binoy-viswam


അവരുടെ നയങ്ങള്‍ തിരുത്തേണ്ടതു തന്നെയാണ്. അതിന് ആശയപരമായ പോരാട്ടമാണ് ഉചിതമായ വഴിയെന്ന് സി.പി.ഐ വിശ്വസിക്കുന്നു. വിയോജിപ്പുള്ളവരെ വെടിവച്ചു വീഴ്ത്തുന്നതിനോട് കമ്മ്യൂണിസ്റ്റുകാര്‍ക്കു യോജിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 


കൊച്ചി:  ആകാശത്ത് ജിവിക്കുന്ന സ്വപ്ന ജീവികളാണ് മാവോയിസ്റ്റുകളെ പിന്തുണക്കുന്നവരെന്ന സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ പ്രസ്താവനക്ക് മറുപടിയുമായി സി.പി.ഐ നേതാവ് ബിനോയ് വിശ്വവും.

വിഷയത്തില്‍ പി. ജയരാജന്റെ പ്രസ്താവനക്കെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചതിനു പിന്നാലെയാണ് ബിനോയ് വിശ്വം രംഗത്തെത്തിയിരിക്കുന്നത്.

സ്വപ്നം കാണുന്നത് മോശം കാര്യമല്ലെന്നും സ്വപ്നം കാണുന്നത് അശ്ലീലമല്ലെന്നും സ്വപ്നം കാണാന്‍ കഴിയുന്നവര്‍ക്കേ കമ്മ്യൂണിസ്റ്റാവാന്‍ കഴിയൂ എന്നും കാനം രാജേന്ദ്രന്‍ ജയരാജന് മറുപടിയായി പറഞ്ഞിരുന്നു.

മാവോയിസ്റ്റ് രാഷ്ട്രീയത്തോട് സി.പി.ഐക്കുള്ള വിയോജിപ്പ് എന്നും വ്യക്തമാക്കിയിട്ടുള്ളതാണെന്നും വഴിതെറ്റി പോയ സഖാക്കളായാണ് അവരെ സി.പി.ഐ കാണുന്നതെന്നും ബിനോയ് വിശ്വം ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ വ്യക്തമാക്കി.


വഴിതെറ്റി പോയവരെ വര്‍ഗശത്രുക്കളായി സി.പി.ഐ ഒരിക്കലും കണ്ടിട്ടില്ല, അവരുടെ നയങ്ങള്‍ തിരുത്തേണ്ടതു തന്നെയാണ്. അതിന് ആശയപരമായ പോരാട്ടമാണ് ഉചിതമായ വഴിയെന്ന് സി.പി.ഐ വിശ്വസിക്കുന്നു. വിയോജിപ്പുള്ളവരെ വെടിവച്ചു വീഴ്ത്തുന്നതിനോട് കമ്മ്യൂണിസ്റ്റുകാര്‍ക്കു യോജിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

“ചുവപ്പ് ഭീകരത” എന്ന വലതുപക്ഷ പ്രചാരവേലയോട് വര്‍ഗപരമായി തന്നെ സി.പി.ഐ വിയോജിക്കുന്നു. ഇത്തരം ഗൗരവമേറിയ രാഷ്ട്രീയ വിഷയങ്ങളില്‍ തണ്ടര്‍ബോള്‍ട്ട് മേധാവികളുടെ കണ്ടെത്തലുകള്‍ വെള്ളം തൊടാതെ വിഴുങ്ങേണ്ടവരല്ല ഇടതുപക്ഷക്കാരെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.

കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാരിനെ സി.പി.ഐ വീക്ഷിക്കുന്നത് ഇന്ത്യക്ക് വഴികാട്ടിയാകേണ്ട ഇടതുപക്ഷ സര്‍ക്കാരായാണ്. ഇവിടത്തെ പൊലീസ് മധ്യപ്രദേശിലെയോ ഛത്തീസ്ഗഡിലെയോ പോലെയാകരുത്. ഇടതുപക്ഷവും വലതുപക്ഷവും ഒരു പോലെയാണെന്ന ദുഷ്പ്രചാരണത്തിന്റെ മുനയൊടിക്കാന്‍ അതിനു കഴിയണം. അതിനു പ്രാപ്തിയുള്ള നേതാവാണ് ഭരണത്തെ നയിക്കുന്നതെന്ന് സി.പി.ഐ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.


ഇതാണു ഞങ്ങള്‍, സി.പി.ഐ സഖാക്കള്‍ എന്നും പറഞ്ഞത്. അതു കൊണ്ട് ഞങ്ങള്‍ സ്വപ്നജീവികളാകുമെങ്കില്‍ ആ സ്വപ്നത്തെ ഞങ്ങള്‍ എന്നും ഹൃദയത്തോട് ചേര്‍ത്തു പിടിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

നേരത്തെ നിലമ്പൂര്‍ വനത്തില്‍ മാവോയിസ്റ്റുകളെ പൊലീസ് വെടിവെച്ചു കൊന്ന സംഭവത്തില്‍ കടുത്ത നിലപാടുമായി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു.

ഇടത് ഭരണ കാലത്ത് ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് കാനം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ കൊല്ലപ്പെട്ട മാവോയിസ്റ്റ് കുപ്പുദേവരാജിന്റെ മൃതദേഹത്തിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ ബിനോയ് വിശ്വം എത്തിയിരുന്നു.

തുടര്‍ന്നായിരുന്നു മാവോയിസ്റ്റ് വിഷയത്തിലെ സി.പി.ഐ നിലപാടിനെതിരെ വിമര്‍ശനുമായി പി. ജയരാജന്‍ രംഗത്തെത്തിയത്. മാവോയിസം എതിര്‍ക്കപ്പെടേണ്ട ഒന്നാണെന്നും ആകാശത്തിരിക്കുന്ന സ്വപ്നജീവികള്‍ പല പ്രസ്താവനയും നടത്തിയിട്ടുണ്ടെന്നുമായിരുന്നു പി. ജയരാജന്റെ പ്രസ്താവന.