നേഹ ബോറക്കെതിരെ അക്രമി മഷിയെറിഞ്ഞത് ജയ് ശ്രീരാം മുഴക്കിയും ദേശദ്രോഹിയെന്ന് വിളിച്ചും; പെല്ലറ്റ് ഗണ്ണിനെ നേരിട്ട തന്നെ ഭയപ്പെടുത്താനാവില്ലെന്ന് നേഹ
India
നേഹ ബോറക്കെതിരെ അക്രമി മഷിയെറിഞ്ഞത് ജയ് ശ്രീരാം മുഴക്കിയും ദേശദ്രോഹിയെന്ന് വിളിച്ചും; പെല്ലറ്റ് ഗണ്ണിനെ നേരിട്ട തന്നെ ഭയപ്പെടുത്താനാവില്ലെന്ന് നേഹ
റെന്വര്‍ പി
Friday, 7th August 2026, 6:05 pm

റാഞ്ചി: ഝാര്‍ഖണ്ഡിലെ റിക്രൂട്ട്‌മെന്റ് പരീക്ഷയിലെ ക്രമക്കേടിനെതിരായ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാനായി റാഞ്ചിയിലെത്തിയ ഐസ നേതാവ് നേഹ ബോറക്കെതിരെ മഷിയെറിഞ്ഞ് ആക്രമണം. നേഹ ബോറ ‘ദേശ വിരുദ്ധ’ ആണ് എന്ന് ആരോപിച്ചാണ് അക്രമി മഷിയെറിഞ്ഞത്. റാഞ്ചി ബിര്‍സ ചൗക്കില്‍ വച്ചായിരുന്നു ആക്രമണം.

തനിക്കെതിരെ മഷിയെറിഞ്ഞയാള്‍ ‘ജയ് ശ്രീരാം’ എന്ന മുദ്രാവാക്യം മുഴക്കിയിരുന്നതായി നേഹ ബോറ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. ഇത്തരം ആക്രമണങ്ങള്‍ കാരണം താന്‍ ഭയപ്പെടില്ലെന്നും അവര്‍ വ്യക്തമാക്കി. ദല്‍ഹിയിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തിനിടെ താന്‍ പെല്ലെറ്റ് ഗണ്ണിനെ അടക്കം നേരിട്ടതാണെന്നും നേഹ ചൂണ്ടിക്കാട്ടി.

‘ദല്‍ഹി പ്രതിഷേധത്തില്‍ പെല്ലറ്റ് ഗണ്ണും ലാത്തിയും നേരിട്ട എന്റെ നേര്‍ക്ക് മഷി എറിഞ്ഞാല്‍ ഞാന്‍ ഭയപ്പെടില്ല,’ നേഹ പറഞ്ഞു. ‘ഞാന്‍ ഈ മഷി അഭിമാനത്തോടെ ധരിക്കും’ എന്ന വാക്കുകളോടെ മഷിയേറേറ്റ തന്റെ ചിത്രം സമൂഹ മാധ്യമമായ എക്‌സില്‍ നേഹ കുറിച്ചു.

തനിക്കും പ്രതിഷേധത്തില്‍ പങ്കെടുത്ത 20ഓള് സ്ത്രീകള്‍ക്കും നേര്‍ക്കാണ് ആര്‍.എസ്.എസ്-ബി.ജെ.പി ഗുണ്ടകള്‍ മഷിയേറ് നടത്തിയെന്ന് നേഹ എക്‌സ് പോസ്റ്റില്‍ കുറിച്ചു. ‘അവര്‍ ഞങ്ങളെ അപമാനിക്കാനാണ് മഷിയെറിഞ്ഞത്. എന്നാല്‍ ഞങ്ങള്‍ അഭിമാനത്തോടെ മഷികൊണ്ട് ചരിത്രം രചിക്കും,’ നേഹയുടെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നു.

വിദ്യാര്‍ത്ഥി പ്രതിഷേധത്തിന്റെ ഭാഗമായി ഝാര്‍ഖണ്ട് നിയമസഭയിലേക്കുള്ള മാര്‍ച്ചിനിടെയായിരുന്നു നേഹ ബോറക്കെതിരായ അതിക്രമമുണ്ടായത്. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ മാര്‍ച്ചില്‍ പങ്കെടുക്കാനായി ബിര്‍സ ചൗക്കിലെത്തിയിരുന്നു. ഇതിനിടെയാണ് അക്രമി നേഹക്ക് നേരെ മഷിയെറഞ്ഞത്.

ഐസ, എസ്.എഫ്.ഐ, എ.ഐ.എസ്.എഫ്, ഝാര്‍ഘണ്ഡ് ജനാധികാര്‍ മഹാസഭ തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തകരും ചില ആദിവാസി സംഘടനകളുടെ പ്രവര്‍ത്തകരും വനിതാ ആക്ടിവിസ്റ്റുകളുമാണ് മാര്‍ച്ചില്‍ പങ്കെടുത്തതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തങ്ങളുടെ മാര്‍ച്ചിന് നേര്‍ക്ക് അജ്ഞാതരായ ചിലര്‍ വരികയും വനിതാ പ്രതിഷേധക്കാര്‍ക്ക് നേരെ മഷി എറിയുകയുമായിരുന്നെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സ്ത്രീകളായ പ്രതിഷേധക്കാരെ ലക്ഷ്യമിട്ടാണ് അവര്‍ മഷിയെറിഞ്ഞതെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിദ്യാര്‍ത്ഥി മുന്നേറ്റം വിജയിക്കരുതെന്ന് കരുതുന്ന ചില സാമൂഹ്യ വിരുദ്ധരാണ് പ്രതിഷേധത്തിന് നേര്‍ക്ക് അതിക്രമം നടത്തിയതെന്ന് ഒരു വിദ്യാര്‍ത്ഥിനി പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. അവര്‍ രാഷ്ട്രീയം കളിക്കുകയാണ്. അവര്‍ ആരാണെന്ന് തങ്ങള്‍ക്ക് കൃത്യമായി അറിയാമെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞു.

അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നേഹ ബോറ ഉമര്‍ ഖാലിദിനെ പിന്തുണക്കുന്നയാളാണെന്നും നേഹ ബോറ ദേശ വിരുദ്ധയാണെന്നും അക്രമി മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞിരുന്നു. ബി.ജെ.പിയുടെ ഗുണ്ടയാണ് അതിക്രമം നടത്തിയതെന്ന് വിദ്യാര്‍ത്ഥികളില്‍ ചിലരും പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച അടക്കമുള്ള വിഷയങ്ങളില്‍ ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ദല്‍ഹി ജന്ദര്‍ മന്ദറില്‍ സി.ജെ.പി ആരംഭിച്ച പ്രതിഷേധത്തില്‍ സജീവ പങ്കാളിയായിരുന്നു നേഹ ബോറ. ജന്തര്‍ മന്തറില്‍ നേഹ നിരാഹാര സമരത്തിലിരിക്കുകയും ചെയ്തിരുന്നു. റാഞ്ചിയിലെ സമരത്തിലും നേഹ സജീവമായി പങ്കെടുക്കുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവാക്കളും സമരത്തില്‍ പ്രതിഷേധത്തില്‍ പങ്കെടുക്കാനായി റാഞ്ചിയിലെത്തിയിട്ടുണ്ട്.

Content Highlight: Neha Bora targeted by ink attacker during Jharkhand protest

റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.