ഇന്നലെ ടൊവിനോ തോമസ്, ആസിഫ് അലി, ആന്റണി വര്‍ഗീസ് പെപ്പെ എന്നിവര്‍ തങ്ങളുടെ പുതിയ സിനിമകളുടെ പ്രൊമോഷന്റെ ഭാഗമായി സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇന്നും നാളെയുമായി എത്തുന്ന എ.ആര്‍.എം., കിഷ്‌ക്കിന്ധാ കാണ്ഡം, കൊണ്ടല്‍ എന്നീ സിനിമകളുടെ പ്രൊമോഷനായിരുന്നു ചെയ്തിരുന്നത്.
ഇപ്പോള്‍ ടൊവിനോക്കും ആസിഫിനും പെപ്പെക്കും എതിരെ കമന്റുമായി എത്തിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. നാളെ (സെപ്റ്റംബര്‍ 13) ഈ സിനിമകളോടൊപ്പം ക്ലാഷ് റിലീസായി എത്തുന്ന ബാഡ് ബോയ്‌സ് സംവിധാനം ചെയ്തത് ഒമര്‍ ലുലുവാണ്. തന്റെ സിനിമ മാത്രം ഈ പ്രൊമോഷനില്‍ നിന്ന് ഒഴിവാക്കിയത് എന്തിനാണ് എന്നാണ് ഒമര്‍ ചോദിക്കുന്നത്.

‘നിങ്ങള്‍ എല്ലാവരും സിനിമയില്‍ കഷ്ടപ്പെട്ടു വന്നവരല്ലേ, എല്ലാ സിനിമകള്‍ക്കും ഒരേ കഷ്ടപാടല്ലേ. എന്തിനാണ് ഞങ്ങളെ അവഗണിച്ചത്’ എന്നാണ് ഒമര്‍ ലുലുവിന്റെ കമന്റ്. ടൊവിനോയും ആസിഫും പെപ്പെയും പങ്കുവെച്ച വീഡിയോക്ക് എതിരെ ശക്തമായി പ്രതികരിച്ച് നടിയും നിര്‍മാതാവുമായ ഷീലു എബ്രഹാമും പോസ്റ്റുമായി വന്നിരുന്നു.
നിങ്ങളുടെ മൂന്നു ചിത്രങ്ങള്‍ മാത്രമാണ് ഓണത്തിന് റിലീസ് ചെയ്യുന്നതെന്ന തെറ്റിദ്ധാരണയാണ് നിങ്ങള്‍ പ്രേക്ഷകരിലേക്ക് കൊടുക്കുന്നത് എന്നാണ് ഷീലു പോസ്റ്റില്‍ പറഞ്ഞത്. പവര്‍ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെയെന്ന് കാണിച്ച് തന്നതിന് നന്ദിയെന്നും അവര്‍ പറഞ്ഞു.
