ഇറാനെതിരെ നെതന്യാഹുവിന് വിജയിക്കാനാകില്ല: ഇസ്രഈല്‍ മുന്‍പ്രധാനമന്ത്രി
Iran US Conflict
ഇറാനെതിരെ നെതന്യാഹുവിന് വിജയിക്കാനാകില്ല: ഇസ്രഈല്‍ മുന്‍പ്രധാനമന്ത്രി
അനിത സി
Friday, 27th March 2026, 9:52 pm

ടെല്‍ അവീവ്: സൈനികക്ഷാമം നേരിടുന്ന ഇസ്രഈലിന് ഇറാനെതിരെ വിജയിക്കാനാകില്ലെന്ന മുന്നറിയിപ്പുമായി മുന്‍ ഇസ്രഈല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്.

ഫലസ്തീനും ലെബനനും ഇറാനുമെതിരെ ഇസ്രഈല്‍ നടത്തുന്ന സൈനിക നടപടികളെ വിമര്‍ശിക്കുകയായിരുന്നു ബെന്നറ്റ്. ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് സൈന്യത്തെ ഉപയോഗിക്കാന്‍ അറിയില്ല. ഒരു മേഖലയിലും വിജയിക്കാന്‍ നെതന്യാഹുവിന് സാധിക്കില്ലെന്നും ബെന്നറ്റ് പറഞ്ഞതായി ഇസ്രഈലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തിന്റെ സുരക്ഷയേക്കാള്‍ രാഷ്ട്രീയമായ ആവശ്യങ്ങള്‍ക്കാണ് ഇസ്രഈലിലെ ഇപ്പോഴത്തെ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. സൈന്യത്തിന്റെ കഴിവിനെ തടസപ്പെടുത്തുകയാണ് സര്‍ക്കാര്‍. ബഹുമുഖമായ യുദ്ധത്തില്‍ വിജയിക്കാന്‍ ഈ സൈന്യത്തിന് സാധിക്കില്ലെന്നും ബെന്നറ്റ് ചാനല്‍ 12ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

നിലവില്‍ ഇസ്രഈല്‍ സൈന്യം 20,000 സൈനികരുടെ കുറവ് നേരിടുന്നുണ്ട്. സൈന്യത്തില്‍ കൂടുതല്‍ തീവ്ര ഓര്‍ത്തഡോക്‌സ് ജൂതന്മാരെ നിയോഗിക്കുന്നത് കുറവ് നികത്തിയേക്കും എന്നാല്‍ രാഷ്ട്രീയ കാരണങ്ങള്‍കൊണ്ട് ഈ നീക്കത്തില്‍ നിന്ന് പിന്മാറിയിരിക്കുകയാണ് സര്‍ക്കാരെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഇസ്രഈലിലെ നിലവിലെ ഭരണകൂടത്തിന് ഏത് മേഖലയില്‍ എങ്ങനെ വിജയിക്കണമെന്ന് അറിയില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

നേരത്തെ ഇസ്രഈലി സൈന്യത്തിന് 15,000 സൈനികരുടെ കുറവുണ്ടെന്ന് സൈനിക വക്താവ് എഫി ഡെഫ്രിന്‍ കഴിഞ്ഞദിവസത്തെ സെക്യൂരിറ്റി ക്യാബിനറ്റ് യോഗത്തിന് മുന്നോടിയായി പറഞ്ഞിരുന്നു. യുദ്ധം തുടരുമ്പോള്‍ അതൊരു വലിയ ആശങ്കയ്ക്ക് കാരണമാണെന്നും, ലെബനനില്‍ പ്രതിരോധ ബഫര്‍സോണ്‍ സ്ഥാപിക്കുന്നതിനായി കൂടുതല്‍ സൈനികരെ ആവശ്യമുണ്ടെന്നും ഡെഫ്രിന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

തുടര്‍ന്ന്, നിര്‍ബന്ധിത സൈനിക സേവനം നീട്ടാനൊരുങ്ങുകയാണ് ഇസ്രഈല്‍. നെതന്യാഹു യോഗത്തില്‍ നിര്‍ബന്ധിത സൈനിക സേവനത്തിന്റെ കാലാവധി നീട്ടാനൊരുങ്ങുന്നതായി അറിയിച്ചു. പെസഹ അവധിക്ക് ശേഷം സൈനിക സേവന നിയമങ്ങള്‍ പരിഷ്‌കരിക്കാനാണ് പദ്ധതി. സേവന കാലാവധി വര്‍ധിപ്പിക്കുകയും ചെയ്യും.

പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ സൈന്യം തകരുമെന്ന് ആര്‍മി ചീഫ് ഓഫ് സ്റ്റാഫ് ഇയാല്‍ സമീറും മുന്നറിയിപ്പ് നല്‍കിയിരുന്നു.

Content Highlight: Netanyahu cannot win against Iran: Former Israeli Prime Minister

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.