എസ്.ഡി.പി.ഐ നേതാവുമായുള്ള ബന്ധം; വിജയരാഘവനെതിരെ തിരിഞ്ഞ് പാർട്ടി അണികൾ
Kerala
എസ്.ഡി.പി.ഐ നേതാവുമായുള്ള ബന്ധം; വിജയരാഘവനെതിരെ തിരിഞ്ഞ് പാർട്ടി അണികൾ
മുഹമ്മദ് നബീല്‍
Friday, 22nd May 2026, 9:40 am

മലപ്പുറം: കഴിഞ്ഞ ദിവസം എസ്.ഡി.പി.ഐ തിരൂർ മണ്ഡലം പ്രസിഡന്റ് ഷാഫിയുമായുള്ള വീഡിയോ പുറത്തുവന്നതിന് പിന്നാലെ സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം വിജയരാഘവനെതിരെ തിരിഞ്ഞിരിക്കുകയാണ്‌ ഒരു വിഭാഗം പാർട്ടി അണികൾ.

എസ്.ഡി.പി.ഐ നേതാവുമായുള്ള വിജയരാഘവന്റെ ബന്ധം എന്താണെന്ന് പാർട്ടി നേതൃത്വം അന്വേഷിക്കണമെന്നും അദ്ദേഹത്തിനെ ബിനാമി ഇടപാടുകൾ പരിശോധിക്കണമെന്നുമാണ് സി.പി.ഐ.എം അണികളും പ്രവർത്തകരും സമൂഹ മാധ്യമങ്ങളിലടക്കം ആവശ്യപ്പെടുന്നത്.

പാർട്ടിയിലെ മുതിർന്ന നേതാവായിരിക്കെ ലീഗ് – എസ്.ഡി.പി.ഐ പ്രവർത്തകരുമായുള്ള അടുപ്പം സി.പി.ഐ.എം പ്രവർത്തകരെ അപമാനിക്കുന്നതിന് തുല്യമാണെന്നും മുസ്‌ലിം ലീഗിനോട് ജീവിതം പോലും പണയം വെച്ച് പോരാടുന്ന മലപ്പുറത്തെ പാർട്ടി പ്രവർത്തകരുടെ ആത്മ വീര്യത്തെ കെടുതികളയുന്നതുമാണെന്നാണ് വിജയരാഘവനെതിരെയുള്ള ആക്ഷേപം.

നിയമസഭാ തെരഞ്ഞെടുപ്പിൽ സി.പി.ഐ.എം കനത്ത പരാജയം ഏറ്റുവാങ്ങിയപ്പോൾ എല്ലാ ജില്ലകളിലും ചുമതലക്കാരായ നേതാക്കൾ കടുത്ത വിമർശനത്തിനിരയായപ്പോൾ മലപ്പുറം ജില്ലയുടെ ചുമതലക്കാരനായ വിജയരാഘവന് ജില്ലയിലെ മുഴുവൻ സീറ്റും നഷ്ട്ടപ്പെട്ടപ്പോഴും ചോദ്യങ്ങളെ നേരിടേണ്ടി വന്നിട്ടില്ലെന്നും സി.പി.ഐ.എം പ്രവർത്തകൻ സൈബർ ഇടങ്ങളിൽ ആരോപിക്കുന്നു.

മലയാളം യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട് കെ.ടി ജലീലിനെതിരെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച ലീഗ് നേതാക്കൾ വിജയരാഘവന്റെ കച്ചവട ഇടപാടുകളെ ചോദ്യം ചെയ്യില്ലെന്നും കാരണം ഈ ഇടപാടുകളിൽ ലീഗ് നേതാക്കളും ഭാഗമാണെന്നും സൈബർ സഖാക്കൾ ആരോപിക്കുന്നു.

റിയൽ എസ്റ്റേറ്റ് ബ്രോക്കർ പണിയോടൊപ്പം വിജയരാഘവൻ മലപ്പുറത്ത് സംഘടനാ പ്രവർത്തനം നടത്തുന്ന കാലത്തോളം ജില്ലയിൽ സി.പി.ഐ.എം രക്ഷപ്പെടില്ലെന്നും, ചാനലുകളിൽ വർഗീയ വിരുദ്ധ നിലപാട് സ്വീകരിക്കുമ്പോൾ പോലും വർഗീയ പാർട്ടികളുമായി കൂട്ടുകൂടുകയാണെന്നും പാർട്ടി അണികൾ ആരോപണ ശരങ്ങളെറിഞ്ഞു.

പാർട്ടിയിലെ പല കമ്മറ്റികളിലും ഇഷ്ടക്കാരെ തിരുകിക്കയറ്റി വിജയരാഘവൻ തനിക്കെതിരെയുള്ള വിമർശനങ്ങളെ അടിച്ചൊതുക്കുകയാണെന്നുമുള്ള വിമർശനങ്ങളും ഉയരുന്നുണ്ട്.

അതേസമയം അദ്ദേഹത്തെ അനുകൂലിച്ചും പല പ്രവർത്തകരും രംഗത്തെത്തുന്നുണ്ട്. മലപ്പുറത്ത് സി.പി.ഐ.എമ്മിനെ വളർത്തിയതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് വിജയ രാഘവനെന്നാണ് അനുകൂലിക്കുന്നവരുടെ പക്ഷം.

Content Highlight: Party cadres turn against Vijayaraghavan over relationship with SDPI leader

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം