ശ്രീനഗര്‍: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പരിഹാസവുമായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള. ഗ്യാനേഷ് കുമാറിന് പത്മഭൂഷണ്‍ നല്‍കണമെന്ന ബി.ജെ.പി നേതാക്കളുടെ പരാമര്‍ശത്തെ പരിഹസിച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം.

തെരഞ്ഞടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഏറെ ഗൗരവകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പത്മഭൂഷണ്‍ നല്‍കുന്നതില്‍ എന്തിന് നിര്‍ത്തണം? ഭാരതരത്‌നം നല്‍കണം. അടുത്ത രാഷ്ട്രപതി തെരഞ്ഞെടുപ്പിന് ശേഷം അദ്ദേഹത്തെ രാഷ്ട്രപതിയാക്കുകയും ചെയ്യാം,’ അബ്ദുള്ള പറഞ്ഞു.

പശ്ചിമ ബംഗാളിനെ ബി.ജെ.പിക്ക് സമ്മാനിച്ചതിനാല്‍ ഗ്യാനേഷ് കുമാറിന് കൂടുതല്‍ അംഗീകാരം നല്‍കണമെന്നും ഉമര്‍ പരിഹസിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ ആരോപണങ്ങളില്‍ കമ്മീഷന്‍ ആത്മപരിശോധന നടത്തണമെന്നും ആരോപണങ്ങള്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി ഉന്നയിച്ചതല്ലെന്നും ഒരു പത്രത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിലൂടെയാണ് തെളിവുകള്‍ പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു.

ആരോപണങ്ങള്‍ മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നതിന് പകരം കമ്മീഷന്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്നും ഉമര്‍ ആവശ്യപ്പെട്ടു.

‘പ്രതിപക്ഷ പാര്‍ട്ടികള്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനെ എതിര്‍ക്കുന്നു. ഇത് ഒരു കാരണവുമില്ലാതെ സംഭവിക്കുന്നതല്ല. കഴിഞ്ഞ പത്ത് മാസത്തിനിടെ തെരഞ്ഞടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധുവും വിവേക് ജോഷിയും എസ്.ഐ.ആറുമായി ബന്ധപ്പെട്ട് കമ്മീഷന്‍ എടുക്കുന്ന തീരുമാനങ്ങളെ 14 തവണയെങ്കിലും എതിര്‍ത്തിരുന്നു,’ അദ്ദേഹം പറഞ്ഞു.

എസ്.ഐ.ആറില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ വിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് ഉമറിന്റെ പ്രതികരണം.

Content Highlights: ‘Padma Bhushan isn’t enough; he should be given the Bharat Ratna’ — Omar Abdullah mocks Gyanesh Kumar.