അവര്‍ ഏറ്റവും വലിയ വിഷം; ബാബര്‍ അസമിന്റെ പരാജയത്തില്‍ ആഞ്ഞടിച്ച് മുഹമ്മദ് യൂസഫ്
Sports News
അവര്‍ ഏറ്റവും വലിയ വിഷം; ബാബര്‍ അസമിന്റെ പരാജയത്തില്‍ ആഞ്ഞടിച്ച് മുഹമ്മദ് യൂസഫ്
ആദർശ് എം.കെ.
Sunday, 30th August 2026, 6:32 pm

 

പാകിസ്ഥാന്‍ ടെസ്റ്റ് നായകന്‍ ബാബര്‍ അസമിന്റെ ബാറ്റിങ്ങിലെ സാങ്കേതിക തകരാറുകള്‍ പരിഹരിക്കാന്‍ അനുവദിക്കാതെ താരത്തെ തെറ്റായ വഴിയിലൂടെ നയിച്ച പരിശീലകര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പാക് സൂപ്പര്‍ താരവും ബാറ്റിങ് കോച്ചുമായിരുന്ന മുഹമ്മദ് യൂസഫ്. ഇത്തരം പരിശീലകര്‍ ക്രിക്കറ്റിന് വിഷം ആണെന്ന് യൂസഫ് തുറന്നടിച്ചു.

2022 ഡിസംബറിന് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു സെഞ്ച്വറി പോലും നേടാന്‍ കഴിയാതെ ബാബര്‍ അസം കടുത്ത ഫോം ഔട്ടിലൂടെയാണ് കടന്നുപോകുന്നത്. പല മത്സരങ്ങളിലും മികച്ച തുടക്കം ലഭിച്ചെങ്കിലും സ്വന്തം സാങ്കേതിക തകരാറുകള്‍ മൂലം താരം വീണ്ടും വീണ്ടും ഒരേ രീതിയിലാണ് വിക്കറ്റ് കളഞ്ഞു കുളിക്കുന്നത്.

ബാബർ അസം

ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലും ബാബര്‍ തന്റെ സ്ഥിരം ബലഹീനത മൂലം പുറത്തായിരുന്നു. ഇംഗ്ലണ്ട് മുതല്‍ വെസ്റ്റ് ഇന്‍ഡീസ് വരെയുള്ള പരമ്പരകളില്‍ ബാബര്‍ പുറത്തായ സമാനമായ രീതികളെ മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനും കമന്റേറ്ററുമായ നാസര്‍ ഹുസൈന്‍ കമന്ററിക്കിടെ കൃത്യമായി വിശകലനം ചെയ്തിരുന്നു.

ഈ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് മുഹമ്മദ് യൂസഫ് തന്റെ അമര്‍ഷം രേഖപ്പെടുത്തിയത്. ബാബറിന്റെ ബാറ്റിങ്ങിലെ പോരായ്മകള്‍ വളരെ എളുപ്പത്തില്‍ തിരുത്താമായിരുന്നുവെന്നും എന്നാല്‍ കൂടെയുണ്ടായിരുന്ന പരിശീലകര്‍ അതിന് അനുവദിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

‘വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഞാന്‍ ഇതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ബാബറിനും മറ്റ് കളിക്കാര്‍ക്കും ചുറ്റുമുള്ള ചില ‘സോ കോള്‍ഡ്’ കോച്ചുകള്‍ വളരെ എളുപ്പത്തില്‍ പരിഹരിക്കാമായിരുന്ന ഈ പ്രശ്‌നങ്ങള്‍ തിരുത്താന്‍ അവരെ അനുവദിച്ചില്ല. ആ പരാജയമാണ് ഇന്ന് പാകിസ്താന്‍ ക്രിക്കറ്റിനെ ഈ തകര്‍ച്ചയിലേക്ക് തള്ളിയിട്ടത്,’ അദ്ദേഹം പറഞ്ഞു.

ബാബർ അസം

നിലവിലെ പരിശീലകരുടെ കാഴ്ചപ്പാടില്ലായ്മയെയും വഴിതെറ്റിക്കുന്ന സമീപനത്തെയും യൂസഫ് ശക്തമായി വിമര്‍ശിച്ചു.

‘ഇത്തരം പരിശീലകര്‍ കളിക്കാരെ സംബന്ധിച്ച് വിഷത്തിന് തുല്യമാണ്. കൃത്യമായ കാഴ്ചപ്പാടില്ലാത്ത ഇവര്‍ കളിക്കാരുടെ പുരോഗതി തടസ്സപ്പെടുത്തുകയും കഴിവുള്ള താരങ്ങളെപ്പോലും തെറ്റായ വഴിയിലേക്ക് നയിക്കുകയും ചെയ്യുന്നു.

ആരെയാണ് കേള്‍ക്കേണ്ടതെന്നും ആരുടെ ഉപദേശമാണ് സ്വീകരിക്കേണ്ടതെന്നും കളിക്കാര്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍, അവരുടെ കരിയര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ അവസാനിക്കും.

ബംഗ്ലാദേശ് മുതല്‍ ഇംഗ്ലണ്ട് വരെയുള്ള പരമ്പരകളില്‍ പാക് താരങ്ങളുടെ മോശം ടെക്‌നിക് ക്രൂരമായി തുറന്നുകാട്ടപ്പെട്ടു. വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുത്താമായിരുന്ന തെറ്റുകള്‍ ഇന്ന് വലിയ ബലഹീനതയായി മാറി അന്താരാഷ്ട്ര വേദിയില്‍ ടീമിനെ പരാജയത്തിലേക്ക് തള്ളിയിടുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാബറിന്റെ ഫോമില്ലായ്മ പാകിസ്ഥാന്‍ ടീമിന്റെ മൊത്തത്തിലുള്ള പ്രകടനത്തെയും ബാധിച്ചിട്ടുണ്ട്. വിദേശത്ത് കളിച്ച അവസാന 10 മത്സരങ്ങളില്‍ 9 എണ്ണത്തിലും പാകിസ്താന്‍ പരാജയപ്പെട്ടു. വെസ്റ്റ് ഇന്‍ഡീസിനെതിരെ നേടിയ ഒരൊറ്റ ജയം മാത്രമാണ് ആകെയുള്ള ആശ്വാസം.

2023ലെ മോശം പ്രകടനങ്ങളെത്തുടര്‍ന്ന് ബാബറിനെ ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍ നിന്ന് നീക്കിയിരുന്നു. എന്നാല്‍ ഷാന്‍ മസൂദിന്റെ കീഴിലും ടീമിന് തിളങ്ങാന്‍ കഴിയാതെ വന്നതോടെ വീണ്ടും ബാബര്‍ ക്യാപ്റ്റനായി തിരിച്ചെത്തുകയായിരുന്നു.

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ തോല്‍വിയേറ്റുവാങ്ങിയ പാകിസ്ഥാന്‍ രണ്ടാം ടെസ്റ്റിലും തോല്‍വി മുമ്പില്‍ കാണുകയാണ്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 389 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന്‍ ലഞ്ചിന് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 53 എന്ന നിലയിലാണ്. 42 പന്തില്‍ 15 റണ്‍സുമായി ഷാന്‍ മസൂദും 36 പന്തില്‍ 23 റണ്‍സുമായി സൗദ് ഷക്കീലുമാണ് ക്രീസില്‍.

ബാബര്‍ അസം വീണ്ടും ഒറ്റയക്കത്തിന് മടങ്ങിയപ്പോള്‍ അസന്‍ അവായിസ് ആറ് റണ്‍സിനും അബ്ദുള്ള ഷഫീഖ് പൂജ്യത്തിനും മടങ്ങി.

 

Content Highlight: ‘These coaches are poison to the game’: Mohammad Yousuf launches scathing criticism regarding Babar Azam’s failures.

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.