To match Special Report INDIA/GANDHIന്യൂദല്‍ഹി:നെറ്റ് ന്യൂട്രാലിറ്റി വിവാദം ലോക്‌സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ലോക്‌സഭയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അടിയന്തര പ്രമേയം. കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയാണ് ട്രായ് നെറ്റ് ന്യൂട്രാലിറ്റിക്കെതിരായി നീക്കം നടത്തുന്നതെന്നും രാഹുല്‍ പറഞ്ഞു.പത്ത് ലക്ഷത്തോളം ജനങ്ങള്‍ നെറ്റ് ന്യൂട്രാലിറ്റിക്കായി പോരാടുകയാണെന്നും നെറ്റ്‌ന്യൂട്രാലിറ്റി നില നിര്‍ത്തുന്നതിനായി നിയമം കൊണ്ട് വരണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

ചോദ്യോത്തരവേള നിര്‍ത്തിവെച്ച് അടിയന്തരപ്രമേയം ചര്‍ച്ചചെയ്യണമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആവശ്യം എന്നാല്‍ ചോദ്യോത്തരവേളയ്ക്ക് ശേഷം ചര്‍ച്ചചെയ്യാനാണ് സ്പീക്കര്‍ സുമിത്ര മഹാജന്‍ അനുമതി നല്‍കിയത്.

അതേ സമയം നെറ്റ് ന്യൂട്രാലിറ്റി വിഷയം സര്‍ക്കാര്‍ കാര്യമായിതന്നെ എടുക്കുന്നുണ്ടെന്ന് ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഇന്റര്‍ നെറ്റിലും സോഷ്യല്‍ മീഡിയയിലും യുവാക്കള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ പിന്തുണയുണ്ടെന്നും ഇക്കാര്യത്തില്‍ ട്രായ് നിര്‍ദേശങ്ങള്‍ സ്വീകരിച്ച ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം രാജ്യമൊട്ടാകെ നെറ്റ് ന്യൂട്രാലിറ്റിക്ക് വേണ്ടിയുള്ള കാമ്പയിനുകള്‍ ശക്തമായിരിക്കുകയാണ്. സാധാരണക്കാരില്‍ നിന്നും ഇന്റര്‍നെറ്റ് അകറ്റി നിര്‍ത്തും വിധത്തില്‍ ഇന്റര്‍നെറ്റ് വിതരണത്തില്‍ മാറ്റങ്ങള്‍കൊണ്ടുവരാനും അതിലൂടെ ഉപഭോക്താക്കളുടെ ഇന്റര്‍നെറ്റിലുള്ള സമത്വവും സ്വാതന്ത്ര്യവും ഇല്ലാതാക്കാനുമുള്ള ടെലികോം കമ്പനികളുടെ ശ്രമങ്ങള്‍ക്കെതിരെയാണ് രാജ്യമെമ്പാടുമുള്ള ജനങ്ങള്‍ കൈകോര്‍ക്കുന്നത്.