യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പോര്‍ട്ടോയ്‌ക്കെതിരെ തകര്‍പ്പന്‍ വിജയവുമായമാണ് മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കിയത്. എസ്റ്റാഡിയോ സ്‌റ്റേഡിയത്തില്‍ നടന്ന സീസണിലെ ആദ്യ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് സിറ്റിയുടെ വിജയം. സിറ്റിക്ക് വേണ്ടി രണ്ട് ഗോളുകളും നേടിയത് സൂപ്പര്‍ സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാലണ്ടാണ്. 47ാം മിനിട്ടില്‍ ഹെഡ്ഡറിലൂടെയായിരുന്നു ഹാലണ്ട് സിറ്റിക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത്. പുതിയ സൈനിങ്ങായ അര്‍ജന്റൈന്‍ സൂപ്പര്‍ താരം എന്‍സോ ഫെര്‍ണാണ്ടസിന്റെ മികച്ച ക്രോസിലാണ് ഹാലണ്ട് ബോള്‍ വലയിലെത്തിച്ചത്.

മത്സരത്തിന് പിന്നാലെ ഹാലണ്ടിനെക്കുറിച്ചും സിറ്റിയിലെ താരങ്ങള്‍ തന്നെ സ്വീകരിച്ചതിനെക്കുറിച്ചും എന്‍സോ സംസാരിച്ചിരുന്നു. തന്നോട് എല്ലാവരും വളരെ സൗഹാര്‍ദപരമായാണ് പെരുമാറിയതെന്നും പുതിയ അധ്യായം തുടങ്ങുന്നതില്‍ താന്‍ ഏറെ ആവേശത്തിലാണെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല എര്‍ലിങ് ഹാലന്‍ഡ് ഒരു അതിഗംഭീര താരമാണെന്നും ഒരു മികച്ച താരമാണെന്ന് മാത്രമല്ല അദ്ദേഹം വളരെ നല്ലൊരു മനുഷ്യന്‍ കൂടിയാണെന്നും എന്‍സോ പറഞ്ഞു.

‘ഞാന്‍ വാതില്‍ കടന്ന് അകത്തേക്ക് എത്തിയ ഉടന്‍ തന്നെ മാഞ്ചസ്റ്റര്‍ സിറ്റിയിലെ താരങ്ങള്‍ എന്നെ സ്വീകരിച്ചതില്‍ എനിക്ക് ഏറെ സന്തോഷമുണ്ട്. അവര്‍ മികച്ച താരങ്ങള്‍ മാത്രമല്ല, അവര്‍ക്കുള്ള മനുഷ്യത്വപരമായ സമീപനവും എടുത്തുപറയേണ്ടതാണ്.

എന്നോട് എല്ലാവരും വളരെ സൗഹാര്‍ദപരമായാണ് പെരുമാറിയത്. എന്റെ കരിയറിലെ ഈ പുതിയ അധ്യായത്തിലേക്ക് ഞാന്‍ കടക്കുമ്പോള്‍ ആരാധകരും വളരെ മികച്ച രീതിയില്‍ എന്നെ സ്വീകരിച്ചു. ഇവിടെ തുടങ്ങുന്നതില്‍ ഞാന്‍ ഏറെ ആവേശത്തിലാണ്.

എര്‍ലിങ് ഹാലന്‍ഡ് ഒരു അതിഗംഭീര താരമാണ്. അതുകൊണ്ട് അദ്ദേഹം മൈതാനത്തുണ്ടാകുമ്പോഴെല്ലാം ഞാന്‍ അദ്ദേഹത്തെ ലക്ഷ്യമിട്ട് പന്ത് നല്‍കാന്‍ ശ്രമിക്കും. അദ്ദേഹത്തിന് കൂടുതല്‍ അസിസ്റ്റുകള്‍ നല്‍കാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അദ്ദേഹം ഒരു മികച്ച താരമാണെന്ന് മാത്രമല്ല, വളരെ നല്ലൊരു മനുഷ്യന്‍ കൂടിയാണ്,’ എന്‍സോ പറഞ്ഞു.

മത്സരത്തിലെ അവസാന നിമിഷത്തില്‍ (90+1) ഹാലണ്ട് വീണ്ടും എതിരാളിയുടെ വല കുലുക്കി. അള്‍ജീരിയയുടെ റയാന്‍ ഐറ്റ് നൂരി നല്‍കിയ മാന്ത്രിക പാസിലൂടെയായിരുന്നു ഹാലണ്ടിന്റെ സ്‌കോറിങ്.

അതേസമയം ചെല്‍സിയില്‍ നിന്നാണ് അര്‍ജന്റൈ താരം മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് ചേക്കേറിയത്. എന്‍സോ 125 മില്യണ്‍ പൗണ്ട് ട്രാന്‍സ്ഫര്‍ ഫീസിലാണ് അര്‍ജന്റൈന്‍ മധ്യനിര താരം സിറ്റിയിലെത്തിയത്. 2031 വരെ നീളുന്ന അഞ്ച് വര്‍ഷത്തെ കരാറിലാണ് താരം ഒപ്പുവെച്ചത്.

 

Content Highlight: Enzo Fernandez Talking About Manchester City And Erling Haaland