കോഴിക്കോട്: കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത കെ.മുരളീധരന് മറുപടിയുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. കോണ്‍ഗ്രസിലേക്ക് തന്നെ ക്ഷണിച്ച കെ.മുരളീധരന്‍ അടക്കമുളളവര്‍ അവരുടെ സ്ഥാനം സുരക്ഷിതമാണോ എന്ന് പരിശോധിക്കണമെന്ന് പത്മകുമാര്‍ പറഞ്ഞു.

തന്റെ രാജി വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും പിടിച്ച കൊടി പുതച്ച് കിടക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഞങ്ങളെന്നും പത്മകുമാര്‍ പറഞ്ഞു.

Read Also : സംഘാടകര്‍ തീവ്രസ്വഭാവമുള്ളവരെന്ന് പൊലീസ് റിപ്പോര്‍ട്ട്; ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുത്തേക്കില്ല

മുന്നണിയും പാര്‍ട്ടിയും മാറുന്നത് സ്വപ്നം കാണുന്നവരാണ് തന്നെ ക്ഷണിച്ചത്. രാമന്‍നായരെ സംരക്ഷിക്കാന്‍ പോലും കഴിയാത്തവരാണ് പുതിയ ആളുകളെ തേടി നടക്കുന്നതെന്നും എ.പത്മകുമാര്‍ സന്നിധാനത്ത് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പത്മകുമാറിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് കെപിസിസി പ്രചാരണ വിഭാഗം തലവന്‍ കെ മുരളീധരന്‍ രംഗത്തെത്തിയത്. “പത്മകുമാര്‍ സി.പി.ഐ.എമ്മില്‍ തുടര്‍ന്നാല്‍ കാര്യം പോക്കാണ്. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ ചുക്കാന്‍ പിടിച്ചയാളാണ് സര്‍ക്കാര്‍ ഭരണമേല്‍പ്പിച്ച കെ.പി ശങ്കര്‍ദാസ്. കാനനവാസമാണ് സി.പി.ഐ.എം ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് വിധിക്കാന്‍ പോകുന്നത്. പത്മകുമാര്‍ കോണ്‍ഗ്രസിലേക്ക് വന്നാല്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാണ്”. എന്നുമായിരുന്നു യു.ഡി.എഫിന്റെ ഏകദിന ഉപവാസ വേദിയില്‍ മുരളീധരന്‍ പറഞ്ഞത്.