ന്യൂദല്‍ഹി: നിര്‍ഭയ കേസ് പ്രതികളെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റും. കേസിലെ പ്രതികളായ വിനയ് ശര്‍മ്മ, മുകേഷ് സിങ്, അക്ഷയ് കുമാര്‍ സിങ്, പവന്‍ ഗുപ്ത എന്നിവരുടെ ശിക്ഷ ഫെബ്രുവരി ഒന്നിന് രാവിലെ ആറ് മണിക്കാണ് നടപ്പാക്കുക. പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ദല്‍ഹി പാട്യാല ഹൗസ് കോടതി മരണവാറണ്ട് ഇറക്കി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കേസിലെ പ്രതികളിലൊരാളായ മുകേഷിന്റെ ദയ ഹരജി വെള്ളിയാഴ്ച്ച രാഷ്ട്രപതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് പാട്യാല ഹൗസ് കോടതി മരണവാറണ്ട് ഇറക്കിയത്. ദയാഹരജി തള്ളണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തിരുന്നു.

2012 ഡിസംബര്‍ 16നായിരുന്നു നിര്‍ഭയയെ ആറു പേര്‍ ചേര്‍ന്ന് ഓടുന്ന ബസില്‍വെച്ച് ക്രൂരമായ ലൈംഗീകാതിക്രമത്തിന് വിധേയയാക്കിയത്. 2012 ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്.