ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാകാനില്ല: ഷീലാ ദീക്ഷിത്
Daily News
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാകാനില്ല: ഷീലാ ദീക്ഷിത്
ന്യൂസ് ഡെസ്‌ക്
Monday, 27th June 2016, 7:33 am

shiela-1

ന്യൂദല്‍ഹി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് ഷീല ദീക്ഷിത്. ഇക്കാര്യം അവര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചതായാണ് അറിയുന്നത്.

യു.പി മുഖ്യമന്ത്രിസ്ഥാനാര്‍ഥിയാകണമെന്ന് പാര്‍ട്ടി നേതൃത്വം ഷീല ദീക്ഷിത്തിനോടു നിര്‍ദേശിച്ചിരുന്നു.

ഉത്തര്‍പ്രദേശിലെ ബ്രാഹ്മിണ്‍ മുഖമായി ഷീല ദീക്ഷിത്തിനെ ഉയര്‍ത്തിക്കാട്ടാനായിരുന്നു കോണ്‍ഗ്രസിന്റെ തീരുമാനംദല്‍ഹിയില്‍ മൂന്നു തവണ മുഖ്യമന്ത്രിയായിരുന്ന അവര്‍ ഈ മാസമാദ്യം പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

യു.പി മുഖ്യമന്ത്രി സ്ഥാനമോ പഞ്ചാബിലെ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണമോ നയിക്കാനാണ് സോണിയ ഗാന്ധി ഷീല ദീക്ഷിത്തിനോട് ആവശ്യപ്പെട്ടിരുന്നത്.

പഞ്ചാബില്‍ സിഖ് വിരുദ്ധ കലാപത്തിന്റെ ആരോപണങ്ങള്‍ കമല്‍ നാഥിനെതിരായ ഉണ്ടായ സാഹചര്യത്തിലായിരുന്നു ഷീലാ ദീക്ഷിതിനെ പരിഗണിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായത്.

സിഖ് വിരുദ്ധ കലാപത്തിന്റെ ആരോപണങ്ങള്‍ കമല്‍നാഥിന്റെ നേരെയും നീണ്ടതിനാല്‍ പ്രചാരണം നയിക്കുന്നതില്‍ നിന്ന് പിന്മാറുകയാണെന്ന് അദ്ദേഹം അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വങ്ങളില്‍ മാറി നില്‍ക്കുകയാണെന്നുകാട്ടി കമല്‍നാഥ് കത്ത് നല്‍കിയിരുന്നു.

അതേസമയം  400 കോടി രൂപയുടെ വാട്ടര്‍ ടാങ്ക് അഴിമതി കേസില്‍ ഷീലാ ദീക്ഷിതിനെതിരെ അന്വേഷണം നടത്താനുള്ള ദല്‍ഹി ഗവര്‍ണര്‍ നജീബ് ജങ്ങിന്റെ നിര്‍ദേശവും ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഷീല ദീക്ഷിതിന്റെ പിന്മാറ്റത്തിന് കാരണമായിട്ടുണ്ടെന്നാണ് സൂചന.