ഇല പൊഴിയാ താഴ്‌വരയിലേക്ക് ഒരു സഫാരി
Travel
ഇല പൊഴിയാ താഴ്‌വരയിലേക്ക് ഒരു സഫാരി
sabeena tk
Saturday, 16th March 2019, 3:55 am

ധികമാരും കേട്ടിട്ടില്ലാത്ത എന്നാല്‍ ആരും ഒരു തവണ വന്നാല്‍ വീണ്ടും വീണ്ടും തിരിച്ചു വിളിച്ചുകൊണ്ടേയിരിക്കുന്ന ഒരു കൊച്ചു സുന്ദര പ്രദേശം, അതാണ് ഇലവീഴാ പൂഞ്ചിറ. കോട്ടയം ജില്ലയില്‍ ആണെന്നാണ് വെപ്പ്, എന്നാല്‍ മട്ടും ഭാവവുമൊക്കെ അങ്ങ് മൂന്നാറിന്റേയും. പറഞ്ഞുവരുന്നത് കോട്ടയം- ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയിലായിലായി സ്ഥിതിചെയ്യുന്ന വിനോദ സഞ്ചാര കേന്ദ്രം ഇലവീഴാപൂഞ്ചിറയെക്കുറിച്ചാണ്.

കോടമഞ്ഞിനാല്‍ മൂടിപ്പുതച്ചു നില്‍ക്കുന്ന ഇലവീഴാപൂഞ്ചിറയിലേയ്ക്ക് പോകാന്‍ പറ്റിയ സമയം ദാ ഇപ്പോഴാണ്. കാരണം ഇപ്പോഴാണെങ്കില്‍ കാലു മുതല്‍ തലവരെ ചുട്ടുപ്പൊള്ളുന്ന വേനലാണല്ലോ? കനത്ത ചൂടില്‍ നിന്ന് അല്‍പ്പം ആശ്വാസം തേടാന്‍, മഞ്ഞിന്റെ അതിമനോഹാരിത അനുഭവിക്കാന്‍ ഊട്ടിയിലേക്കോ മൂന്നാറിലേക്കോ ഒന്നും പോകണ്ട.
നേരെ ഇലവീഴാപൂഞ്ചിറയ്ക്ക് വണ്ടിവിട്ടോ. ഒരുദിവസം മാത്രം ഉദ്ദേശിച്ചുള്ള യാത്രയ്ക്ക് പറ്റിയൊരിടമാണിത്.

നവംബര്‍ മുതല്‍ മെയ് വരെയുള്ള കാലം പൂഞ്ചിറയെ അതിമനോഹരിയാക്കുന്നു.നല്ല തണുപ്പിനൊപ്പം പച്ചപ്പും,മലനിരകളും,കാട്ടരുവികളും കണ്ണിനും മനസിനും ഒരുപോലെ കുളിരുപകരും. നിങ്ങള്‍ സാഹസികര്‍ കൂടിയാണെങ്കില്‍ പറയുകയും വേണ്ട. നല്ലൊരു ട്രക്കിങ് സാധ്യതയും ഇവിടെ കാത്തിരിപ്പുണ്ട്.
നാലു മലകളാല്‍ ചുററപ്പെട്ട ഒരു താഴ്‌വരയാണ് ഇലവീഴാപൂഞ്ചിറ. മഴക്കാലത്ത് ഇവിടെ രൂപപ്പെടുന്ന തടാകമാണ് മുഖ്യ ആകര്‍ഷണം. ഈ താഴ്‌വരയില്‍ മരങ്ങളില്ല. മരങ്ങള്‍ ഇല്ലെങ്കില്‍ പിന്നെ ഇല പൊഴിയില്ലല്ലോ. അങ്ങനെ ഇലവീഴാത്ത താഴ്‌വര ഇലവീഴാപൂഞ്ചിറയായി മാറി.

എല്ലായ്‌പ്പോഴും വീശിയടിക്കുന്ന നല്ല തണുത്ത കാറ്റാണ് ഇവിടുത്തെ പ്രത്യേകത.ഇടയ്ക്ക് ചന്നംപിന്നം പെയ്യുന്ന മഴയും കാറ്റിന്റെ കുളിരേറ്റുന്നു. പൂഞ്ചിറയുടെ നെറുകയില്‍ നിന്നാല്‍ നമുക്ക് തോന്നും ലോകം മുഴുവന്‍ നമ്മുടെ താഴെയാണെന്ന്. അതിമനോഹരമായ ലാന്റ് സ്‌കേപ്പാണ് 360 ഡിഗ്രിയില്‍ അങ്ങനെ പരന്നുകിടക്കുന്നത്. ഏറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ഇടുക്കി ജില്ലകളിലെ വിദൂര കാഴ്ചയും ആസ്വദിക്കാം. യാത്ര പുറപ്പെടുമ്പോള്‍ ഒരു ബൈനോക്കുലര്‍ കരുതിയാല്‍ ഈ പറഞ്ഞ കാഴ്ച്ചകള്‍ കൂടുതല്‍ വ്യക്തതയോടെ കാണാം.

തൊടുപുഴ-മൂലമറ്റം റൂട്ടില്‍ കാഞ്ഞാര്‍ ടൗണില്‍ നിന്നും കൂവപ്പള്ളി വഴി പൂഞ്ചിറയിലേയ്ക്ക് എട്ട് കിലോമീറ്റര്‍ ദൂരമുണ്ട്. കോട്ടയം ജില്ലയില്‍ മേലുകാവില്‍ നിന്നും കാഞ്ഞിരംക്കവലയില്‍ എത്തിയാല്‍ പത്ത് കിലോമീറ്റര്‍ സഞ്ചരിച്ചാലും പൂഞ്ചിറയിലെത്താം. . കാഞ്ഞാറില്‍ നിന്നും തേക്കടി-വാഗമണ്‍ യാത്രകളിലെ ഇടത്താവളമാണ് പൂഞ്ചിറ.

 

പൂഞ്ചിറയിലേയ്ക്കുള്ള യാത്രയും പ്രത്യേകത നിറഞ്ഞതാണ്. കുത്തനെയുള്ള കയറ്റമാണ് ഇവിടേയ്ക്ക്. ഓഫ് റോഡ് ആയതുകൊണ്ട് ജീപ്പ് സഫാരി നിര്‍ബന്ധം. കുണ്ടുംകുഴിയും നിറഞ്ഞ വഴികളിലൂടെയുള്ള ഈ ജീപ്പ് യാത്ര അല്പ്പം സാഹസികത നിറഞ്ഞതാണ്. അതുകൊണ്ട്തന്നെ സാഹസികരായ യാത്രക്കാര്‍ക്ക് ഇവിടെ ഇഷ്ടപ്പെടുമെന്നുറപ്പ്.

പൂഞ്ചിറയുടെ നെറുകയില്‍ നിന്ന് സൂര്യോദയവും സൂര്യാസ്തമയയവും ആസ്വദിക്കാനാകും. ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് താമസിക്കാന്‍ സര്‍ക്കാര്‍ വക റെസ്റ്റ് ഹൗസും ഒരു സ്വകാര്യ റിസോര്‍ട്ടും ഉണ്ട്. കൂടാതെ ചെറിയ ട്രക്കിങ്ങിനും സംവിധാനമുണ്ട്. പക്ഷെ മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്ന് മാത്രം.

ബുക്കിംഗിനും മറ്റ് അന്വേഷണങ്ങക്കള്‍ക്കും:ഇലവീഴാപൂഞ്ചിറ റെസ്റ്റ് ഹൗസ് – 9746510922
ഇലകള്‍ പൊഴിയാത്ത താഴ്‌വര നിങ്ങളെ കാത്തിരിക്കുകയാണ്. ബാഗ് പാക്ക് ചെയ്ത് വേഗമിറങ്ങിക്കോ….