കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്ക് ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായ ഗ്ലോബല്‍ വില്ലേജില്‍ സന്ദര്‍ശകരുടെ സൗകര്യവും സുരക്ഷയും മുന്‍നിര്‍ത്തി വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നു.

ബോള്‍ഗാട്ടി ഐലന്‍ഡിലെ നിര്‍ദിഷ്ട ലുലു കണ്‍വെന്‍ഷന്‍ സെന്ററിന്റെ 24 ഏക്കറിലാണ് ഷോപ്പിംഗ് വിസ്മയമായി മാറാന്‍പോകുന്ന ഗ്ലോബല്‍ വില്ലേജ് തുറക്കുന്നത്. ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് ആളുകളെ സ്വാഗതംചെയ്യുന്നതുതന്നെ കേരള ടൂറിസത്തിന്റെ പ്രതീകമായി മാറിയ ഹൗസ് ബോട്ടിന്റെ തനിപ്പകര്‍പ്പായ കവാടമാണ്.[]

ഗ്ലോബല്‍ വില്ലേജ് കാണാന്‍ ടിക്കറ്റെടുക്കുന്നവര്‍ക്ക് ഫോട്ടോ ബാഡ്ജുകളാണ് നല്‍കുന്നത്. മുതിര്‍ന്നവര്‍ക്ക് 50 രൂപയും സ്‌കൂള്‍കുട്ടികള്‍ക്ക് 20 രൂപയുമാണ് പ്രവേശന നിരക്ക്.

ഷോപ്പിംഗ് മേളയിലെ ഓരോ ഭാഗവും അപ്പപ്പോള്‍ വൃത്തിയാക്കുന്നതിനായി സംവിധാനം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. 100 പേരടങ്ങുന്ന സെക്യൂരിറ്റി വിഭാഗവും പൊലീസും ഫയര്‍ഫോഴ്‌സും ഉള്‍പ്പെടുന്ന സര്‍ക്കാര്‍ സംവിധാനവും ഗ്ലോബല്‍ വില്ലേജില്‍ സദാ ജാഗരൂകരായിട്ടുണ്ടാകും.

വികലാംഗരുടെയും മുതിര്‍ന്ന ആളുകളുടെയും സൗകര്യാര്‍ഥം പ്രധാന കവാടത്തിനു സമീപം പ്രത്യേകം റാംപും സജ്ജീകരിച്ചിട്ടുണ്ട്. ഗ്ലോബല്‍ വില്ലേജിലേക്ക് ടൗണില്‍ നിന്ന് പ്രത്യേകം കെഎസ്ആര്‍ടിസി സര്‍വ്വീസുകളും വിവിധ ഫെറികളില്‍ നിന്ന് ബോട്ട് സര്‍വ്വീസുകളും ജില്ലാ ഭരണകൂടം ഏര്‍പ്പാടാക്കും.

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിനു സമീപത്തുനിന്ന് ഗ്ലോബല്‍ വില്ലേജിലെത്താന്‍ പ്രീ പെയ്ഡ് ഓട്ടോ  ടാക്‌സി സംവിധാനങ്ങളുമുണ്ട്. ഗ്ലോബല്‍ വില്ലേജിലേക്ക് സ്വന്തം വാഹനങ്ങളിലെത്തുന്നവരുടെ സൗകര്യാര്‍ഥം 1000 കാറുകള്‍ക്കും അത്രതന്നെ ഇരുചക്രവാഹനങ്ങള്‍ക്കും പാര്‍ക്കു ചെയ്യാനുള്ള സൗകര്യവുമുണ്ട്.

ആറ് പ്രത്യേക വിഭാഗങ്ങളിലായി 400 സ്റ്റാളുകളാണ് ഗ്ലോബല്‍ വില്ലേജില്‍ ഉണ്ടായിരിക്കുക. വ്യത്യസ്ത സംസ്‌കാരങ്ങളും പാരമ്പര്യങ്ങളും ഒത്തുചേരുന്ന വലിയൊരു ഷോപ്പിംഗ് വിനോദ അനുഭവമാണ് ഗ്ലോബല്‍ വില്ലേജില്‍ എത്തുന്നവരെ കാത്തിരിക്കുന്നത്.

ദേശീയവും അന്തര്‍ദേശീയവുമായി വിഭവങ്ങള്‍ രുചിച്ചറിയാന്‍ അവസരമൊരുക്കുന്ന ഫുഡ് പവലിയന്‍ ഒന്നിലധികം തവണ ഗ്ലോബല്‍ വില്ലേജിലെത്താന്‍ പ്രേരിപ്പിക്കുന്നതാണ്. ജലവിനോദങ്ങളും ആകര്‍ഷകങ്ങളായ റൈഡുകളുള്‍പ്പെടുത്തിയ അമ്യൂസ്‌മെന്റ് പാര്‍ക്കും ദിവസവുമുള്ള കലാപരിപാടികളും എല്ലാംചേര്‍ന്ന് ഗ്ലോബല്‍ വില്ലേജിനെ മറ്റൊരു മാമാങ്കമാക്കി മാറ്റും.

22ന് വൈകിട്ട് 5.30ന് മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യുന്ന ഗ്ലോബല്‍ വില്ലേജ് ജനുവരി ഒമ്പതു വരെയാണ് പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര ഭക്ഷ്യപൊതുവിതരണ വകുപ്പ് സഹമന്ത്രി പ്രൊഫ. കെ.വി.തോമസും വ്യവസായ ഐടി വകുപ്പ് മന്ത്രി ശ്രീ പി.കെ. കുഞ്ഞാലിക്കുട്ടിയും ഉള്‍പ്പെടെ മന്ത്രിമാരുടെയും ഉദ്യോഗസ്ഥ പ്രമുഖരുടെയും ജനപ്രതിനിധികളുടെയും വ്യവസായ പ്രമുഖരുടെയും നീണ്ടനിരതന്നെ ഉദ്ഘാടനച്ചടങ്ങിന് സാക്ഷ്യം വഹിക്കാനുണ്ടാകും.

ചലച്ചിത്രതാരങ്ങളും പിന്നണി ഗായകരും നേതൃത്വം നല്‍കുന്ന കലാവിരുന്നും മാജിക് ഷോയും വെടിക്കെട്ടും ഉദ്ഘാടനച്ചടങ്ങിനു മാറ്റുകൂട്ടും. കൂടുതല്‍ വിവരങ്ങള്‍  04444444444 എന്ന ഗെറ്റിറ്റ് നമ്പറില്‍ ലഭ്യമാണ്.