മലയാളത്തില്‍ കരിയറാരംഭിച്ച നായികമാര്‍ അന്യഭാഷയില്‍ തിളങ്ങുന്നത് പുതിയ കാര്യമല്ല. കാലങ്ങളായുള്ള ഈയൊരു പതിവ് ഇപ്പോഴും തുടരുകയാണ്. പുതിയ ജനറേഷനിലെ നായികമാര്‍ തമിഴ് സിനിമയില്‍ തങ്ങളുടേതായ സ്ഥാനം സ്വന്തമാക്കിയത് സിനിമാപേജുകളില്‍ വലിയ വാര്‍ത്തയായിരുന്നു. ഗിരീഷ് എ.ഡി പരിചയപ്പെടുത്തിയ നായികമാരാണ് ഇപ്പോള്‍ തമിഴില്‍ തിളങ്ങുന്നത്.

അനശ്വര രാജന്‍ തമിഴും കടന്ന് തെലുങ്കില്‍ മെഗാസ്റ്റാറിനൊപ്പം കൈകോര്‍ക്കുമ്പോള്‍ തൊട്ടതെല്ലാം ഹിറ്റാക്കിയാണ് മമിതയുടെ കുതിപ്പ്. എന്നാല്‍ ഈ രണ്ട് പേരല്ലാതെ മറ്റൊരാളും കൂടി തമിഴില്‍ തിളങ്ങുകയാണ്. ഐ ആം കാതലനിലൂടെ നായികയായി അരങ്ങേറിയ അനിഷ്മ അനില്‍കുമാര്‍ തമിഴില്‍ ഹാട്രിക് ഹിറ്റ് സ്വന്തമാക്കിയതാണ് പുതിയ വാര്‍ത്ത.

വലിയ താരനിരയോ ബജറ്റോ ഇല്ലാതെ വന്ന ചെറിയ ചിത്രമായ മൊത രാത്രി തമിഴില്‍ വമ്പന്‍ ഹിറ്റിലേക്ക് കുതിക്കുകയാണ്. നവാഗതനായ രാജ കറുപ്പസാമി സംവിധാനം ചെയ്ത ചിത്രം വേര്‍ഡ് ഓഫ് മൗത്തിലൂടെയാണ് കൂടുതല്‍ പ്രേക്ഷകരിലേക്കെത്തിയത്. ആദ്യദിനം അധികം ആളുകള്‍ കാണാത്ത ചിത്രത്തെക്കുറിച്ച് സൂപ്പര്‍താരം സിലമ്പരസന്‍ പങ്കുവെച്ച ട്വീറ്റിലൂടെയാണ് ചര്‍ച്ചയായത്.

സിലമ്പരസന്റെ ട്വീറ്റ് മൊത രാത്രിക്ക് വലിയ മൈലേജ് സമ്മാനിച്ചു. പലയിടത്തും കൂടുതല്‍ സ്‌ക്രീനുകളിലേക്ക് ചിത്രം വ്യാപിച്ചു. സിനിമ കണ്ട പലരും എടുത്തുപറയുന്നത് നായികയായ അനിഷ്മയുടെ പ്രകടനമാണ്. തമിഴില്‍ ഹാട്രിക് വിജയം സ്വന്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ സിറൈയിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം.

സിറൈയില്‍ എല്ലാവരും ഒരുപോലെ പ്രശംസിച്ചത് അനിഷ്മയുടെ പ്രകടനത്തെയായിരുന്നു. ഈ വര്‍ഷം തമിഴില്‍ വന്‍ വിജയമായ യൂത്തിലും അനിഷ്മയുടെ സാന്നിധ്യമുണ്ടായിരുന്നു. മൂന്ന് നായികമാരില്‍ ഏറ്റവും ശ്രദ്ധ നേടിയത് അനിഷ്മയാണ്. ഇപ്പോഴിതാ മൊത രാത്രിയിലൂടെ തമിഴില്‍ വീണ്ടും താരം തിളങ്ങിയിരിക്കുകയാണ്.

തിരുനെല്‍വേലിയിലെ ഒരു സാധാരണ ഗ്രാമത്തില്‍ നടക്കുന്ന കല്യാണവും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് മൊത രാത്രിയുടെ കഥ. നവാഗതനായ റിഷികാന്താണ് ചിത്രത്തിലെ നായകന്‍. ചിത്രത്തില്‍ അനിഷ്മ അവതരിപ്പിച്ച മുത്തുസെല്‍വി എന്ന കഥാപാത്രത്തിന്റെ പ്രകടനം പലപ്പോഴും കൈയടി നേടുന്നുണ്ട്. തമിഴില്‍ വലിയൊരു സ്‌പെയ്‌സ് അനിഷ്മ ഉണ്ടാക്കിയെടുക്കുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

Content Highlight: Anishma Anilkumar made her Hat trick hit in Tamil cinema