സല്യൂട്ടിന് ശേഷം നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം മൈസൂരില്‍ പൂര്‍ത്തിയായി. രണ്ട് മാസം നീണ്ട് നിന്ന ചിത്രീകരണമാണ് പൂര്‍ത്തിയായത് എന്ന് ചിത്രത്തില്‍ അഭിനയിക്കുന്ന സൈജു കുറുപ്പ് പാക്കപ്പ് വിശേഷം പങ്കുവെച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു

‘റോഷന്‍ ആന്‍ഡ്രൂസ്-നിവിന്‍ പോളി സിനിമയുടെ ചിത്രീകരണം മൈസൂരില്‍ പൂര്‍ത്തിയായി. സിനിമ മൈസൂര്‍, ബാംഗ്ലൂര്‍, ചിത്രദുര്‍ഗ, സുന്ദര്‍, ഹോസ്‌പേട്ട് എന്നിവിടങ്ങളില്‍ വിപുലമായി ചിത്രീകരിച്ചിട്ടുണ്ട്. രണ്ട് മാസത്തോളം നീണ്ട ഷൂട്ടിങ് യാത്ര ഇന്ന് രാവിലെയാണ് അവസാനിച്ചത്. ദൈവം അനുഗ്രഹിക്കട്ടെ’; സൈജു കുറുപ്പ് പറയുന്നു.

അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്. അജു വര്‍ഗീസ്, സാനിയ ഇയ്യപ്പന്‍, സിജു വില്‍സന്‍, എന്നിവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. . ജേക്ക്‌സ് ബിജോയുടേതാണ് സംഗീതം . ഛായാഗ്രഹണം ആര്‍. ദിവാകര്‍.

നമ്മുക്ക് പാര്‍ക്കാം മുന്തിരിതോപ്പുകള്‍ എന്ന ചിത്രത്തലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ ശാരിയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നിവിന്‍ പോളിയുടെ അമ്മയായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നതെന്നും, നിലവില്‍ സാറ്റര്‍ ഡേ നെറ്റ് എന്നാണ് ചിത്രത്തിന്റെ പേരെന്നും ശാരി സിനിമ വികടന്‍ എന്ന യൂട്യുബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.