ഇസ്‌ലാമാബാദ്: പത്താന്‍ കോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ എന്ന് ആരോപിക്കപ്പെടുന്ന പാകിസ്ഥാന്‍ തീവ്രവാദി സംഘടന ജെയ്ഷ് ഇ മുഹമ്മദ് നേതാവ് മൗലാന മസൂദ് അസ്ഹറിനെ അറസ്റ്റ് ചെയ്തു എന്ന വാര്‍ത്തകള്‍ നിഷേധിച്ച് ജെയ്ഷ് ഇ മുഹമ്മദ്. മസൂദ് അസ്ഹറിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഇങ്ങനെ ഉണ്ടായാല്‍ തന്നെ എന്ത് മാറ്റമാണുണ്ടാവുകയെന്ന് സംഘടന വ്യാഴാഴ്ച്ച ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ലോകത്താകമാനമുള്ള അവിശ്വാസികളും ആത്മ വഞ്ചകരും ഞങ്ങളുടെ അറസ്റ്റ് ആഘോഷിക്കുകയാണ്. പക്ഷെ ഒരു അറസ്റ്റും ഉണ്ടായിട്ടില്ല. ഇനി ഉണ്ടായാല്‍ തന്നെ എന്ത് മാറ്റമാണുണ്ടാവുക? ഒന്നൊഴികെ ഒരു മാറ്റവും ഉണ്ടാവില്ല. അള്ളാഹു അനുഗ്രംകൊണ്ട് വിശ്വാസികള്‍ക്കിടയില്‍ കൂടുതല്‍ ഉത്സാഹവും ആവേശവും വളരും.ജിഹാദി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്രാപിക്കും.” ഇന്ത്യയെ പരിഹസിച്ചുകൊണ്ട് ജയ്ഷ് ഇ മുഹമ്മദിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ജെയ്ഷ് ഇ മപഹമ്മദിന് നേരെയുള്ള പാക് സര്‍ക്കാരിന്റെ നീക്കങ്ങള്‍ രാജ്യത്തിന് ഭീഷണിയാണെന്നും പള്ളികള്‍ക്കും മദ്രസകള്‍ക്കും ജിഹാദികള്‍ക്കും നേരെയുള്ള സര്‍ക്കാരിന്റെ നീക്കങ്ങള്‍ രാജ്യത്തെ ഐക്യത്തിനും സമഗ്രതയ്ക്കും ഭീഷണിയാണെന്നും ജെയ്ഷ് ഇ മുഹമ്മദ് പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മോദിയുമായും വാജ്‌പേയിയുമായുമുള്ള പാകിസ്ഥാന്‍ സര്‍ക്കാരിന്റെ “സൗഹൃദത്തിലുള്ള” അതൃപ്തിയും ജെയ്ഷ് ഇ മുഹമ്മദ് പ്രകടിപ്പിക്കുന്നു.

പത്താന്‍ കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പാകിസ്ഥാന്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നവാസ് ഷെരീഫ് ഫോണ്‍ സംഭാഷണം നടത്തിയരുന്നു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളുടെയും  സെക്രട്ടറി തല ചര്‍ച്ചകള്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്.