ഇറാന്‍ യുദ്ധത്തിനിടെ നെതന്യാഹുവിന്റെ രഹസ്യ യു.എ.ഇ സന്ദര്‍ശനം: മൊസാദും ഐ.ഡി.എഫും കൂടെയുണ്ടായിരുന്നതായി റിപ്പോര്‍ട്ട്
World News
ഇറാന്‍ യുദ്ധത്തിനിടെ നെതന്യാഹുവിന്റെ രഹസ്യ യു.എ.ഇ സന്ദര്‍ശനം: മൊസാദും ഐ.ഡി.എഫും കൂടെയുണ്ടായിരുന്നതായി റിപ്പോര്‍ട്ട്
ആദര്‍ശ് എം.കെ.
Friday, 15th May 2026, 7:13 pm

 

ടെല്‍ അവീവ്: ഇറാനെതിരായ യുദ്ധത്തിനിടയില്‍ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യു.എ.ഇയില്‍ നടത്തിയ അതീവ രഹസ്യ സന്ദര്‍ശനത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത് വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു.

എന്നാല്‍ ഈ സന്ദര്‍ശനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവരുമ്പോള്‍ അത് കൂടുതല്‍ വിവാദങ്ങളിലേക്ക് വഴിമാറുകയാണ്.

നെതന്യാഹുവിനൊപ്പം ഇസ്രഈല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐ.ഡി.എഫ്) ചീഫ് ഓഫ് സ്റ്റാഫ് ലഫ്റ്റനന്റ് ജനറല്‍ ഐയല്‍, മൊസാദ് തലവന്‍, ഷിന്‍ ബെറ്റ് ഡയറക്ടര്‍ എന്നിവരും അബുദാബിയിലെത്തിയിരുന്നതായാണ് ഏറ്റവും പുതിയ വെളിപ്പെടുത്തല്‍.

ഇറാനുമായുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന ഈ സന്ദര്‍ശനം അതീവ രഹസ്യമായാണ് സൂക്ഷിച്ചിരുന്നത്.

രഹസ്യമായി സൂക്ഷിക്കേണ്ട കാര്യങ്ങള്‍ പരസ്യമാക്കാനുള്ള ഇസ്രഈലിന്റെ പ്രവണതയില്‍ യു.എ.ഇ അധികൃതര്‍ കടുത്ത അമര്‍ഷത്തിലാണെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, ഈ സന്ദര്‍ശന വാര്‍ത്തകള്‍ പൂര്‍ണമായും അടിസ്ഥാനരഹിതമാണെന്നാണ് യു.എ.ഇ വിദേശകാര്യ മന്ത്രാലയം പറയുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പരസ്യമായ ‘അബ്രഹാം അക്കോഡ്‌സ്’ കരാറിന്റെ അടിസ്ഥാനത്തിലുള്ളതാണെന്നും രഹസ്യ ഉടമ്പടികള്‍ നിലവിലില്ലെന്നുമാണ് യു.എ.ഇയുടെ ഔദ്യോഗിക നിലപാട്

ഈ സന്ദര്‍ശനം ‘ചരിത്രപരമായ ഒരു വഴിത്തിരിവാണ്’ എന്ന് നെതന്യാഹുവിന്റെ ഓഫീസ് അവകാശപ്പെടുമ്പോഴും, ഇസ്രഈലിന്റെ ഈ വെളിപ്പെടുത്തല്‍ തങ്ങളെ പ്രാദേശികമായി പ്രതിരോധത്തിലാക്കിയതായാണ് യു.എ.ഇ കരുതുന്നത്.

ഇസ്രഈലിന്റെ ഭാഗത്തുനിന്നുണ്ടായ ഈ വെളിപ്പെടുത്തല്‍ യു.എ.ഇയുമായുള്ള ബന്ധത്തില്‍ വലിയ വിള്ളലുകള്‍ക്ക് കാരണമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

അതേസമയം, ഇസ്രഈലിന്റെ യു.എ.ഇ സന്ദര്‍ശനത്തില്‍ ഇറാന്‍ കടുത്ത വിമര്‍ശനമുന്നയിച്ചിട്ടുണ്ട്.

ഇസ്രഈലുമായി സഹകരിക്കുന്നത് ‘പൊറുക്കാനാവാത്ത തെറ്റാണെന്നും’ ഇതിന് കണക്ക് പറയേണ്ടി വരുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇറാന്റെ സുരക്ഷാ ഏജന്‍സികള്‍ ഈ സന്ദര്‍ശനത്തെക്കുറിച്ച് നേരത്തെ തന്നെ വിവരങ്ങള്‍ ശേഖരിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Content Highlight: Netanyahu’s secret visit to UAE during Iran war: Report says Mossad and IDF were with him

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.