മെസിയോ റൊണാള്‍ഡോയോ? നിലപാട് വ്യക്തമാക്കി ഇറ്റാലിയന്‍ ഇതിഹാസം പൗലോ മാള്‍ഡീനി
Football
മെസിയോ റൊണാള്‍ഡോയോ? നിലപാട് വ്യക്തമാക്കി ഇറ്റാലിയന്‍ ഇതിഹാസം പൗലോ മാള്‍ഡീനി
ശ്രീരാഗ് പാറക്കല്‍
Tuesday, 11th August 2026, 10:14 pm

ഫുട്‌ബോള്‍ ലോകത്ത് കാലങ്ങളായി തുടരുന്ന ഏറ്റവും വലിയ ചര്‍ച്ചകളിലൊന്നാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണോ ലയണല്‍ മെസിയാണോ മികച്ചതെന്നത്. ഇരുവരും തങ്ങളുടെ കരിയറില്‍ സ്വന്തമാക്കിയ നേട്ടങ്ങളും റെക്കോഡുകളും കണക്കിലെടുക്കുമ്പോള്‍, ‘ഗോട്ട്’ ഡിബേറ്റ് ഇപ്പോഴും സജീവമാണ്.

ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പൗലോ മാല്‍ഡീനി. റൊണാള്‍ഡോയെക്കാള്‍ മികച്ച താരമായി മാല്‍ഡീനി തെരഞ്ഞെടുത്തത് മെസിയെയാണ്. ടോക്ക് സ്‌പോര്‍ട്ടിന് നല്‍കിയ അഭിമുഖത്തിനിടെയാണ് ഗോട്ട് ഡിബേറ്റിലെ തന്റെ അഭിപ്രായം മാള്‍ഡീനി തുറന്നുപറഞ്ഞത്.

‘മെസിയെ എനിക്ക് നന്നായി അറിയാം. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ബാലണ്‍ ഡി ഓര്‍ നേടിക്കൊണ്ടിരിക്കുന്ന റൊണാള്‍ഡോയെയും എനിക്ക് നന്നായി അറിയാം. റൊണാള്‍ഡോയാണോ മെസിയാണോ മികച്ചതെന്ന് ചോദിച്ചാല്‍, എന്റെ അഭിപ്രായത്തില്‍ അത് മെസിയാണ്. റൊണാള്‍ഡോ മികച്ച താരവും ശക്തനായ വ്യക്തിത്വവുമാകാം. പക്ഷേ എനിക്ക് ഇഷ്ടം മെസിയെയാണ്,’ മാള്‍ഡീനി പറഞ്ഞു.

റൊണാള്‍ഡോയും മെസിയും- Photo: The New York Times

ബാഴ്‌സലോണയ്‌ക്കൊപ്പം അവിസ്മരണീയമായ കരിയര്‍ കെട്ടിപ്പടുത്ത മെസി പിന്നീട് ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്‌നിനായും കളിച്ചു. നിലവില്‍ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിയുടെ താരമാണ് അര്‍ജന്റീന സൂപ്പര്‍ താരം.

അതേസമയം, 2026 ഫിഫ ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് കിരീടം നേടുകയെന്ന മെസിയുടെയും അര്‍ജന്റീനയുടെയും സ്വപ്നം ഫൈനലില്‍ അവസാനിച്ചു. കലാശപ്പോരാട്ടത്തില്‍ സ്പെയിനോട് പരാജയപ്പെട്ടതോടെയാണ് അര്‍ജന്റീനയ്ക്ക് കിരീടം നഷ്ടമായത്.

എങ്കിലും ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനമാണ് മെസി പുറത്തെടുത്തത്. എട്ട് ഗോളുകളും നാല് അസിസ്റ്റുകളും സ്വന്തമാക്കി ലോകകപ്പില്‍ തിളങ്ങിയ താരം ആരാധകരുടെ ഹൃദയം കീഴടക്കിയാണ് മടങ്ങിയത്. മാത്രമല്ല ലോകകപ്പ് ചരിത്രത്തില്‍ മെസിയുടെ ഗോള്‍നേട്ടം ഇതോടെ 21 ആയി.

 

Content Highlight: Paolo Maldini Talking About Lionel Messi And Cristiano Ronaldo

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ