ജോണി ആന്റണി, നിഖില വിമല്‍, മാത്യു തോമസ്, നസ്‌ലന്‍ കെ. ഗഫൂര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുണ്‍ ഡി. ജോസ് സംവിധാനം ചെയ്ത സിനിമയാണ് ജോ ആന്‍ഡ് ജോ.

കൊവിഡ് ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഒരു കുടുംബത്തിന്റെ കഥ പറയുന്ന ചിത്രം ഫാമിലി കോമഡി ഡ്രാമയായാണ് ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന.

ജോ ആന്‍ഡ് ജോയുടെ ലൊക്കേഷനില്‍ നിന്നുള്ള രസകരമായ ഒരു അനുഭവം പങ്കുവെക്കുകയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്ന നിഖില വിമല്‍.

ബിഹൈന്‍ഡ്‌വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

”എനിക്കും നസ്‌ലനും കൂടെ ഒരു സീനുണ്ട്. എനിക്ക് തോന്നുന്നു, ഷൂട്ടിങ്ങ് തുടങ്ങി നാലാമത്തെ ദിവസം മുതല്‍ ഞങ്ങള്‍ ഈ സീന്‍ ഷൂട്ട് ചെയ്യാന്‍ വേണ്ടി പ്ലാന്‍ ചെയ്യുന്നുണ്ട്. എല്ലാ ദിവസവും പ്ലാന്‍ ചെയ്യും.

പക്ഷെ, എന്റെ ഷൂട്ടിങ്ങ് കഴിയുന്നതിന്റെ അവസാന ദിവസത്തിന്റെ രണ്ട് ദിവസം മുന്നെ വരെ ഞങ്ങളാ സീന്‍ ഷൂട്ട് ചെയ്യാന്‍ വേണ്ടി നടന്നു. കാരണം, നമ്മള്‍ എപ്പൊ ഈ സീന്‍ എടുക്കാന്‍ വേണ്ടി പുറത്തിറങ്ങിയാലും ആ ഏരിയയില്‍ മഴ പെയ്യും.

ഒന്നുകില്‍ മഴ പെയ്യും അല്ലെങ്കില്‍ എന്തെങ്കിലുമൊക്കെ തടസങ്ങള്‍ എപ്പോഴുമുണ്ടാകും. ഞങ്ങളുടെ ഷൂട്ടിനിടക്ക് ആ ഭാഗത്ത് എപ്പോഴുമില്ലാത്ത ചെറിയ വെള്ളപ്പൊക്കമൊക്കെ വന്നിരുന്നു.

എപ്പോഴും ഞാനും നസ്‌ലനും കോസ്റ്റിയൂം ചെയ്ത്, ആ സീനിന്റെ ബാക്കിയെടുക്കാമെന്ന് പറഞ്ഞ് അവിടെ എത്തുമ്പോഴേക്കും മഴ പെയ്യും. കോസ്റ്റിയൂമിട്ട് വന്നാല്‍ മഴ പെയ്യും.

അങ്ങനെ ആ സ്ഥലത്തിനെ ഞങ്ങള്‍ ചിറാപുഞ്ചി എന്നാണ് പറയാറ്. ചിറാപുഞ്ചി സീന്‍ എടുക്കുക, എന്ന് പറയും. ലൊക്കേഷനില്‍ ഓര്‍ത്തിരിക്കുന്ന സംഭവം അതാണ്,” നിഖില പറഞ്ഞു.

മേയ് 13നാണ് ജോ ആന്‍ഡ് ജോ തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.

Content Highlight: Nikhila Vimal about Jo and Jo movie location funny memory