ടെല്‍അവീവ്: ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മനുഷ്യ രൂപമുള്ള ചെകുത്താനാണെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡണ്‍. ഇസ്രഈല്‍ ഭരണകൂടത്തിന്റെ ക്രൂരതകളെ വിമര്‍ശിക്കുന്നത് ഒരിക്കലും ജൂത വിരുദ്ധതയായി കാണാന്‍ കഴിയില്ലെന്നും ഹണ്ടര്‍ ബൈഡണ്‍ പറഞ്ഞു.
ടക്കര്‍ കാള്‍സണുമായുള്ള ‘ ദ ടക്കര്‍ കാള്‍സണ്‍ ഷോ’ എന്ന പ്രത്യേക പോഡ്കാസ്റ്റിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഇസ്രഈലിനെ വിമര്‍ശിക്കുന്നവരെ ജൂത വിരുദ്ധരായി മുദ്ര കുത്തുന്നതിനെ അദ്ദേഹം ശക്തമായി അപലപിച്ചു.
‘ നിങ്ങളെ ജൂതവിരുദ്ധനാണെന്ന് മുദ്രകുത്തുന്നത് കൊണ്ട് നിങ്ങളെ വെറുക്കണമെന്നാണ് പലരും കരുതുന്നത്. എന്നാല്‍ നിങ്ങള്‍ ജൂതവിരുദ്ധനല്ലെന്ന് എനിക്കുറപ്പുണ്ട്. അത് പോലെ നെതന്യാഹുവിനെ ചെകുത്താനാണെന്ന് പറയുന്നത് ജൂതവിരുദ്ധതയാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ എനിക്കവരോട് ഒന്നും പറയാനില്ല,’ ബൈഡന്‍ ടക്കര്‍ കാള്‍സണോട് പറഞ്ഞു.
ഗസയിലും ഇസ്രഈലിലും നടക്കുന്ന കാര്യങ്ങള്‍ അറിയാന്‍ ആളുകള്‍ ഒരു നിമിഷത്തേക്കൊന്ന് കണ്ണ് തുറന്ന് നോക്കിയാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. അവിടെ നടക്കുന്ന അനീതികള്‍ കണ്ടില്ലെന്ന് നടിക്കാന്‍ ഇനി ആര്‍ക്കും കഴിയില്ലെന്നും ഇസ്രഈലിനെ വിമര്‍ശിക്കുന്നവരെ ജൂതവിരുദ്ധരായി ലേബല്‍ ചെയ്യുന്ന രീതി വിലപ്പോകില്ലെന്നും ഹണ്ടര്‍ പറഞ്ഞു. ഇദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ ഇതിനോടകം തന്നെ വലിയ രീതിയില്‍ പ്രചരിച്ചിട്ടുണ്ട്. യു.എസ് രാഷ്ട്രീയത്തില്‍ ഇത് വലിയ ചര്‍ച്ചയാകാന്‍ സാധ്യതയുണ്ട്.
Content Highlight: Netanyahu is a devil in human form; anti-Israel sentiment is not antisemitism: Joe Biden’s son
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.