറിയാതെ ഇന്‍ജെക്ട് ചെയ്യുന്ന തരത്തില്‍ ഫയലുകളും സ്റ്റോറികളും യഥേഷ്ടം പുറത്തിറങ്ങുന്ന കാലമാണിത്.

എന്നാല്‍ കേരളത്തില്‍ അത്തരം പ്രൊപ്പഗണ്ട സിനിമകള്‍ക്ക് സ്ഥാനമില്ലെന്ന് ഇവിടുത്തെ പ്രേക്ഷകര്‍ പലകുറി തെളിയിച്ചിട്ടുണ്ട്. അത് മാത്രമല്ല, മറ്റ് ഇന്‍ഡസ്ട്രികള്‍ പറയാന്‍ മടിക്കുന്ന പല കാര്യങ്ങളും ധൈര്യപൂര്‍വം പറയാനും മലയാളസിനിമ ശ്രമിക്കാറുണ്ട്. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ എമ്പുരാന്‍ അത്തരമൊരു ചിത്രമായിരുന്നു.

ഗുജറാത്ത് കലാപത്തില്‍ നേരിട്ട് പങ്കുള്ളവരാണ് ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്നതെന്ന് ചിത്രത്തില്‍ പറയുന്നുണ്ട്. തങ്ങളെ എതിര്‍ക്കുന്നവരെ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടിപ്പിക്കുമെന്നുമുള്ള വസ്തുതകള്‍ ധൈര്യപൂര്‍വം എമ്പുരാനില്‍ കാണിച്ചിട്ടുമുണ്ട്. ചിത്രത്തിനെതിരെ സംഘപരിവാര്‍ അനുകൂലികള്‍ വലിയ രീതിയില്‍ സൈബറാക്രമണം നടത്തുകയും സംവിധായകനായ പൃഥ്വിരാജിനെ പ്രത്യേകം ലക്ഷ്യം വെക്കുകയും ചെയ്തിരുന്നു.

Photo: Mohanlal/ Facebook.com

എമ്പുരാനെപ്പോലെ തൊട്ടാല്‍ പൊള്ളുന്ന വിഷയം സംസാരിക്കുന്ന മറ്റൊരു ചിത്രമാണ് പേട്രിയറ്റ്. മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിങ്ങനെ വലിയ താരനിരയെ അണിനിരത്തി വമ്പന്‍ ക്യാന്‍വാസില്‍ മഹേഷ് നാരായണന്‍ അണിയിച്ചൊരുക്കിയ പേട്രിയറ്റ് കാലികപ്രസക്തിയുള്ള വിഷയമാണ് സംസാരിക്കുന്നത്.

പെഗാസസ്, സഞ്ചാര്‍ സാഥി Photo: Reddit

സ്വകാര്യത എന്നത് സാധാരണക്കാരന് അന്യമാകുന്ന കാലഘട്ടത്തില്‍ ഗവണ്മെന്റിന്റെ സഹായത്തോടെ ആളുകളെ നിരീക്ഷിക്കുന്ന സോഫ്റ്റ്‌വെയറിനെക്കുറിച്ചാണ് ചിത്രത്തില്‍ പറയുന്നത്. സമീപകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന രണ്ട് വിഷയങ്ങളായിരുന്നു പെഗാസസും സഞ്ചാര്‍ സാഥിയും. രാജ്യസുരക്ഷക്ക് ഭീഷണിയാകുന്നു എന്ന കാരണം മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ രഹസ്യമായി ചില വ്യക്തികളെ നിരീക്ഷിക്കാന്‍ ഉപയോഗിച്ച സോഫ്റ്റ്‌വെയറായിരുന്നു പെഗാസസ്.

ഇസ്രഈലിന്റെ ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് പലരെയും കേന്ദ്രസര്‍ക്കാര്‍ നിരീക്ഷിച്ചത് വലിയ വാര്‍ത്തയായിരുന്നു. പെഗാസസ് പോലെ സാധാരണക്കാരെ നിരീക്ഷിക്കാനായി ഗവണ്മെന്റ് കൊണ്ടുവന്ന പദ്ധതിയായിരുന്നു സഞ്ചാര്‍ സാഥി. എല്ലാ ഫോണുകളിലും സുരക്ഷയുടെ പേര് പറഞ്ഞ് ഉള്‍പ്പെടുത്തുന്ന ഈ ആപ്പ് ഫോണിലെ സകല വിവരവും ശേഖരിക്കുന്ന ഒന്നായിരുന്നു. തങ്ങളുടെ കസ്റ്റമേഴ്‌സിന്റെ പ്രൈവസിയാണ് പ്രധാനമെന്ന് പറഞ്ഞ് സകല ഫോണ്‍ കമ്പനികളും സഞ്ചാര്‍ സാഥിയെ എതിര്‍ത്തതോടെ ഗവണ്മെന്റ് മുട്ടുകുത്തി.

പേട്രിയറ്റ് Photo: Screen grab/ Anto Joseph Film Company

പേട്രിയറ്റില്‍ പെഗാസസിന് സമാനമായ നിരീക്ഷണ പദ്ധതിയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. പെരിസ്‌കോപ്പ് എന്ന പേരില്‍ പലരെയും ഗവണ്മെന്റ് രഹസ്യമായി നിരീക്ഷിക്കുന്നതും അതിനെതിരെ നടത്തുന്ന പോരാട്ടവും ചിത്രം പറഞ്ഞുവെക്കുന്നു. സഞ്ചാര്‍ സാഥിക്ക് സമാനമായി സമാജ് സേവ എന്ന ആപ്പും ചിത്രത്തിലെ പ്രധാന ഭാഗമാണ്. എമര്‍ജന്‍സി റെസ്‌പോണ്‍സ് ആപ്പ് എന്ന പേരില്‍ പരിചയപ്പെടുത്തുന്ന സമാജ് സേവ സാധാരണക്കാരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നതായിട്ട് കാണിക്കുന്നുണ്ട്.

പേട്രിയറ്റ് Photo: Screen grab/ Anto Joseph Film Company

ഇത് മാത്രമല്ല, ഗവണ്മെന്റിന്റെ പ്രധാന പദ്ധതികളുടെ ഗുണഭോക്താക്കളായി കേന്ദ്ര മന്ത്രിമാരുടെ മക്കളുടെ കമ്പനികള്‍ മാറുന്നതും പേട്രിയറ്റില്‍ ചൂണ്ടിക്കാണിക്കുന്നു. പെരിസ്‌കോപ്പ് സാധാരണക്കാരിലേക്കെത്തിക്കുന്നത് കേന്ദ്രമന്ത്രിയായ ജെ.പി സുന്ദരത്തിന്റെ (രാജീവ് മേനന്‍) മകനായ ശക്തിയുടെ (ഫഹദ് ഫാസില്‍) കമ്പനിയാണ്.

എഥനോള്‍ കലര്‍ന്ന പെട്രോള്‍ രാജ്യത്ത് മുഴുവന്‍ വ്യാപിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെയാണ് തീരുമാനിച്ചത്. ഈ തീരുമാനത്തിലൂടെ ഏറ്റവും ലാഭം ലഭിച്ച കമ്പനിയുടെ ഉടമ ഒരു കേന്ദ്രമന്ത്രിയുടെ മകനാണ് എന്നത് ഒരുപാട് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. പേട്രിയറ്റ് എന്ന ചിത്രം ഇത്തരം വസ്തുതകളെ ചൂണ്ടിക്കാണിക്കുമ്പോള്‍ ഒരു പ്രത്യേക വിഭാഗത്തിന് പൊള്ളുമെന്ന് ഉറപ്പ്.

പേട്രിയറ്റ് Photo: Screen grab/ Anto Joseph Film Company

ഭരണകൂടത്തിന് കീഴടങ്ങാതെ പറയാനുള്ള രാഷ്ട്രീയം ധൈര്യപൂര്‍വം പറയുന്നതില്‍ മറ്റ് ഇന്‍ഡസ്ട്രികളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നതും ഇത്തരം കാര്യങ്ങള്‍ കൊണ്ടുതന്നെയാണ്.

Content Highlight: Patriot and Empuraan addressing socially relevant Topics

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം