ഞാൻ 80 ശതമാനം ഉമേഷും, 20 ശതമാനം പ്രേമത്തിലെ ജോർജുമാണ്: നിവിൻ പോളി
Malayalam Cinema
ഞാൻ 80 ശതമാനം ഉമേഷും, 20 ശതമാനം പ്രേമത്തിലെ ജോർജുമാണ്: നിവിൻ പോളി
കെ.എസ് ഷാബിന
Monday, 10th August 2026, 11:25 pm

ബോയ് നെക്‌സ്റ്റ് ഡോര്‍ ഇമേജ് റോളുകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടനാണ് നിവിന്‍ പോളി. സാധാരണക്കാരായ ഏതൊരു യുവാവിനും എളുപ്പത്തില്‍ റിലേറ്റ് ചെയ്യാന്‍ പറ്റുന്ന വേഷങ്ങള്‍ അനായാസം ചെയ്തുഫലിപ്പിച്ച് നിവിന്‍ മോളിവുഡില്‍ സ്വന്തമായൊരു സ്ഥാനം നേടിയെടുത്തിട്ടുണ്ട്.

തട്ടത്തിന്‍ മറയത്തിലെ വിനോദിനെയും, ഒരു വടക്കൻ സെൽഫിയിലെ ഉമേഷിനെയും, പ്രേമത്തിലെ ജോർജിനെയും മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. നിവിൻ പോളി നായകനായി ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo: IMDb

ഇപ്പോൾ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയിൽ നിവിൻ പറഞ്ഞ ഒരു കാര്യമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഒരുപാട് സിനിമകളും കഥാപാത്രങ്ങളും ചെയ്ത നിവിൻ പോളിക്ക്, തന്റെ സ്വന്തം വ്യക്തിത്വവുമായി ഏറ്റവും സാമ്യം തോന്നിയ കഥാപാത്രം ഏതാണ് എന്ന ആരാധികയുടെ ചോദ്യത്തിന് നിവിൻ നൽകിയ മറുപടിയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

താൻ 80 ശതമാനം വടക്കൻ സെൽഫിയിലെ ഉമേഷ് ആണെന്നും, 20 ശതമാനം പ്രേമത്തിലെ ജോർജ് ആണെനുമായിരുന്നു നിവിന്റെ മറുപടി.

സിനിമയിൽ നിവിന്റെ ഹിറ്റ് കോംബോ ആയ അജുവർഗീസുമായുള്ള അഭിനയത്തിൽ, ഷൂട്ടിങ്ങിനിടയിൽ ചിരി നിർത്താൻ കഴിയാതെ പോയ സംഭവം എന്താണെന്ന മറ്റൊരു ആരാധികയുടെ ചോദ്യത്തിനും നിവിൻ മറുപടി നൽകി.

ഒരു വടക്കൻ സെൽഫി.Photo: IMDb

വടക്കൻ സെൽഫിയിലെ എല്ലാ സീനുകളും അത്തരത്തിൽ ചിരി അടക്കി പിടിച്ചവ ആയിരുന്നു എന്ന് നിവിൻ പറയുന്നു. കൂട്ടുകാരൻ ഇമോഷണൽ സീനുകൾ ചെയ്താൽ തനിക്ക് ചിരി വരും എന്നും ചിരി കൺട്രോൾ ചെയ്യാൻ തനിക്ക് അറിയില്ലെന്നും നിവിൻ താമാശയോടെ പറയുന്നു.

അതേസമയം ബെത്‌ലഹേം കുടുംബ യൂണിറ്റ് റിലീസിന് തയാറെടുക്കുകയാണ്. പ്രേമലുവിന് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമിത ബൈജുവാണ് നായിക. ഓഗസ്റ്റ് 21ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Nivin pauly says his character is 80% umesh in vadakan selfie

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.