വീശിയടിച്ച് തൂഫാന്‍; ഇന്നലെ മാത്രം 113 കേസ്, ആകെ കേസ് 5997
Kerala News
വീശിയടിച്ച് തൂഫാന്‍; ഇന്നലെ മാത്രം 113 കേസ്, ആകെ കേസ് 5997
ആദർശ് എം.കെ.
Wednesday, 8th July 2026, 2:23 pm

തിരുവനന്തപുരം: ലഹരിസംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ സംസ്ഥാന വ്യാപകമായി കേരള പൊലീസ് നടത്തുന്ന ‘ഓപ്പറേഷന്‍ തൂഫാന്‍’ ശക്തമായി തുടരുന്നു. സംസ്ഥാനത്തുടനീളം നടത്തിയ പരിശോധനയില്‍ കഴിഞ്ഞ ദിവസം മാത്രം 126 പേരെ അറസ്റ്റ് ചെയ്യുകയും 113 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

രജിസ്റ്റര്‍ ചെയ്തവയില്‍ ചെറിയ അളവില്‍ ലഹരിമരുന്ന് കൈവശം വെച്ചതിന് 36 കേസുകളും, മിതമായ അളവില്‍ കൈവശം വെച്ചതിന് 5 കേസുകളും, എന്‍.ഡി.പി.എസ് ആക്ട് സെക്ഷന്‍ 27 പ്രകാരം 72 കേസുകളുമാണ് ഉള്ളത്. ഇതിനുപുറമെ പുകയില ഉത്പന്ന നിരോധന നിയമമായ കോട്പ (COTPA) പ്രകാരം 42 കേസുകളും പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പിടിയിലായവരില്‍ നിന്ന് 4.762 ഗ്രാം എം.ഡി.എം.എ, 8.714 കിലോഗ്രാം കഞ്ചാവ്, 0.9 ഗ്രാം ഹെറോയിന്‍, 8 ഗ്രാം ബ്രൗണ്‍ ഷുഗര്‍ എന്നിവയ്ക്ക് പുറമെ നാല് കഞ്ചാവ് ചെടികളും പോലീസ് സംഘം പിടിച്ചെടുത്തു.

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ ആകെ 5,997 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ കേസുകളിലായി ആകെ 6,439 അറസ്റ്റുകളും നടന്നു. ഈ നടപടികളിലൂടെ ഇതുവരെ ആകെ 3,877 ഗ്രാം എം.ഡി.എം.എയും 439.276 കിലോഗ്രാം കഞ്ചാവുമാണ് പൊലീസ് പിടിച്ചെടുത്തത്.

ലഹരിമരുന്ന് വിരുദ്ധ വേട്ടയ്‌ക്കൊപ്പം തന്നെ ശക്തമായ ബോധവത്കരണ പരിപാടികളും പൊലീസ് സംഘടിപ്പിച്ചു വരുന്നുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മാത്രം സംസ്ഥാനത്തുടനീളം 89 ബോധവത്കരണ ക്ലാസുകള്‍ കേരള പൊലീസ് നടത്തി.

ഇതോടെ പോലീസ് ഇതുവരെ നടത്തിയ ആകെ ബോധവത്കരണ ക്ലാസുകളുടെ എണ്ണം 6,430ഉം കൗണ്‍സിലിങ്ങുകളുടെ എണ്ണം 301ഉം ആയി ഉയര്‍ന്നു. കൂടാതെ സ്‌കൂള്‍, കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ആകെ 5,264 ബോധവത്കരണ പരിപാടികളും ഇതുവരെ സംഘടിപ്പിച്ചിട്ടുണ്ട്.

ലഹരി വിപണനത്തെയും ഉപയോഗത്തെയും കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് 9497979794, 9497927797 എന്നീ നമ്പറുകളില്‍ നേരിട്ട് വിളിച്ചോ, 9995966666 എന്ന വാട്‌സ്ആപ്പ് നമ്പര്‍ മുഖേനയോ പൊലീസിനെ അറിയിക്കാവുന്നതാണ്.

ഈ നമ്പറുകളില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ തികച്ചും രഹസ്യമായി സൂക്ഷിക്കുമെന്ന് സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. അഞ്ചല്‍ കൃഷ്ണകുമാര്‍ അറിയിച്ചു.

 

Content Highlight: Operation Toofan, 113 cases yesterday alone.

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.