ndtv-1കൊച്ചി: പത്താന്‍ കോട്ട് ഭീകരാക്രമണത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിരുത്തരവാദപരമായി പെരുമാറി എന്ന നിലപാട് സ്വീകരിച്ച എന്‍.ഡി.ടി.വിയ്‌ക്കെതിരെ ബി.ജെ.പി അനുകൂലികള്‍. സോഷ്യല്‍ മീഡിയയിലാണ് എന്‍.ഡി.ടി.വിക്കെതിരെ വ്യാപകമായ പ്രചരണങ്ങള്‍ നടക്കുന്നത്. ചാനല്‍ ദേശവിരുദ്ധത പടര്‍ത്താന്‍ ശ്രമിക്കുന്നതായും ഇവര്‍ ആരോപിക്കുന്നുണ്ട്. ഷട്ട് ഡൗണ്‍ എന്‍.ഡി.ടി.വി എന്ന പേരിലാണ് ക്യാമ്പയിന്‍.

പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഭീകരര്‍  ഇന്ത്യയില്‍ എങ്ങിനെ എത്തി എന്നതിനെ കുറിച്ച് ഒരു ഇന്‍വെസ്റ്റിഗേറ്റിവ് റിപ്പോര്‍ട്ട് എന്‍.ഡി.ടിവി ഓണ്‍ലൈനില്‍ നല്‍കിയിരുന്നു. സൈനികര്‍ കൊലപ്പെടുത്തിയ ആറുപേരെ കൂടാതെ ഇനിയും ഭീകരര്‍ താവളത്തില്‍ എത്തിയെന്നും രണ്ട് ട്രക്കുകളിലായാണ് ഭീകരര്‍ എത്തിയതെന്നും എന്‍.ഡി.ടി.വിയിലെ എഡിറ്റര്‍ ഇന്‍ ചീഫായ ബര്‍ക്കാ ദത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.


നേരത്തെ ബര്‍ക്കാദത്തിന്റെ പുസ്തകത്തില്‍ സാര്‍ക്ക് ഉച്ചകോടിക്കിടെ നരേന്ദ്രമോദിയും പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും കൂടിക്കാഴ്ച്ച നടത്തിയിരുന്നു എന്ന് സൂചിപ്പിച്ചിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ബര്‍ക്കാ ദത്തിനെതിരെയും എന്‍.ഡി.ടി.വിയ്‌ക്കെതിരെയും സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ നടക്കുന്നത്. ബര്‍ക്കാദത്ത് പാകിസ്ഥാനിലേക്ക് നാടുകടത്തണമെന്നും എന്‍.ഡി.ടി.വി അടച്ചുപൂട്ടണമെന്നും ഇക്കൂട്ടര്‍ ആവശ്യപ്പെടുന്നു.