ബിര്‍മിങ്ഹാം: പാകിസ്താന്റെ സെമി സാധ്യതകള്‍ നിലനില്‍ക്കണമെന്നിരിക്കെ ഇംഗ്ലണ്ടിനെതിരായ നിര്‍ണായകമായ മത്സരത്തില്‍ ഇന്ത്യയുടെ ജയത്തിനായി അരയും തലയും മുറുക്കി പാക് ആരാധകര്‍. ടീം ഇന്ത്യ ജയിക്കാനായി ഇന്ത്യയുടെ ദേശീയഗാനം ചൊല്ലാന്‍ വരെ പാക് ആരാധകര്‍ തയ്യാറായിട്ടുണ്ട്.

ഇന്നത്തെ കളിയില്‍ ഇംഗ്ലണ്ടിനെയാണോ പാകിസ്താനെയാണോ പിന്തുണയ്ക്കുന്നതെന്ന മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന്റെ ട്വീറ്റിന് മറുപടിയായിട്ടാണ് സോഷ്യല്‍മീഡിയയില്‍ പാക് ആരാധകര്‍ വരിവരിയായി ഇന്ത്യന്‍ ദേശീയഗാനം ചൊല്ലുന്നത്.

ലോകകപ്പില്‍ പുറത്താകുമെന്ന ഘട്ടത്തില്‍ കളിച്ച അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെയും ന്യൂസിലാന്‍ഡിനെയും അഫ്ഗാനിസ്താനെയും പരാജയപ്പെടുത്തി പാകിസ്താന്‍ പോയന്റ് പട്ടികയില്‍ നാലാമതെത്തിയിരുന്നു. ഇംഗ്ലണ്ടിനെ പിന്തള്ളിയാണ് പാകിസ്താന്‍ നാലാം സ്ഥാനത്തെത്തിയത്.

ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 338 റണ്‍സിന്റെ വിജയലക്ഷ്യമാണുള്ളത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ നാലോവര്‍ പിന്നിടുന്നതിനിടെ ഓപ്പണര്‍ കെ.എല്‍ രാഹുലിനെ പൂജ്യത്തിന് നഷ്ടമായിട്ടുണ്ട്.