ഇതിഹാസതാരം എം.എസ്. ധോണി 2014-15 ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലായിരുന്നു വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇപ്പോള്‍ ധോണിയുടെ വിരമിക്കലിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ താരം കരണ്‍ ശര്‍മ. നാല് മത്സരങ്ങളുള്ള പരമ്പരയിലെ മൂന്നാം മത്സരത്തിന് ശേഷം എം.എസ്. ധോണി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. സാധാരണമായ ഒരു ടീം മീറ്റിങ്ങില്‍ ധോണി എല്ലാവരെയും വിളിച്ച് തന്റെ തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു എന്ന് മുന്‍ സ്പിന്നര്‍ പറഞ്ഞു.
‘അദ്ദേഹം വിരമിക്കാന്‍ പോകുകയാണെന്ന് ഞങ്ങളില്‍ ആര്‍ക്കും അറിയില്ലായിരുന്നു. അദ്ദേഹം എല്ലാവരെയും വിളിച്ച് ഒരു ടീം മീറ്റിങ് നടത്തി. സാധാരണ ടീം മീറ്റിങ്ങായിരിക്കുമെന്നാണ് ഞങ്ങള്‍ കരുതിയത്. എന്നാല്‍ ആ യോഗത്തിലാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത്.
അദ്ദേഹത്തിന്റെ മനസില്‍ എന്താണ് നടക്കുന്നതെന്ന് ആര്‍ക്കും അറിയില്ലെന്ന് എല്ലാവര്‍ക്കുമറിയാം. തനിക്ക് ഏറ്റവും നല്ലതെന്ന് തോന്നുന്ന തീരുമാനങ്ങളാണ് അദ്ദേഹം എടുക്കുന്നത്,’ കരണ്‍ ശര്‍മ റെവ്‌സ്‌പോര്‍ട്‌സില്‍ പറഞ്ഞു.
അതേസമയം 2014-15 ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ പരാജയപ്പെടുകയായിരുന്നു. നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ ആദ്യ രണ്ടില്‍ ഓസീസ് വിജയം സ്വന്തമാക്കിയപ്പോള്‍ അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ സമനിലയിലാകുകയായിരുന്നു.
ധോണി തന്റെ അന്താരാഷ്ട്ര കരിയറില്‍ 90 ടെസ്റ്റുകളാണ് കളിച്ചത്. 38.09 ശരാശരിയില്‍ 4876 റണ്‍സ് അദ്ദേഹം നേടി. ആറ് സെഞ്ച്വറികളും 33 അര്‍ധസെഞ്ച്വറികളും താരം നേടി. 60 ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ച അദ്ദേഹം 27 വിജയങ്ങളും 18 തോല്‍വികളും 15 സമനിലകളും നേടി. റെഡ്‌ബോളില്‍ 45ആണ് താരത്തിന്റെ വിജയശതമാനം.
Content Highlight: Karn Sharma Talking About M.S Dhoni’s Retirement In Test Cricket