Administrator
Administrator
സൗമ്യയ്ക്ക് പിന്നാലെ ഒറിയപ്പെണ്‍കുട്ടിയും: പീഡനം നടന്നതിന് തെളിവ്
Administrator
Thursday 25th August 2011 2:36am

തൃശൂര്‍: സമൂഹ മനസ്സാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ച സൗമ്യസംഭവത്തിനോട് സാമ്യമുള്ള  മറ്റൊരു ക്രൂരതയ്ക്ക് തൃശൂര്‍ കഴിഞ്ഞ ദിവസം സാക്ഷിയായി. കേരളജനത ഞെട്ടലോടെ ഓര്‍ക്കുന്ന സൗമ്യ വധക്കേസിന്റെ വിചാരണ തൃശൂര്‍ കോടതിയില്‍ പുരോഗമിക്കെയാണ് സമാനസംഭവത്തിന് തൃശൂര്‍ വീണ്ടും വേദിയായത്. കഴിഞ്ഞ ദിവസം തൃശൂര്‍ റെയില്‍വേ ട്രാക്കില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഒറീസ സ്വദേശിനിയായ യുവതി പീഡനത്തിനിരയായിരുന്നുവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കുട്ടിയെ ശ്വാസം മുട്ടിച്ചതായും രഹസ്യഭാഗങ്ങളില്‍ മുറിവുള്ളതായും പരിശോധനയില്‍ വ്യക്തമായി. വീഴ്ചയുടെ ആഘാതത്തില്‍ തലച്ചോറില്‍ വിവിധ ഭാഗങ്ങളിലായി നിരവധി ക്ഷതങ്ങള്‍ ഉള്ളതായി എം.ആര്‍.ഐ സ്‌കാനിങ്ങില്‍ വ്യക്തമായി. അപകടനില ഇനിയും തരണം ചെയ്തിട്ടില്ലാത്ത പെണ്‍കുട്ടിയ്ക്ക് ഒന്നരമാസത്തോളം കൃത്യമായ പരിചരണം നല്‍കിയാല്‍ ബോധം തിരിച്ചുകിട്ടുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Ads By Google

കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് പെണ്‍കുട്ടിയെ ട്രാക്കില്‍ കണ്ടെത്തുന്നത്. ട്രെയിന്‍ വരുന്നതിനു മുമ്പ് ട്രാക്കില്‍നിന്ന് മാറ്റിയതിനാല്‍ പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായി. പെണ്‍കുട്ടികളെ കാണാതായതു സംബന്ധിച്ച് കമ്പനി ഉടമയും മറ്റു ചിലരും ചേര്‍ന്ന് പുതുക്കാട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. സമീപവാസികളുടേതടക്കം പതിനാലായിരം രൂപയുമായി കടന്നുകളഞ്ഞു എന്നായിരുന്നു പരാതി. ഭാഷയിലുള്ള പരിമിതി നില്‍ക്കെ ആശയവിനിമയത്തില്‍വന്ന അപാകത പരാതി നല്‍കുന്നതിനെയും സാരമായി ബാധിച്ചു. പുതുക്കാട് ചിറ്റിശ്ശേരി തുണ്ടേപ്പറമ്പില്‍ പി.എ സെറാമിക്‌സ് കമ്പനിയിലെ ജീവനക്കാരായ ഒറീസ ദമ്പതികളുടെ മകളാണ് ഈ പെണ്‍കുട്ടി. വീട്ടില്‍നിന്നും പിണങ്ങിയിറങ്ങിയ യുവതി സഹോദരിയോടൊപ്പം ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ചിരുന്ന പരാതി. പെണ്‍കുട്ടിയുടെ സഹോദരിയ എറണാകുളം ടൗണ്‍ സ്‌റ്റേഷനില്‍ ട്രെയിനിലാണ് കണ്ടെത്തിയത്.

അതേസമയം പോലീസിന് ലഭിച്ച പരാതിയില്‍ ഒട്ടേറെ ദുരൂഹത നിലനില്‍ക്കുന്നുണ്ട്. കാണാനില്ലെന്ന പരാതി നല്‍കിയ ശേഷവും പെണ്‍കുട്ടികളെ വീട്ടില്‍ത്തന്നെ കണ്ടിരുന്നുവെന്ന് സമീപവാസികള്‍ പറയുന്നു. മാത്രമല്ല, പെണ്‍കുട്ടികളെ കണ്ടെത്തിയ കാര്യത്തിലും ഈ വൈരുദ്ധ്യം നിലനില്‍ക്കുന്നുണ്ട്. അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ കണ്ടെത്തുന്നത് പുതുക്കാട്ടുനിന്ന് ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ചെമ്പിശ്ശേരി മേല്‍പ്പാലത്തിലാണ്. എന്നാല്‍ അനിയത്തിയെ കണ്ടെത്തിയത് എറണാകുളം റെയില്‍വേസ്റ്റേഷനിലാണ്. പ്രായപൂര്‍ത്തിയാകാത്ത രണ്ടുപെണ്‍കുട്ടികളെ കാണാതായിട്ടും പോലീസിന് ലഭിച്ച പരാതി പണം മോഷണം പോയി എന്നതാണ്. പരാതി നല്‍കിയിരിക്കുന്നത് ഇവരുടെ മാതാപിതാക്കള്‍ ജോലി ചെയ്യുന്ന കമ്പനിയുടെ ഉടമയാണെന്നതും സംഭവത്തിന്റെ ദൂരൂഹത വര്‍ധിപ്പിക്കുന്നു.

സൗമ്യ സംഭവത്തെത്തുടര്‍ന്ന് ട്രെയിനില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന ആവശ്യവുമായി നിരവധി വനിതാസംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഇവയ്‌ക്കൊന്നും വേണ്ടത്ര ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെന്നാതാണ് കഴിഞ്ഞ ദിവസം നടന്ന സംഭവം വ്യക്തമാക്കുന്നത്. തൃശൂര്‍ വള്ളത്തോള്‍ നഗര്‍ സ്‌റ്റേഷനു സമീപം ട്രെയിന്‍ യാത്രക്കാരിയായ സൗമ്യ എന്ന യുവതി യാത്രക്കിടെ ബോഗിയില്‍ നിന്നു തള്ളിയിടപ്പെട്ട് പീഡിപ്പിക്കപ്പെടുകയും തുടര്‍ന്ന് ആശുപത്രിയില്‍ മരിക്കുകയും ചെയ്ത സംഭവത്തിനു പിന്നാലെയാണ് തൃശൂരില്‍നിന്നുതന്നെ സമാനമായ മറ്റൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സൗമ്യയെപ്പോലെത്തന്നെ ഈ പെണ്‍കുട്ടിയെയും പീഡിപ്പിച്ച ശേഷമാണ് ട്രാക്കില്‍ തള്ളിയതെന്നും പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.

Advertisement