ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണത്തെ തുടര്‍ന്ന് ആരോപണവിധേയനായ ഇടുക്കി എസ്.പി കെ.ബി വേണുഗോപാലിനെ സ്ഥലം മാറ്റി. ഭീകരവിരുദ്ധ സ്‌ക്വാഡ് എസ്.പിയായാണ് സ്ഥലം മാറ്റം.

മലപ്പുറം എസ്.പിയായ ടി. നാരായണനെ ഇടുക്കി എസ്.പിയായി നിയമിച്ചു. കെ.ബി വേണുഗോപാലിനെതിരെ വ്യാപകമായി ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് നടപടി.

നെടുങ്കണ്ടം കസ്റ്റഡിമരണത്തില്‍ എസ്.പിയുടെ ഇടപെടല്‍ ഉണ്ടായെന്നും എസ്.പി എല്ലാ സംഭവങ്ങളും അറിഞ്ഞിരുന്നതായും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

കസ്റ്റഡിമരണ കേസില്‍ പ്രതികളായ എസ്.ഐയെയും സിവില്‍ പൊലീസ് ഓഫീസറെയും ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. നെടുങ്കണ്ടം എസ്.ഐ ആയിരുന്ന കെ.എ സാബു, സിവില്‍ പൊലീസ് ഓഫീസര്‍ സജിമോന്‍ ആന്റണി എന്നിവരെയാണ് കൊലക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

കേസിലെ ഒന്നും നാലും പ്രതികളാണ് ഇവര്‍. കസ്റ്റഡിമരണക്കേസില്‍ ആകെ നാല് പ്രതികളാണ്. രണ്ടും മൂന്നും പ്രതികളായ പൊലീസുകാര്‍ ഒളിവിലാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.