സിനിമകള്‍ പരാജയപ്പെട്ടപ്പോള്‍ ആളുകള്‍ക്ക് ഇനി എന്റെ സിനിമകള്‍ വേണ്ടായിരിക്കും എന്ന ചിന്ത വരെ വന്നു; നിവിന്‍ പോളി
Malayalam Cinema
സിനിമകള്‍ പരാജയപ്പെട്ടപ്പോള്‍ ആളുകള്‍ക്ക് ഇനി എന്റെ സിനിമകള്‍ വേണ്ടായിരിക്കും എന്ന ചിന്ത വരെ വന്നു; നിവിന്‍ പോളി
അശ്വിന്‍ രാജേന്ദ്രന്‍
Wednesday, 26th August 2026, 9:05 am

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തനിക്ക് ഏറെ വഴക്കമുള്ള ഫീല്‍-ഗുഡ്, റൊമാന്റിക് കോമഡി ഴോണറുകള്‍ മാറ്റിപിടിച്ചു കൊണ്ടുള്ള നിവിന്‍ പോളിയുടെ പല പരീക്ഷണ ചിത്രങ്ങളും ബോക്സ് ഓഫീസില്‍ നിരാശ നല്‍കിയിരുന്നു. തമാശയും കുസൃതിയും നിറഞ്ഞ നിവിന്റെ ആ പഴയ അഭിനയ ശൈലിയും സ്‌ക്രീന്‍ പ്രെസന്‍സും പ്രേക്ഷകര്‍ ഏറെ മിസ് ചെയ്ത ഒന്നായിരുന്നു. പിന്നീട് 2025 ല്‍ പുറത്തിറങ്ങിയ അഖില്‍ സത്യന്‍ ചിത്രം സര്‍വം മായയിലെ നിവിന്റെ പ്രകടനത്തിന് നടന്റെ തിരിച്ചുവരവെന്ന രീതിയില്‍ ഉള്ള മികച്ച പ്രതികരണങ്ങള്‍ ആണ് ലഭിച്ചിരുന്നത്.

തുടര്‍ന്ന്, ഗിരീഷ് എ.ഡി.യുടെ സംവിധാനത്തില്‍ നിവിന്‍ പോളി – മമിതാ ബൈജു കൂട്ടുകെട്ടില്‍ തീയേറ്ററുകളില്‍ എത്തിയ ബെത്ലഹേം കുടുംബ യൂണിറ്റിലെ നിവിന്റെ അഭിനയം പ്രേക്ഷക പ്രതീക്ഷകളെ പൂര്‍ണമായും ശരിവെക്കുന്ന ഒന്നായിരുന്നു. ചിത്രത്തിലൂടെ നടന്‍ തന്റെ ട്രാക്കിലേക്ക് ഗംഭീരമായി തിരിച്ചെത്തിയിരിക്കുകയാണ് എന്നാണ് ആരാധകരുടെ അഭിപ്രയങ്ങള്‍. സിനിമയുടെ വിജയത്തിന്റെ ഭാഗമായി ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയാണ് നിവിന്‍ പോളി.

ബെത്‌ലഹേം കുടുംബ യൂണിറ്റ്‌. Photo: X.com

‘സര്‍വം മായ’യുടെ വിജയത്തിന് ശേഷമാണ് തന്റെ സിനിമകള്‍ കാണാന്‍ പ്രേക്ഷകര്‍ ഇപ്പോഴും ആഗ്രഹിക്കുന്നുണ്ടെന്ന മനസിലായത് എന്ന് പറയുകയാണ് നിവിന്‍ പോളി. സിനിമ പരാജയപ്പെടുമ്പോള്‍ ചുറ്റുമുള്ളവരുടെ പ്രതികരണങ്ങള്‍ തന്നെ ചിലപ്പോഴൊക്കെ തെറ്റായ ധാരണയിലേക്ക് നയിച്ചിട്ടുണെന്നും നിവിന്‍ കൂട്ടിച്ചേര്‍ത്തു.

‘സര്‍വം മായ’ ഹിറ്റായപ്പോഴാണ് ആളുകള്‍ക്ക് ഇപ്പോഴും നമ്മളെ ഇഷ്ടമാണെന്നും, നമ്മളും കൂടി ഒന്ന് ഓക്കേ ആയാല്‍ മതിയെന്നുമൊക്കെ മനസിലായത്. വിഷയം ഇത്രേയുള്ളൂ. നമുക്ക് ചുറ്റുമുള്ളവര്‍ നമ്മളോട് പറഞ്ഞുതരുന്ന ഒരു നരേറ്റീവുണ്ടല്ലോ. ഇപ്പോള്‍ നമ്മുടെ സിനിമ പരാജയപ്പെടുമ്പോള്‍, ‘അയ്യോ, പ്രശ്‌നമാണ്’ എന്നൊക്കെ അവര്‍ പറയുമ്പോള്‍ നമ്മള്‍ കരുതും, ആളുകള്‍ക്ക് ഇനി എന്റെ സിനിമകളൊന്നും വേണ്ടായിരിക്കും എന്ന്. പക്ഷേ അങ്ങനെയൊന്നുമില്ല. ശരിയായ സമയത്ത് ശരിയായ സിനിമകള്‍ കൊടുത്താല്‍ അത് കാണാന്‍ ആളുകള്‍ ഉണ്ടാകുമെന്ന് എനിക്ക് മനസിലായത് ‘സര്‍വം മായ’ ഹിറ്റായപ്പോഴാണ്,’ നിവിന്‍ പറഞ്ഞു.

‘ബെത്ലഹേം കുടുംബ യൂണിറ്റി’നും മികച്ച പ്രതികരണം ലഭിച്ചതില്‍ വലിയ സന്തോഷമുണ്ടെന്ന് നിവിന്‍ പറയുന്നു. അതേസമയം, കരിയറില്‍ വ്യത്യസ്തമായ സിനിമകള്‍ ചെയ്യാനും മലയാളത്തില്‍ നിന്ന് തന്നെ വലിയ സിനിമകളുടെ ഭാഗമാകാനുമാണ് ഇനി ആഗ്രഹമെന്നും നടന്‍ വ്യക്തമാക്കി.

നിവിന്‍- അല്‍ഫോണ്‍സ് ചിത്രം. Photo: X.com

‘ഇപ്പോള്‍ ‘ബെത്ലഹേം കുടുംബ യൂണിറ്റും’ വര്‍ക്ക് ആയതില്‍ എനിക്ക് ഭയങ്കര സന്തോഷമുണ്ട്. നമ്മുടെ പ്രേക്ഷകരും ഭയങ്കര ഹാപ്പിയാണെന്ന് കാണുമ്പോള്‍ നമുക്ക് ഇടയ്ക്ക് തോന്നും, നമ്മുടെ മുന്നില്‍ വലിയൊരു ഉത്തരവാദിത്തപ്പെട്ട പരിപാടിയാണല്ലോ ഉള്ളതെന്ന്. എന്നിരുന്നാലും കരിയര്‍ മുന്നോട്ട് പോകണമല്ലോ. പല രീതിയിലുള്ള സിനിമകള്‍ ഒരു അഭിനേതാവ് എന്ന രീതിയില്‍ ചെയ്യാനും ആഗ്രഹമുണ്ട്. പിന്നെ മലയാളത്തില്‍ നിന്ന് തന്നെ ഇനി വലിയ സിനിമകള്‍ ചെയ്യാനും ആഗ്രഹമുണ്ട്,’ നിവിന്‍ പോളി പറഞ്ഞു.

Content Highlight: Nivin Pauly talks about his film career and Bethlehem Kudumba unit Movie

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.