ശമ്പളം കൊടുക്കാന്‍ പണമില്ല, ഭാഗിക ഷട്ട് ഡണ്‍; ഉദ്യോഗസ്ഥര്‍ കൂട്ട അവധിയില്‍; താളംതെറ്റി യു.എസിലെ വിമാനത്താവളങ്ങള്‍
World
ശമ്പളം കൊടുക്കാന്‍ പണമില്ല, ഭാഗിക ഷട്ട് ഡണ്‍; ഉദ്യോഗസ്ഥര്‍ കൂട്ട അവധിയില്‍; താളംതെറ്റി യു.എസിലെ വിമാനത്താവളങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th March 2026, 2:04 pm

വാഷിങ്ടണ്‍: അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ വകുപ്പ് നേരിടുന്ന ഫണ്ടിങ് പ്രതിസന്ധിയും തുടര്‍ന്നുണ്ടായ ഭാഗികമായ ഗവണ്‍മെന്റ് ഷട്ട്ഡൗണും യു.എസ് വ്യോമയാന മേഖലയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതായി റിപ്പോര്‍ട്ട്.

ട്രാന്‍സ്പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷനില്‍ ജീവനക്കാരുടെ ക്ഷാമം രൂക്ഷമായതോടെ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ട സ്ഥിതിയാണ്. ചരിത്രത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ കാത്തിരിപ്പ് സമയമാണ് ഇതെന്നാണ് റിപ്പോര്‍ട്ട്.

ഉദ്യോഗസ്ഥരും ജീവനക്കാരും കൂട്ട അവധിയിലേക്ക് പോയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഷട്ട്ഡൗണിന് മുമ്പ് വെറും 4% മാത്രമായിരുന്ന അടിയന്തിര അവധികള്‍ ഇപ്പോള്‍ 40% മുതല്‍ 50% വരെയായി വര്‍ധിച്ചുവെന്ന് ആക്ടിങ് ടി.എസ്.എ അഡ്മിനിസ്ട്രേറ്റര്‍ ഹാ ന്യൂയെന്‍ മക്‌നീല്‍ അറിയിച്ചു.

ജീവനക്കാരുടെ കുറവ് കാരണം സ്‌ക്രീനിങ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ പ്രതിസന്ധിയിലായി. ഇതോടെ സുരക്ഷാ പരിശോധനയ്ക്കായി ആളുകള്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്.

ടി.എസ്.എയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ സാഹചര്യമാണിതെന്ന് മക്‌നീല്‍ പറഞ്ഞു. സ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ ചെറുകിട വിമാനത്താവളങ്ങള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

അതേസമയം നിലവിലെ സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ ഉദ്യോഗസ്ഥരുടെ വേതനം നല്‍കാമെന്ന ശതകോടീശ്വരന്‍ എലോണ്‍ മസ്‌കിന്റെ നിര്‍ദേശം വൈറ്റ് ഹൗസ് നിരസിച്ചതായി സി.ബി.എസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഫണ്ടിങ് പ്രതിസന്ധി വിമാനത്താവളങ്ങളിലെ ലക്ഷക്കണക്കിന് അമേരിക്കക്കാരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ടി.എസ്.എ ഉദ്യോഗസ്ഥരുടെ ശമ്പളം ഏറ്റെടുക്കാന്‍ മസ്‌ക് സന്നദ്ധത അറിയിച്ചത്. എന്നാല്‍ ട്രംപ് ഭരണകൂടം ഈ നിര്‍ദേശം പരിശോധിച്ചെങ്കിലും ചില കാരണങ്ങളാല്‍ തള്ളുകയായിരുന്നു

അതിലൊന്ന് മസ്‌കിന്റെ വിവിധ കമ്പനികള്‍ക്ക് സര്‍ക്കാരുമായി നിരവധി കരാറുകള്‍ നിലവിലുണ്ട് എന്നതാണ്. ഫെഡറല്‍ ജീവനക്കാരുടെ ശമ്പളം നേരിട്ടോ അല്ലാതെയോ ഒരു സ്വകാര്യ വ്യക്തി നല്‍കുന്നത് നിയമപരമായ വെല്ലുവിളികള്‍ക്കും കോണ്‍ഫ്‌ളിക്ട് ഓഫ് ഇന്ററസ്റ്റിനും കാരണമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

Content Highlight: Passengers at US airports face record wait times as TSA staff shortages worsen amid DHS shutdown