
കോഴിക്കോട്: ശരീഅത്ത് നിയമങ്ങള്‍ പാലിക്കുന്നവര്‍ക്കെ അതിനെ വിമര്‍ശിക്കാന്‍ അവകാശമുള്ളൂവെന്ന് കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാര്‍. ഇസ്‌ലാം വിലക്കിയ പലിശ വാങ്ങുന്നവര്‍ക്കും അതിനു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇസ്‌ലാമിന്റെ സ്ത്രീ നിലപാടുകളെ കുറിച്ച് തീര്‍പ്പ് പറയാന്‍ ധാര്‍മികമായി അവകാശമില്ല. മത ജീവിതം പാലിക്കാത്തവരുടെ മതത്തെ കുറിച്ചുള്ള വിശദീകരണങ്ങളോ അഭിപ്രായങ്ങളോ മുസ്‌ലിംകള്‍ക്ക് ഗൗരവമായി എടുക്കുകയില്ലെന്നും കാന്തപുരം പറഞ്ഞു.
കവിതപോലെയോ നാടകം പോലെയോ മനസ്സിലാക്കുകയോ വിശദീകരിക്കുകയോ ചെയ്യേണ്ട ഒന്നല്ല ഇസ്‌ലാമിക നിയമങ്ങള്‍. കവിത പഠിച്ചവര്‍ കവിത പഠിപ്പിക്കട്ടെ, ന്യൂറോളജി പഠിച്ചവര്‍ രോഗികളെ ശുശ്രൂഷിക്കട്ടെ. മതം പഠിച്ചവര്‍ മതനിയമങ്ങളും പഠിപ്പിക്കട്ടെ. അല്ലാതെ മലയാള സാഹിത്യവും പത്രപ്രവര്‍ത്തനവും പഠിച്ചവരും പ്രൊഫഷനായി കൊണ്ട് നടക്കുന്നവരും ഖുര്‍ആനെ വിശദീകരിക്കാന്‍ നോക്കുന്നതും തലച്ചോറിനു ഓപ്പറേഷന്‍ നടത്താന്‍ നോക്കുന്നതും ഒരുപോലെ വിഡ്ഢിത്തമാണെന്നും കാന്തപുരം പറഞ്ഞു.
മുമ്പൊരിക്കല്‍ ഒരു രാഷ്ട്രീയ നേതാവ് ശരീഅത്ത് നിയമങ്ങള്‍ മാറ്റിയെഴുതണമെന്ന് പറഞ്ഞിരുന്നു. താന്‍ വിശ്വസിക്കുന്ന മതത്തിന് പുറത്തുള്ള ഒരു പ്രത്യയ ശാസ്ത്രത്തെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം ആ ആവശ്യം ഉന്നയിച്ചത്. അദ്ദേഹത്തിന്റെ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ സ്വാഭാവികമായും ഏതൊരാള്‍ക്കും പറയാവുന്ന കാര്യം മാത്രമായിരുന്നു അത്. പക്ഷേ, അതേ ആശയങ്ങളില്‍ വിശ്വസിക്കുന്ന അദ്ദേഹത്തിന്റെ പിന്‍തലമുറക്കാര്‍ പറയുന്നത് ശരീഅത്തില്‍ അല്ല പ്രശ്‌നം, അതിന്റെ ഇക്കാലത്തെ വിശദീകരണങ്ങളിലാണ് എന്നാണ്. ഇതിനെ വൈരുധ്യം എന്നല്ലാതെ മറ്റെന്താണ് വിളിക്കുകയെന്നും കാന്തപുരം ചോദിച്ചു.
മനുഷ്യസമൂഹത്തിന്റെ ഇഹപര വിജയത്തിന് വേണ്ടിയാണ് അല്ലാഹു ഖുര്‍ആന്‍ ഇറക്കിയത് എന്ന വിശ്വാസം ഇക്കൂട്ടര്‍ക്കില്ലെന്നും അത് തുറന്നു പറയാനുള്ള ചങ്കൂറ്റം കാണിക്കണമെന്നും കാന്തപുരം പറഞ്ഞു.
തന്റെ കോലം കത്തിച്ചവരോടോ കോലം ഉണ്ടാക്കിയവരോടോ പരിഭവമില്ലെന്നും. നിലപാടുകളുടെ പേരില്‍ തന്നെ കത്തിച്ചാലും എനിക്ക് പ്രശ്‌നമില്ലെന്നും കാന്തപുരം പറഞ്ഞു. എന്റെ നിലപാടുകളുടെ അടിസ്ഥാനമായി ഞാന്‍ ഉയര്‍ത്തിപ്പിടിക്കുന്ന വിശുദ്ധ ഗ്രന്ഥങ്ങള്‍ കത്തിക്കാനുള്ള ആത്മവിശ്വാസമില്ലായ്മ കാരണമാണ് ഇക്കൂട്ടര്‍ തന്റെ കോലം കത്തിച്ചതെന്നും ആ ആത്മവിശ്വാസമില്ലായ്മ പ്രകടിപ്പിക്കാനുള്ള ഒരു കാരണമായിത്തീരാന്‍ കഴിഞ്ഞു എന്നതില്‍ ഒരു വിശ്വാസി എന്ന നിലയില്‍ എനിക്ക് അഭിമാനമേയുള്ളൂവെന്നും കാന്തപരം പറഞ്ഞു.
