ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ ടീമില്‍ വലിയ അഴിച്ചുപണി നടത്തിയ തീരുമാനത്തില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പി.സി.ബി) സെലക്ഷന്‍ കമ്മിറ്റി മേധാവി ആകിബ് ജാവേദ് വിമര്‍ശനങ്ങള്‍ നേരിടുന്നു.
മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിന് മുന്നോടിയായി ഏഴ് പുതിയ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്താനുള്ള പി.സി.ബിയുടെ തീരുമാനത്തിന് പിന്നില്‍ ആകിബ് ജാവേദായിരുന്നു. ഏകദിന-ടി20 കോച്ച് മൈക്ക് ഹെസണിന് പകരം സര്‍ഫറാസ് അഹമ്മദിനെ പെട്ടെന്ന് ടെസ്റ്റ് ടീമിന്റെ ചുമതല ഏല്‍പ്പിച്ചതും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇത്രയും വലിയ മാറ്റങ്ങള്‍ പെട്ടെന്ന് വരുത്താന്‍ ബോര്‍ഡിനെ പ്രേരിപ്പിച്ച കാരണങ്ങള്‍ ഒരു അഭിമുഖത്തില്‍ ആകിബ് ജാവേദ് വിശദീകരിച്ചു.
ഇംഗ്ലണ്ടിലെ പാകിസ്ഥാന്റെ മോശം പ്രകടനത്തിന് കാരണമായ ഘടകങ്ങള്‍ ചൂണ്ടിക്കാട്ടിയ ആകിബ്, ടെസ്റ്റ് ക്യാപ്റ്റന്‍ ബാബര്‍ അസമിനെയും ഹെഡ് കോച്ച് സര്‍ഫറാസ് അഹമ്മദിനെയും വിമര്‍ശിച്ചു. ഗ്രൗണ്ടില്‍ ആവശ്യമായ ചില നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ക്യാപ്റ്റനും കോച്ചും പരാജയപ്പെട്ടെന്നും അതാണ് ബോര്‍ഡിന് നേരിട്ട് ഇടപെടേണ്ട സാഹചര്യമുണ്ടാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.
‘ടീം മാനേജ്‌മെന്റിന് ഒരു പേസ് ഓള്‍റൗണ്ടര്‍, രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍, ഉബൈദ് ഷാ എന്ന ഫാസ്റ്റ് ബൗളര്‍ എന്നിവര്‍ ലഭ്യമായിരുന്നു. എന്നാല്‍ ആ തീരുമാനങ്ങള്‍ ഗ്രൗണ്ടില്‍ എടുത്തില്ല. ഞാന്‍ ക്യാപ്റ്റനോടും (ബാബര്‍ അസം) കോച്ചിനോടും സംസാരിക്കുകയും ഉബൈദ് ഷായെ കളിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കാരണം മറ്റ് ബൗളര്‍മാരായ മുഹമ്മദ് അബ്ബാസ്, മുഹമ്മദ് അലി, ഖുര്‍റം ഷെഹ്സാദ് എന്നിവര്‍ ഒരേ വേഗതയിലാണ് പന്തെറിയുന്നത്,’ ആകിബ് പറഞ്ഞു.
‘ഞങ്ങളുടെ ടോപ്പ് ഏഴ് ബാറ്റര്‍മാരില്‍ ആരും ബൗള്‍ ചെയ്യുന്നില്ല. നമ്മള്‍ ഒരു ഓള്‍റൗണ്ടറെ ഉള്‍പ്പെടുത്തണമായിരുന്നു. എന്നാല്‍ അതിലുപരി പ്രധാനമായിരുന്നത് മണിക്കൂറില്‍ ഏകദേശം 140 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിയുന്ന ഉബൈദ് ഷായെ ടീമിലെത്തിക്കുകയായിരുന്നു. ഒരു ഫാസ്റ്റ് ബൗളര്‍ക്ക് ബൗളിങ് നിരയുടെ സ്വഭാവം തന്നെ മാറ്റാന്‍ കഴിയും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഫോമിലല്ലാത്ത സല്‍മാന്‍ ആഗയെ ഒഴിവാക്കിയതില്‍ എനിക്ക് എതിര്‍പ്പില്ല. എന്നാല്‍ വിക്കറ്റ് കീപ്പറായി മുഹമ്മദ് റിസ്വാന് പകരം ഘാസി ഘോറിയെ കളിപ്പിക്കണമായിരുന്നു. കടുപ്പമേറിയ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ മാനേജ്മെന്റ് പരാജയപ്പെടുമ്പോള്‍ നടപടി സ്വീകരിക്കേണ്ടിവരും. നമ്മള്‍ ഇതിനകം പരമ്പര തോറ്റു. പോരാടാന്‍ പോലും കഴിയാത്തതിനാല്‍ ലോകം നമ്മളെ നോക്കി ചിരിക്കുകയാണ്,’ ബാബര്‍ അസമിനെയും സര്‍ഫറാസിനെയും രൂക്ഷമായി വിമര്‍ശിച്ച് ആകീബ് പറഞ്ഞു.
