നിലവില്‍ തമിഴിലെ മികച്ച സംവിധായകരിലൊരാളാണ് നെല്‍സണ്‍. ഡാര്‍ക്ക് കോമഡി സിനിമകള്‍ക്ക് തമിഴില്‍ വലിയൊരു ഫാന്‍ബേസ് സൃഷ്ടിക്കാന്‍ നെല്‍സണ് സാധിച്ചിട്ടുണ്ട്. ആദ്യചിത്രമായ കോലമാവ് കോകില മുതല്‍ തന്നിലെ സംവിധായകന്റെ റേഞ്ച് വ്യക്തമാക്കുന്നവയായിരുന്നു നെല്‍സന്റെ ഓരോ സിനിമകളും. ഏറ്റവും പുതിയ ചിത്രമായ ജയിലര്‍ 2 റിലീസിന് തയാറെടുക്കുകയാണ്.
രജിനികാന്തിനൊപ്പം ഇന്ത്യന്‍ സിനിമയിലെ പല വമ്പന്‍ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഓരോ താരങ്ങളുമായും പ്രവര്‍ത്തിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് സംവിധായകന്‍ നെല്‍സണ്‍. ചിത്രത്തില്‍ പല താരങ്ങളും രജിനിയുമായി ആദ്യമായി സ്‌ക്രീന്‍ ഷെയര്‍ ചെയ്തവരാണെന്നും അതിന്റെ ടെന്‍ഷന്‍ അവര്‍ക്കുണ്ടായിരുന്നെന്നും സംവിധായകന്‍ പറഞ്ഞു.

അതില്‍ മറക്കാനാകാത്ത അനുഭവം വിദ്യാ ബാലനുമായിട്ടാണെന്നും നെല്‍സണ്‍ പറയുന്നു. ആദ്യദിവസം വിദ്യാ ബാലന് നല്ല പേടിയുണ്ടായിരുന്നെന്നും അത് തനിക്ക് ക്യാമറയില്‍ കൃത്യമായി കാണാന്‍ കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രത്യേക ടോക്ക് ഷോയില്‍ സംസാരിക്കുകയായിരുന്നു നെല്‍സണ്‍.
‘വിദ്യാ മാമിന്റെ കാര്യം നോക്കിയാല്‍ ഭയങ്കര തമാശയാണ്. ട്രെയ്‌ലറില്‍ കാണിച്ച ആ സീനാണ് ഫസ്റ്റ് ഡേ ഷൂട്ട് ചെയ്യേണ്ടത്. രജിനി സാറിന്റെ ഓപ്പോസിറ്റ് നില്‍ക്കുന്ന പവര്‍ഫുള്‍ ക്യാരക്ടറാണ് അവരുടേത്. പക്ഷേ, അത്രയും സ്‌ട്രോങ്ങായിട്ടുള്ള ക്യാരക്ടര്‍ ചെയ്യാന്‍ മാമിന് പേടിയാണെന്ന് പറഞ്ഞു. സിഗരറ്റ് വലിച്ച് അതിന്റെ പുക രജിനി സാറിന്റെ മുഖത്തേക്ക് ഊതണമെന്ന് പറഞ്ഞപ്പോള്‍ മാമിന്റെ ടെന്‍ഷന്‍ ഇരട്ടിയായി.

ടേക്ക് എടുക്കുമ്പോള്‍ ഞാന്‍ മോണിറ്ററിലേക്ക് നോക്കി. മാമാണെങ്കില്‍ ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നതുപോലെ സിഗരറ്റ് കൈയിലിട്ട് വിറപ്പിക്കുകയാണ്. ഇത് ശരിയാകില്ലെന്ന് ആ സമയത്ത് ഞാന്‍ ചിന്തിച്ചു. മൂന്നാമത്തെയോ മറ്റോ ടേക്കിലാണ് അത് ഓക്കെയായത്. ഇപ്പോള്‍ നോക്കിയാലും മാമിന്റെ കണ്ണില്‍ ചെറിയ ടെന്‍ഷന്‍ കാണാന്‍ സാധിക്കും,’ നെല്‍സണ്‍ പറയുന്നു.
ആദ്യഭാഗത്തെക്കാള്‍ ഗ്രാന്‍ഡ് ബജറ്റിലാണ് ജയിലര്‍ 2 ഒരുങ്ങുന്നത്. വര്‍മന്റെ സാമ്രാജ്യം ഇല്ലാതാക്കിയ ശേഷം അയാള്‍ക്ക് മുകളിലുള്ളവരെ നേരിടാനിറങ്ങുന്ന മുത്തുവേല്‍ പാണ്ഡ്യന്റെ കഥയാണ് രണ്ടാം ഭാഗത്തിന്റേത്. തിയേറ്ററില്‍ ആരാധകര്‍ക്ക് കൈയടിച്ച് ആഘോഷിക്കാനുള്ള എല്ലാം ചിത്രത്തിലുണ്ടാകുമെന്ന് ട്രെയ്‌ലര്‍ അടിവരയിടുന്നു. ഒക്ടോബര്‍ 15ന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Nelson shares the shooting experience with Vidya Balan in Jailer 2 movie
