ഷോട്ട് എടുക്കുന്നതിന് മുമ്പാണ് മൂത്തോന്‍ മമ്മൂക്കയാണെന്ന് അറിഞ്ഞത്: നിഷാന്ത് സാഗര്‍
Malayalam Cinema
ഷോട്ട് എടുക്കുന്നതിന് മുമ്പാണ് മൂത്തോന്‍ മമ്മൂക്കയാണെന്ന് അറിഞ്ഞത്: നിഷാന്ത് സാഗര്‍
ഐറിന്‍ മരിയ ആന്റണി
Monday, 30th March 2026, 3:38 pm

മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് നിഷാന്ത് സാഗര്‍. ദേവദാസി എന്ന ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ച അദ്ദേഹം ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കറിലെ സുധീര്‍ മിശ്ര എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. നായകനായും സഹനടനായും തന്റെ കഴിവ് തെളിയിച്ച താരം ഇന്നും ഇന്‍ഡസ്ട്രിയില്‍ സജീവമാണ്.

അടുത്തിടെ വന്ന ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്രയില്‍ നിഷാന്ത് ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. 300 കോടി നേടി ഇന്‍ഡസ്ട്രി ഹിറ്റായ ചിത്രത്തിന് കേരളത്തിന് പുറത്തും വലിയ അറ്റന്‍ഷന്‍ കിട്ടിയിരുന്നു. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനാണ് പ്രധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ മമ്മൂട്ടി കാമിയോ റോളില്‍ എത്തിയിരുന്നു.

മൂത്തോനായെത്തിയ മമ്മൂട്ടിയുടെ ശബ്ദം മാത്രമാണ് അന്ന് പ്രേക്ഷകര്‍ കേട്ടത്. ഇപ്പോഴിതാ സിനിമയില്‍ മമ്മൂട്ടിയാണ് മൂത്തോനായെത്തുന്നതെന്ന് തനിക്കറിയില്ലായിരുന്നുവെന്ന് നിഷാന്ത് സാഗര്‍ പറയുന്നു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ലോകഃ വലിയ സ്‌കെയിലിലുള്ള ഒരു സിനിമയാണെന്ന് അറിയുമായിരുന്നു. തുടര്‍ന്നുള്ള ചാപ്‌റ്റേഴ്‌സിലാണ് എന്റെ കഥാപാത്രം കൂടുതല്‍ എക്‌സ്‌പ്ലോര്‍ ആകുന്നതെന്ന് പറഞ്ഞിരുന്നു. പിന്നെ അതിലെ കഥാപാത്രത്തെ പറ്റി ഞാന്‍ അങ്ങനെ ഒരുപാട് അന്വേഷിക്കാനും പോയിരുന്നില്ല. ലോകഃ എന്ന സിനിമയുടെ ഭാഗമാകുക എന്നത് തന്നെയായിരുന്നു ഏറ്റവും വലിയ സന്തോഷം.

മൂത്തോന്‍ ശരിക്കും മമ്മൂക്കയാണെന്ന് എനിക്ക് അറിയില്ലായിരുന്നു. ഫോണ്‍ വിളിച്ചിട്ട് സംസാരിക്കുന്ന സീനുണ്ടല്ലോ. അവിടെ നന്നായി അഭിനയിക്കാന്‍ വേണ്ടിയിട്ട് ആണെന്ന് തോന്നുന്നു, മൂത്തോന്‍ ആരാണെന്ന് അറിയുമോ എന്ന് ഷോട്ട് എടുക്കുന്നതിന് മുമ്പ് ചോദിച്ചത്. അപ്പോഴാണ് മമ്മൂക്കയാണെന്ന് ഞാന്‍ അറിയുന്നത്. അങ്ങനെ മമ്മൂക്കയാണെന്ന് അറിഞ്ഞപ്പോള്‍ ഒരു ടേക്കും കൂടെ എടുക്കാമെന്ന് ഞാന്‍ തമാശക്ക് അവരോട് പറഞ്ഞു. അഭിനയിക്കുന്ന സമയത്താണ് ഞാനും കൂടുതല്‍ കാര്യങ്ങള്‍ അറിയുന്നത്,’ നിഷാന്ത് പറഞ്ഞു.

ഒരു പ്രേക്ഷകനെ പോലെ താനും ആ സിനിമയുടെ വിജയം ആസ്വദിച്ചുവെന്നും സിനിമാ കാണുമ്പോള്‍ തന്നെയാണ് താന്‍ അതിന്റെ കഥയറിയുന്നതെന്നും നിഷാന്ത് പറഞ്ഞു. അടുത്ത ചാപ്റ്ററില്‍ താന്‍ ഉണ്ടാകുമെന്നും എന്നാല്‍ സിനിമയെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങളൊന്നും അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അനൗണ്‍സ്‌മെന്റ് മുതല്‍ വലിയ ഹൈപ്പുള്ള ചിത്രമായിരുന്നു ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. അഞ്ച് ഭാഗങ്ങളുള്ള സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യചിത്രമായാണ് ലോകഃ ഒരുങ്ങിയത്. കല്ല്യാണിക്ക് പുറമെ നസ്ലെന്‍, ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, സാന്‍ഡി എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ചിത്രം മികച്ച നിരൂപക പ്രശംസ നേടിയിരുന്നു.

Content  Highlight: Nishant Sagar says he didn’t know that Mammootty was Moothon in Lokah cinema

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.