നൂർബിന റഷീദ് ചായക്കോപ്പയിലെ കൊടുംകാറ്റ്, ഇഷ്ടമുള്ളവർക്ക് പോവാം: പി.എം.എ സലാം
Kerala
നൂർബിന റഷീദ് ചായക്കോപ്പയിലെ കൊടുംകാറ്റ്, ഇഷ്ടമുള്ളവർക്ക് പോവാം: പി.എം.എ സലാം
മുഹമ്മദ് നബീല്‍
Thursday, 2nd April 2026, 5:14 pm

കോഴിക്കോട്: വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ച നൂർബിന റഷീദിന്റെ നടപടി ചായക്കോപ്പയിലെ കൊടുംകാറ്റാണെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം.

മുസ്‍ലിം ലീഗിൽ 25 ലക്ഷം അംഗത്വം ഉണ്ടെന്നും അവർക്കാർക്കുമില്ലാത്ത പരാതിയാണ് നൂർബീനക്കുള്ളതെന്നും പി.എം.എ സലാം പറഞ്ഞു.

പാണക്കാട് തങ്ങൾ പ്രഖ്യാപിച്ച സ്ഥാനാർഥി പട്ടികക്കെതിരെ പരസ്യമായി വിമർശനം നടത്തിയത് അച്ചടക്ക ലംഘനമാണെന്നും ഇതിൽ വിശദീകരണം ചോദിക്കുമെന്നും വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ അടുത്ത നടപടി തീരുമാനിക്കുമെന്നും സലാം പറഞ്ഞു.

നൂർബിന മുസ്‌ലിം ലീഗിൽ നിന്നും രാജിവെച്ചിട്ടില്ലെന്നും പദവികളിൽ നിന്നും മാത്രമാണ് രാജിവച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നൂർബീന പാർട്ടിയിൽ പരാതിപ്പെടാതെ മാധ്യമങ്ങളോട് അതൃപ്തി പ്രകടിപ്പിച്ചതിൽ പാർട്ടിക്ക് ഇടപെടാൻ കഴിയില്ലെന്നും, പാർട്ടിയുടെ പിന്തുണയാണോ അതോ പുറത്തുള്ളവരുടെ പിന്തുണയാണോ വേണ്ടതെന്ന് നൂർബീനക്ക് തീരുമാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടികയിൽ നിന്നും വനിതാ ലീഗ് നേതാക്കളെ തഴഞ്ഞതിനെതിരെ വിമർശനമുന്നയിച്ചായിരുന്നു നൂർബീന റഷീദ് വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി പദവി രാജിവെച്ചത്.

വനിതാ ലീഗിന്റെ താത്പര്യം പരിഗണിക്കാതെയാണ് രണ്ട് വനിതാ സ്ഥാനാർത്ഥികളെയും പാർട്ടി നിയോഗിച്ചതെന്ന് നൂർബിന വിമർശിച്ചു. വനിതാ ലീഗിന്റെ അയോഗ്യത എന്താണെന്നും അവർ ചോദിചിരുന്നു.

തനിക്കോ മറ്റ് വനിതാ നേതാക്കൾക്കോ സീറ്റ് നൽകാത്തതിലല്ല, തങ്ങൾക്ക് താത്പര്യമുള്ള നേതാക്കളെ സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ചുകൊണ്ടാണ് തന്റെ തീരുമാനമെന്നും നൂർബിന അറിയിച്ചു.

Content Highlight: Noorbina Rasheed is a storm in the teacup, those who want can go: PMA Salam

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം