അരോചകം... അസഹനീയം, ഈ പാട്ട് തിയേറ്ററില്‍ ഇറക്കല്ലേ, വാഴ 2ലെ പുതിയ ഗാനത്തെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ
Malayalam Cinema
അരോചകം... അസഹനീയം, ഈ പാട്ട് തിയേറ്ററില്‍ ഇറക്കല്ലേ, വാഴ 2ലെ പുതിയ ഗാനത്തെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ
അമര്‍നാഥ് എം.
Friday, 20th March 2026, 5:40 pm

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ശ്രദ്ധ നേടിയ ഒരുപിടി താരങ്ങളെ അണിനിരത്തി ഒരുക്കിയ ചിത്രമായിരുന്നു വാഴ: എ ബയോപിക് ഓഫ് ബില്യണ്‍ ബോയ്‌സ് . വിപിന്‍ ദാസ് രചിച്ച് ആനന്ദ് മേനോന്‍ സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ മികച്ച വിജയം നേടിയിരുന്നു. രണ്ട് വര്‍ഷത്തിനിപ്പുറം വാഴക്ക് രണ്ടാം ഭാഗമൊരുങ്ങുകയാണ്.

ആദ്യഭാഗത്തില്‍ വെറും കുറച്ച് സീനുകളില്‍ മാത്രം വന്നുപോയ ഹാഷിറും ഗ്യാങ്ങുമാണ് സെക്കന്‍ഡ് പാര്‍ട്ടിലെ പ്രധാന കഥാപാത്രങ്ങള്‍. സവിന്‍ എസ്.എ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പുതിയ ഗാനം കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ഹാഷിറിന്റെ റീലുകളില്‍ ഹിറ്റായ ‘എന്തൊക്കെയാടാ ഈ കൊച്ചുകേരളത്തില്‍ നടക്കുന്നത്’ എന്ന ഡയലോഗ് ഉപയോഗിച്ചാണ് പാട്ട് ഉണ്ടാക്കിയത്.

എന്നാല്‍ ഈ പാട്ടിന് പ്രതീക്ഷിച്ച റെസ്‌പോണ്‍സല്ല ലഭിക്കുന്നത്. റീലിലെ ഡയലോഗ് ഉപയോഗിച്ച് ഉണ്ടാക്കിയ പാട്ടിന് വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഈ പാട്ട് ഒരിക്കലും തിയേറ്ററില്‍ ഇറക്കരുതെന്നാണ് യൂട്യൂബ് വീഡിയോക്ക് താഴെയുള്ള കമന്റുകള്‍. പാട്ട് കേള്‍ക്കുമ്പോള്‍ തന്നെ ബോറഡിയാണെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.

‘ആദ്യം കേള്‍ക്കുമ്പോള്‍ മാത്രമേ കുഴപ്പമുള്ളൂ, പിന്നെ കേള്‍ക്കാന്‍ തോന്നാത്തതുകൊണ്ട് കുഴപ്പമില്ല’, ‘കുറെ ട്രെന്‍ഡ് ഡയലോഗുകള്‍ കുത്തിക്കയറ്റി വെച്ചാല്‍ പാട്ട് നന്നാകില്ല’, ‘മ്യൂസിക് ഇന്‍ഡസ്ട്രിയില്‍ നല്ല വരികള്‍ക്ക് ഇത്രയും ക്ഷാമമോ, അരോചകം’, ‘ഇതാണ് സ്ഥിതിയെങ്കില്‍ ജോര്‍ജുകുട്ടി വാഴക്കുല വെട്ടിക്കൊണ്ട് പോകും’ എന്നിങ്ങനെയാണ് മറ്റ് കമന്റുകള്‍.

മലയാളി മങ്കീസാണ് ഈ ചിത്രത്തിന്റെ സംഗീതം. റാപ്പ് സോങ്ങുകളിലൂടെ ശ്രദ്ധ നേടിയ മലയാളി മങ്കീസ് ഇത്തവണ നിരാശപ്പെടുത്തിയെന്നും പലരും അഭിപ്രായപ്പെടുന്നു. എന്നാല്‍ ചിത്രത്തിലെ ആദ്യഗാനമായ ‘വാനില ചെടിയേ’ക്ക് മികച്ച വരവേല്പായിരുന്നു ലഭിച്ചത്. ചിത്രത്തിന്റെ റിലീസിന് മുമ്പുള്ള അപ്‌ഡേറ്റുകളില്‍ ഇത് മാത്രമാണ് പ്രതീക്ഷക്കൊത്ത് ഉയരാത്തത്.

ഏപ്രില്‍ രണ്ടിനാണ് ചിത്രം തിയേറ്ററുകളിലെത്തുക. മോളിവുഡിലെ സ്‌കൈ ലെവല്‍ ഹൈപ്പില്‍ നില്‍ക്കുന്ന ദൃശ്യം 3ക്കൊപ്പമാണ് വാഴ 2ന്റെ റിലീസ്. ഹാഷിറിനും ടീമിനും പുറമെ വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ബിജുക്കുട്ടന്‍, അല്‍ഫോണ്‍സ് പുത്രന്‍ തുടങ്ങിയവര്‍ക്കൊപ്പം ആദ്യ ഭാഗത്തിലെ ചില താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

Content Highlight: New song in Vaazha 2 movie getting criticisms

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം