പാകിസ്ഥാന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ അവസാന ടെസ്റ്റ് മത്സരം എഡ്ജ്ബാസ്റ്റണില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് പാകിസ്ഥാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടര്‍ന്ന് ആദ്യ ദിനത്തില്‍ തന്നെ സന്ദര്‍ശകരെ ഓള്‍ ഔട്ട് ചെയ്യാന്‍ ത്രീ ലയണ്‍സിന് സാധിച്ചു. 33.5 ഓവറില്‍ 133 റണ്‍സിനാണ് പാകിസ്ഥാന്‍ തകര്‍ന്നത്.

നിലവില്‍ ആദ്യ ദിനം അവസാനിച്ചപ്പോള്‍ ഒന്നാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 39 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് നേടിയിട്ടുണ്ട്.

പാകിസ്ഥാനായി ആദ്യ ഇന്നിങ്‌സില്‍ ഉയര്‍ന്ന സ്‌കോര്‍ നേടിയത് മധ്യനിര ബാറ്റര്‍ സൗദ് ഷക്കീലാണ്. 47 പന്തില്‍ നിന്ന് ഏഴ് ഫോര്‍ ഉള്‍പ്പെടെ 43 റണ്‍സാണ് താരം നേടിയത്. മുഹമ്മദ് അബ്ബാസ് 21 റണ്‍സ് നേടിയപ്പോള്‍ റസൂലുള്ള 11 റണ്‍സിനും പുറത്തായി. മറ്റാര്‍ക്കും രണ്ടക്കം കടക്കാനായില്ല.

ത്രീ ലയണ്‍സിന് വേണ്ടി നാല് വിക്കറ്റ് വീഴ്ത്തി ജോഷ് ടങ് മിന്നും പ്രകടനം നടത്തി. ഒല്ലി റോബിന്‍സണും ജോഫ്ര ആര്‍ച്ചറും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. അഞ്ച് മെയ്ഡന്‍ ഓവര്‍ ഉള്‍പ്പെടെ 15 റണ്‍സ് വിട്ടുനല്‍കിയാണ് റോബിന്‍സണ്‍ മൂന്ന് വിക്കറ്റുകള്‍ നേടിയത്.ഒല്ലി റോബിന്‍സണ്‍

ഇതോടെ ഒരു കിടിലന്‍ റെക്കോഡ് സ്വന്തമാക്കാനും റോബിന്‍സണിന് സാധിച്ചിരിക്കുകയാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ ഏറ്റവും മികച്ച ആവറേജ് നേടുന്ന താരമാകാനാണ് റോബിന്‍സിന് സാധിച്ചത് (മിനിമം 100 വിക്കറ്റ്). ഈ നേട്ടത്തില്‍ ജസ്പ്രീത് ബുംറയ മറികടന്നാണ് താരം ഒന്നാം സ്ഥാനത്ത് എത്തിയത്.

ടെസ്റ്റ് ക്രിക്കറ്റില്‍ കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ ഏറ്റവും മികച്ച ആവറേജ് നേടുന്ന താരങ്ങള്‍ (മിനിമം 100 വിക്കറ്റ്)

ഒല്ലി റോബിന്‍സണ്‍ (ഇംഗ്ലണ്ട്) – 100* – 19.34

ജസ്പ്രീത് ബുംറ (ഇന്ത്യ) – 234 – 19.79

ജോണി വാര്‍ഡില്‍ (ഇംഗ്ലണ്ട്) – 102 – 20.39

അലന്‍ ഡേവിഡ്‌സണ്‍ (ഓസ്‌ട്രേലിയ) – 186 – 20.53

മാല്‍ക്കം മാര്‍ഷല്‍ (വെസ്റ്റ് ഇന്‍ഡീസ്) – 376 – 20.94

ജോയല്‍ ഗാര്‍ണര്‍ (വെസ്റ്റ് ഇന്‍ഡീസ്) – 259 – 20.97

കര്‍ട്‌ലി ആംബ്രോസ് (വെസ്റ്റ് ഇന്‍ഡീസ്) – 405 – 20.99

മത്സരത്തില്‍ ഇംഗ്ലണ്ടിന് വേണ്ടി ടെസ്റ്റില്‍ 100 വിക്കറ്റ് പൂര്‍ത്തിയാക്കാനും റോബിന്‍സണിന് സാധിച്ചിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി 23ാം ടെസ്റ്റിലെ 44 ഇന്നിങ്‌സില്‍ നിന്നാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. 102 വിക്കറ്റുകളാണ് നിലവില്‍ പേസറുടെ അക്കൗണ്ടിലുള്ളത്.

അതേസമയം ഇംഗ്ലണ്ടിന് വേണ്ടി ഹാരി ബ്രൂക്കും ദാന്‍ ലോറന്‍സുമാണ് ക്രീസിലുള്ളത്. 76 പന്തില്‍ നാല് ഫോര്‍ ഉള്‍പ്പെടെ 52 റണ്‍സാണ് ഹാരി നേടിയത്. അഞ്ച് റണ്‍സ് നേടിയ ഡാന്‍ ലോറന്‍സുമാണ് ക്രീസിലുള്ളത്. ത്രീ ലയണ്‍സിന് വേണ്ടി മികച്ച ബാറ്റിങ്ങാണ് ഹാരി കാഴ്ചവെക്കുന്നത്. ടെസ്റ്റില്‍ താരത്തിന്റെ 19ാം അര്‍ധ സെഞ്ച്വറിയാണിത്.

40 മത്സരങ്ങളിലെ 69 ഇന്നിങ്‌സില്‍ നിന്ന് 3535 റണ്‍സാണ് ബ്രൂക്കിന്റെ പേരിലുള്ളത്. 317 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ ഉള്‍പ്പെടെയാണ് താരത്തിന്റെ റണ്‍വേട്ട. പാകിസ്ഥാനെതിരെ താരം മികച്ച സ്‌കോര്‍ നേടുമെന്നാണ് പ്രതീക്ഷ.

അതേസമയം ഇംഗ്ലണ്ടിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയാണ് ഓപ്പണര്‍ എമിലിയാനോ ഗേ പുറത്തായത്. 114 പന്തില്‍ നിന്ന് ഒമ്പത് ഫോര്‍ ഉള്‍പ്പെടെ 60 റണ്‍സായിരുന്നു താരം നേടിയത്. ക്യാപ്റ്റന്‍ ജോ റൂട്ട് (8) അടക്കമുള്ളവര്‍ നിരാശപ്പെടുത്തിയാണ് മടങ്ങിയത്.

 

Content Highlight: Ollie Robinson has become the top award-winning player in Test cricket over the last 100 years