netന്യൂദല്‍ഹി: നെറ്റ് ന്യൂട്രാലിറ്റിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തുറന്ന കത്ത്. സെയ്‌വ്‌ദെയര്‍ഇന്റര്‍നെറ്റ്.ഇന്‍ എന്ന വെബ്‌സൈറ്റിലാണ് തുറന്ന കത്ത് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇന്ത്യയില്‍ പുരോഗതിയും കണ്ടുപിടിത്തങ്ങളും വികസനവും സാധ്യമാകണമെങ്കില്‍ നെറ്റ് ന്യൂട്രാലിറ്റി നിലനില്‍ക്കേണ്ടതുണ്ടെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്.

കത്തിന്റെ പ്രസക്ത ഭാഗങ്ങള്‍:

ബഹുമാനപ്പെട്ട സാര്‍,

ഇന്ത്യന്‍ ഇന്റര്‍നെറ്റ് അനുവദിക്കുന്ന സംരംഭങ്ങളുടെ സ്ഥാപകരും അതില്‍ പങ്കാളിത്തമുള്ളവരുമെന്ന നിലയിലാണ് ഞങ്ങള്‍ എഴുതുന്നത്.

ഇന്ത്യയില്‍ നിന്നും ലോകശ്രദ്ധയാകര്‍ഷിക്കുന്ന ഒരു കമ്പനി എന്ന സ്വപ്‌നം കണ്ടാണ് ഞങ്ങളോരുത്തരും ഈ സംരംഭങ്ങളുമായി യാത്ര തുടങ്ങിയത്. ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, ആമസോണ്‍ എന്നിവയ്ക്കു പിറകേ ഒരു ഇന്ത്യന്‍ കമ്പനികൂടി എന്തുകൊണ്ട് വന്നുകൂട. ഞങ്ങളുടെ സ്വപ്‌നം താങ്കളുടേത് കൂടിയാണെന്ന് അറിയാം. മെയ്ക്ക് ഇന്‍ ഇന്ത്യ എന്ന വാക്കുകളില്‍ അത് വ്യക്തമാകുന്നുമുണ്ട്.

ഞങ്ങള്‍ മറ്റൊരു സ്വപ്‌നം കൂടി പങ്കുവെയ്ക്കുന്നു. ഡിജിറ്റല്‍ ഇന്ത്യ എന്ന സ്വപ്നം. ഇന്ത്യക്കാരനെന്ന നിലയില്‍ അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഒരു ബിസിനസ് എന്ന രീതിയിലും ഈ സ്വപ്‌നം ഞങ്ങള്‍ക്കുണ്ട്. അതിനുള്ള എല്ലാ സാധ്യതയുംഇന്റര്‍നെറ്റ് ഞങ്ങള്‍ക്കു തുറന്നുതരുന്നു.

പക്ഷെ ഈ സ്വപ്‌നങ്ങളെല്ലാം തന്നെ സഫലമാകണമെങ്കില്‍ ഞങ്ങള്‍ക്കു മുമ്പില്‍ തുറന്ന ഒരു ഇന്റര്‍നെറ്റ് വേണം.

“ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട സംരഭങ്ങള്‍ക്കും ഓണ്‍ലൈന്‍ സേവനതാതാക്കള്‍ക്കും സര്‍ക്കാര്‍ ലൈസന്‍സ് നേടാന്‍ സാധിക്കുകയാണെങ്കില്‍, അല്ലെങ്കില്‍ ലോകത്തിലെ ഒാരോ സേവന ദാതാവിനും പണം നല്‍കേണ്ട അവസ്ഥ വരികയാണെങ്കില്‍ പതിനായിരിക്കണക്കിന് അത്തരം സ്ഥാപനങ്ങളുടെ മത്സരത്തിനിടയില്‍ കണ്ടുപിടിത്തങ്ങളും, പുരോഗതിയും എല്ലാം അപ്രത്യക്ഷമാവും” എന്നു പറഞ്ഞുകൊണ്ട് ലൈസന്‍സിങ്ങനെതിരെയും കത്തില്‍ ശക്തമായ വിമര്‍ശനമുണ്ട്.

സീറോ റേറ്റിങ് ആപ്പിനെതിരെയും കത്തില്‍ പരാമര്‍ശമുണ്ട്. ഇതിനു പിന്നിലെ ലക്ഷ്യം പാവപ്പെട്ടവന് ഇന്റര്‍നെറ്റ് സാധ്യമാക്കുകയെന്നല്ല, മറിച്ച് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുകയെന്നതാണെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.

“അവരുടെ പാക്കേജില്‍ അവര്‍ ഓഫര്‍ ചെയ്യുന്ന വിരലിലെണ്ണാവുന്ന സൈറ്റുകള്‍ ഇന്റര്‍നെറ്റ് ഇപ്പോള്‍ തരുന്ന 100 കോടി വെബ്‌സൈറ്റിന്റെ വളരെച്ചെറിയൊരു ഭാഗം മാത്രമേ ആകൂ. പാവപ്പെട്ടവര്‍ക്ക് ഇന്റര്‍നെറ്റ് ഉപഭോഗം സാധ്യമാക്കാനാണെന്നും പറഞ്ഞ് തങ്ങളുടെ എതിരാളികളുടെ മധ്യവര്‍ഗ ഉപഭോക്താക്കളെയാണ് അവര്‍ ലക്ഷ്യമിടുന്നത്. അല്ലാതെ ഇപ്പോള്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമല്ലാത്ത പാവപ്പെട്ടവരെയല്ല.”യെന്നും കത്തില്‍ പറയുന്നു.

ട്രായിയില്‍ വരുന്ന അഭിപ്രായങ്ങളും അതിനുള്ള എതിരഭിപ്രായങ്ങളും പ്രസിദ്ധീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. നെറ്റ് ന്യൂട്രാലിറ്റി വിഷയത്തില്‍ തീരുമാനമെടുക്കുന്നതില്‍ കൂടുതല്‍ ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി രാജ്യത്തെ പ്രധാന ഇടങ്ങളിലെല്ലാം തുറന്ന സംവാദം സംഘടിപ്പിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.